പ്രധാനമന്ത്രി പദത്തിനായി മത്സരിക്കണമെങ്കിൽ 100 എം പിമാരുടെ പിന്തുണ വേണമെന്ന് 1922 കമ്മിറ്റി
ലിസ് ട്രസിനു പകരം പ്രധാനമന്ത്രി പദത്തിനായി മത്സരിക്കണമെങ്കിൽ 100 എം പിമാരുടെ പിന്തുണ വേണമെന്ന് 1922 കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റി ചെയർമാൻ സർ ഗ്രഹാം ബ്രേഡിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്ത് വരാതിരിക്കാനും തെരഞ്ഞെടുപ്പ് പെട്ടെന്ന് പൂർത്തിയാക്കാനുമാണ് പുതിയ മാറ്റം കൊണ്ടുവന്നത്. ഇതുമൂലം മൂന്നു സ്ഥാനാർത്ഥികളിൽ കൂടുതൽ മത്സര രംഗത്ത് ഉണ്ടാവില്ല.
കഴിഞ്ഞ ലീഡർഷിപ്പ് ഇലക്ഷനിൽ റിഷി സുനാക്ക് 137 എംപിമാരുടെ പിന്തുണ നേടിയിരുന്നു. ലിസ് ട്രസിന് 113 ഉം പെന്നി മോർഡൻറിന് 105 എം.പിമാർ പിന്താങ്ങി. എന്നാൽ കൺസർവേറ്റീവ് പാർട്ടിയംഗങ്ങൾക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ലിസ് ട്രസ് വിജയിക്കുകയായിരുന്നു. ലീഡർഷിപ്പ് തിരഞ്ഞെടുപ്പിലേയ്ക്ക് ഇന്നലെ മുതൽ നോമിനേഷൻ ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ നോമിനേഷൻ സമർപ്പിക്കാൻ സമയമുണ്ട്. പുതിയ ലീഡറെ അടുത്തയാഴ്ച അവസാനത്തോടെ തെരഞ്ഞെടുക്കും.
ഫൈനൽ ടുവിൽ വരുന്ന കാൻഡിഡേറ്റുകൾ ടിവി ഡിബേറ്റിൽ പങ്കെടുക്കും. അതിനു ശേഷം പാർട്ടി മെമ്പർമാർ ഓൺ ലൈൻ വോട്ടിലൂടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കും. എന്നാൽ ഒരു സ്ഥാനാർത്ഥി മാത്രമേ നോമിനേഷൻ സമർപ്പിച്ചിട്ടുള്ളെങ്കിൽ തിങ്കളാഴ്ച പുതിയ നേതാവിനെ പ്രഖ്യാപിക്കും.