Wednesday, 22 January 2025

നിത്യത പുൽകി ഫാ. വിൽസൺ യാത്രയായി; വിശുദ്ധ ജീവിതം നയിച്ച പുരോഹിതനെന്ന് മാർ സ്രാമ്പിക്കൽ; കണ്ണീരോടെ വിട നൽകി അജഗണങ്ങൾ 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 

കെറ്ററിംഗ്‌: അപ്രതീക്ഷിതമായി തങ്ങളിൽനിന്ന് വേർപിരിഞ്ഞു സ്വർഗ്ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ ഇടയൻ ഫാ. വിൽസൺ കൊറ്റത്തിലിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി യുകെയിലെ വിശ്വാസസമൂഹം. ഇന്നലെ ഉച്ചകഴിഞ്ഞ് നാല് മുപ്പതിന് അദ്ദേഹം സേവനം ചെയ്തിരുന്ന കെറ്ററിംഗ്‌ സെൻ്റ്  എഡ്‌വേർഡ് ദൈവാലയത്തിൽ അദ്ദേഹത്തിൻറെ ഭൗതികശരീരം കൊണ്ടുവരികയും തുടർന്ന് നടന്ന ദിവ്യബലിക്കും അന്തിമോപചാരം  പ്രാർത്ഥനയ്ക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കുകയും ചെയ്തു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികർ, സിസ്റ്റേഴ്സ്, കെറ്ററിംഗ്‌ വിശ്വാസസമൂഹം, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിശ്വാസിപ്രതിനിധികൾ തുടങ്ങി ദൈവാലയം നിറഞ്ഞുകവിഞ്ഞ് വിശ്വാസികൾ ചടങ്ങുകൾക്ക് സാക്ഷികളായി. 

വിശുദ്ധ ജീവിതം നയിച്ചിരുന്ന അനുപമമായ വ്യക്തിത്വമായിരുന്നു ഫാ. വിൽസന്റെത് എന്ന് ദിവ്യബലിമധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു. വി. കൊച്ചുത്രേസ്യായെപ്പോലെ, സ്വർഗീയ മലർ വാടിയിൽ ഇരുന്നുകൊണ്ട് അദ്ദേഹം നമുക്കുവേണ്ടി ഇപ്പോൾ പ്രാര്ഥിക്കുകയാണെന്നും റോസാപ്പൂക്കളാൽ അലംകൃതമായ അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമപേടകത്തെ വിശേഷിപ്പിച്ചു മാർ സ്രാമ്പിക്കൽ പറഞ്ഞു. ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും ഹൃദയത്തിൽ എളിമയും പെരുമാറ്റത്തിൽ സ്നേഹസാമീപ്യവും അദ്ദേഹം സൂക്ഷിച്ചു. ഇപ്പോഴും ഹൃദയത്തിൽ സമാധാനം കൊണ്ടുനടന്നിരുന്ന അദ്ദേഹം ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റിയെന്നും ഓരോ ശുശ്രുഷയിലും യജമാനനായ ഈശോയുടെ ഹിതമാണ് അന്വേഷിച്ചതെന്നും മാർ സ്രാമ്പിക്കൽ അനുസ്മരിച്ചു. 

വി. കുർബാനയുടെ സമാപനത്തിൽ, വിൽസൺ അച്ചന്റെ ബന്ധുക്കളുടെയും വിശ്വാസികളുടെയും പ്രതിനിധികൾ അദ്ദേഹത്തെ അനുസ്‌മരിച്ചു സംസാരിച്ചു. തുടർന്ന്, വൈദികരുടെ മൃതസംസ്കാരശുശ്രുഷകളിൽ നടത്തുന്ന അത്യന്തം ഹൃദയസ്പർശിയായ 'ദേവാലയത്തോട് വിട ചൊല്ലുന്ന' പ്രാർത്ഥനാശുശ്രുഷകൾ നടന്നു. ഫാ. വിൽസൺൻറെ ഭൗതികശരീരം ഉൾക്കൊള്ളുന്ന പേടകം അൾത്താരയിലും ദേവാലയത്തിന്റെ മൂന്നു വശങ്ങളിലും സ്പർശിച്ചു വിടചൊല്ലുന്ന ഈ കർമ്മത്തിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ബഹു. വൈദികരാണ് പേടകം വഹിച്ചത്. തുടർന്ന് വൈദികരും പിന്നീട് അല്മായരും പേടകത്തിന് സമീപമെത്തി ആദരമർപ്പിച്ചു അന്ത്യയാത്രചൊല്ലി പിരിഞ്ഞു. 

ബഹു. വിൽസൺ അച്ചന് ഇന്ന് രാവിലെ പത്തു മണിക്ക് നോർത്താംപ്ടൺ രൂപത ദിവ്യബലിയോടെ അന്തിമോപചാരമർപ്പിക്കും. തുടർന്ന് നാട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹം ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഉച്ചയ്ക്ക് 12: 00 മണിക്ക് ആറുമാനൂർ  കൊറ്റത്തിൽ ഭവനത്തിലും എത്തിച്ചേരും. തുടർന്ന് പൊതുദർശനത്തിനു അവരസരമുണ്ടായിരിക്കും. തിങ്കളാഴ്ച രാവിലെ ആറു മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന പ്രാർത്ഥനാശുശ്രുഷകൾക്ക്, ആറുമാനുർ മംഗളവാർത്തപള്ളി വികാരി റെവ. ഫാ. അലക്സ് പാലമറ്റം നേതൃത്വം നൽകും. 6: 30 ന്  ആറുമാനുർ മംഗളവാർത്തപള്ളിയിൽ നടക്കുന്ന ദിവ്യബലിക്ക്  കൊറ്റത്തിൽ കുടുംബത്തിലെ ബഹു. വൈദികർ നേതൃത്വം നൽകും. 

തുടർന്ന്, ഭൗതികശരീരം, ഫാ. വിൽസൺ അംഗമായിരുന്ന ഏറ്റുമാനൂർ MSFS സെമിനാരിയിലേക്കു കൊണ്ടുപോകും. 11: 00 മണിക്ക് നടക്കുന്ന മൃതസംസ്കാര ശുശ്രുഷകൾക്ക് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുംതോട്ടം മുഖ്യകാർമ്മികത്വം വഹിക്കുകയും അനുശോചനസന്ദേശം നൽകുകയും ചെയ്യും. യുകെയിൽ ഫാ. വിൽസൺ നടത്തിയ ശ്രെഷ്ഠമായ അജപാലനപ്രവർത്തനങ്ങളെ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നന്ദിയോടെ ഓർക്കുകയും അദ്ദേഹത്തിൻ്റെ പാവനാത്മാവിന്  നിത്യശാന്തി നേരുകയും ചെയ്യുന്നു. 

 

--

Other News