Thursday, 26 December 2024

പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. പുതിയ പ്രധാനമന്ത്രിയെ അടുത്തയാഴ്ച തിരഞ്ഞെടുക്കും

പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. പുതിയ പ്രധാനമന്ത്രിയെ അടുത്തയാഴ്ച തിരഞ്ഞെടുക്കും. അധികാരമേറ്റ് 45 ദിവസങ്ങൾ മാത്രം പിന്നിട്ട ലിസ്ട്രസിൻ്റെ മന്ത്രിസഭ മിനി ബഡ്ജറ്റിനെ തുടർന്നുള്ള സാമ്പത്തിക അനിശ്ചിതത്വം മൂലമുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാൽ കടുത്ത പ്രതിസന്ധിയിലായിരുന്നു. ചാൻസലർ ക്വാസി കാർട്ടെംഗിനെ സ്ഥാനത്ത് നീക്കിയ ലിസ് ട്രസിൻ്റെ മന്ത്രിസഭയിൽ നിന്ന് ഹോം സെക്രട്ടറി സുവല്ല ബ്രേവർമാൻ ഇന്നലെ രാജി വച്ചിരുന്നു. മുന്നോട്ട് വച്ച വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തതിനാൽ രാജി വയ്ക്കുകയാണെന്ന് ലിസ് ട്രസ് ഇന്ന് ഉച്ചയ്ക്ക് ഡൗണിംഗ് സ്ട്രീറ്റിൽ പ്രഖ്യാപിച്ചു. ഇക്കാര്യം കിംഗ് ചാൾസിനെ പ്രധാനമന്ത്രി അറിയിച്ചു. കൺസർവേറ്റീവ് പാർട്ടി ലീഡർ സ്ഥാനവും ലിസ് ട്രസ് ഒഴിഞ്ഞു. ബ്രിട്ടൻ്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയായി ലിസ് ട്രസ് മാറി.

കൺസർവേറ്റീവ് പാർട്ടിയിലെ 15 എം.പിമാർ ലിസ് ട്രസ് രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ രാജിവച്ച ഹോം സെക്രട്ടറി സുവല്ല ബ്രേവർമാനും പ്രധാനമന്ത്രിയുടെ നയപരിപാടികളിലെ വ്യതിയാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ തെരേസ കോഫി ഇന്ന് രാവിലെ പ്രധാനമന്ത്രിയെ കണ്ടിരുന്നു. 1922 കമ്മിറ്റിയുടെ ചെയർമാൻ സർ ഗ്രഹാം ബ്രേഡിയും പ്രധാനമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തി. തുടർന്ന് പ്രധാനമന്ത്രി രാജി പ്രഖ്യാപിക്കുകയായിരുന്നു. പുതിയ കൺസർവേറ്റീവ് പാർട്ടി ലീഡറെ അടുത്ത വെള്ളിയാഴ്ചയോടെ തെരഞ്ഞെടുക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാനില്ലെന്ന് ചാൻസലർ ജെറമി ഹണ്ട് വ്യക്തമാക്കി. ഇന്ത്യൻ വംശജനായ മുൻ ചാൻസലർ റിഷി സുനാക്ക് പ്രധാനമന്ത്രി പദവിയിലേയ്ക്ക് എത്തുമെന്നാണ് സൂചന. എന്നാൽ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണെ തിരിക്കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. ഹൗസ് ഓഫ് കോമൺസ് ലീഡർ പെന്നി മോർഡൻ്റിനും സാധ്യത കല്‌പിക്കുന്നുണ്ട്. കൺസർവേറ്റീവ് പാർട്ടി എം.പിമാർ ഒറ്റക്കെട്ടായി ഒരു സ്ഥാനാർത്ഥിയെ നിർദ്ദേശിച്ചാൽ തെരഞ്ഞെടുപ്പ് വേഗത്തിൽ പൂർത്തിയാകും. അല്ലാത്തപക്ഷം കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ വോട്ടിംഗും കൂടി പരിഗണിച്ചാവും പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതെന്ന് പാർട്ടിയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സർ ഗ്രഹാം ബ്രേഡി പറഞ്ഞു.

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ലേബർ പാർട്ടി ലീഡർ സർ കെയ്ർ സ്റ്റാമർ ആവശ്യപ്പെട്ടു. കൺസർവേറ്റീവ് പാർട്ടിയ്ക്ക് രാജ്യം ഭരിക്കാനുള്ള ധാർമ്മിക അവകാശം നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ജനാധിപത്യാവകാശം വിനിയോഗിക്കാനുള്ള അവസരം ഒരുക്കണമെന്നും പുതിയ ഗവൺമെൻ്റ് രാജ്യത്ത് അധികാരത്തിലെത്താൻ വഴിയൊരുക്കണമെന്നും സ്റ്റാമർ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി ലിസ് ട്രസിൻ്റെ രാജിയെത്തുടർന്ന് പൗണ്ടിൻ്റെ വിനിമയ നിരക്ക് ഉയർന്നു. ഒരു പൗണ്ടിന് 1.13 യുഎസ് ഡോളർ എന്ന നിലയിലേയ്ക്കാണ് വർദ്ധന ഉണ്ടായത്. ലണ്ടൻ സ്റ്റോക്ക് മാർക്കറ്റിലും ഷെയർ വിലയിൽ ഉയർച്ച രേഖപ്പെടുത്തി.

Other News