Monday, 23 December 2024

റിഷി സുനാക്കിന് സാജിദ് ജാവേദിൻ്റെയും ഡൊമനിക് റാബിൻ്റെയും പിന്തുണ. ബോറിസും മത്സരത്തിന് തയ്യാറെടുക്കുന്നു.

കൺസർവേറ്റീവ് പാർട്ടിയുടെ ലീഡർഷിപ്പ് ഇലക്ഷനിൽ സ്ഥാനാർത്ഥികളുടെ ചിത്രം കൂടുതൽ വ്യക്തമായി തുടങ്ങി. റിഷി സുനാക്കിന്  സാജിദ് ജാവേദും ഡൊമനിക് റാബും പിന്തുണ പ്രഖ്യാപിച്ചു. റിഷിക്ക് ഇതുവരെ 100 ഓളം എം പിമാരുടെ പരസ്യ പിന്തുണ ലഭിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മത്സരത്തിന് തയ്യാറെടുക്കുന്നതായാണ് സൂചന. കരീബിയനിൽ ഹോളിഡേയിലായിരുന്ന ബോറിസ് ഹോളിഡേയാഘോഷം മതിയാക്കി യുകെയിലേയ്ക്ക് മടങ്ങി. ബോറിസിന് നിലവിലെ ക്യാബിനറ്റ് മിനിസ്റ്റർമാരായ ബെൻ വാലസ്, സൈമൺ ക്ളാർക്ക്, ജേക്കബ് റീസ് മോഗ്, അലോക് ശർമ്മ, ആൻമാരി ട്രെവ്ലാൻ എന്നിവരുടെ സപ്പോർട്ടുണ്ട്. മുൻ ഹോം സെക്രട്ടറി പ്രിതി പട്ടേൽ ബോറിസ് ക്യാമ്പിലാണെന്നാണ് സൂചന.

പെന്നി മോർഡൻ്റ് കൺസർവേറ്റീവ് ലീഡർ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ റിഷി സുനാക്കും  ബോറിസ് ജോൺസണും സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടില്ല. ബ്രിട്ടീഷ്  പ്രധാനമന്ത്രി പദത്തിനായി മത്സരിക്കണമെങ്കിൽ 100 എം പിമാരുടെ പിന്തുണ സ്ഥാനാർത്ഥി കരസ്ഥമാക്കണമെന്ന്  കൺസർവേറ്റീവ് പാർട്ടിയുടെ 1922 കമ്മിറ്റി തീരുമാനിച്ചിരുന്നു. കമ്മിറ്റി ചെയർ സർ ഗ്രഹാം ബ്രേഡിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്ത് വരാതിരിക്കാനും തെരഞ്ഞെടുപ്പ് പെട്ടെന്ന് പൂർത്തിയാക്കാനുമാണ് പുതിയ മാറ്റം കൊണ്ടുവന്നത്. ഇതുമൂലം മൂന്നു സ്ഥാനാർത്ഥികളിൽ കൂടുതൽ മത്സര രംഗത്ത് ഉണ്ടാവില്ല. 

Other News