Wednesday, 22 January 2025

റിഷി സുനാക്കിന് 730 മില്യൺ പൗണ്ടിൻ്റെ സ്വത്ത്. പ്രധാനമന്ത്രി പദത്തിലെത്തിയാൽ നമ്പർ 10  ഡൗണിംഗ് സ്ട്രീറ്റ് ബക്കിംഗാം പാലസിനേക്കാൾ സമ്പന്നമാകും

കൺസർവേറ്റീവ് പാർട്ടിയുടെ ലീഡർഷിപ്പ് ഇലക്ഷൻ പുരോഗമിക്കുമ്പോൾ ബ്രിട്ടണിലെ മാധ്യമങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി റിഷി സുനാക്ക്  മാറിക്കഴിഞ്ഞു. കഴിഞ്ഞ ലീഡർഷിപ്പ് ഇലക്ഷനിൽ കൂടുതൽ എം.പിമാരുടെ പിന്തുണ നേടിയ സ്ഥാനാർത്ഥി എന്ന നിലയിലും കോവിഡ് കാലത്ത് ബ്രിട്ടനെ നയിച്ച ചാൻസലർ എന്ന ഖ്യാതിയും റിഷിയ്ക്കുണ്ട്. ലിസ് ട്രസ്  സ്വന്തമായി തട്ടിക്കൂട്ടിയ സാമ്പത്തിക നയത്തെ പുതിയ ചാൻസലർ ജെറമി ഹണ്ട് ചവറ്റുകുട്ടയിലിട്ട ശേഷം പകരം മുന്നോട്ട് വച്ചത് റിഷി സുനാക്കിൻ്റെ നയപരിപാടികളായിരുന്നു.

റിഷി സുനാക്കിൻ്റെ സമ്പത്തിൻ്റെ കാര്യത്തിലാണ് ബ്രിട്ടണിലെ മാദ്ധ്യമങ്ങൾക്ക് ഇപ്പോൾ പ്രധാന ശ്രദ്ധ. ഇത്രയും ധനികനായ ഒരാൾ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനു യോജിച്ചവനാണോയെന്ന ചർച്ചയും മാധ്യമങ്ങൾ സജീവമാക്കുന്നുണ്ട്. ഗാർഡിയൻ ന്യൂസ് പ്രസിദ്ധീകരിച്ച സ്പെഷ്യൽ ന്യൂസ് പ്രകാരം റിഷി സുനാക്കിനും ഭാര്യ അക്ഷതാ മൂർത്തിയ്ക്കും കൂടി 730 മില്യൺ പൗണ്ടിൻ്റെ സ്വത്തുണ്ട്. എന്നാൽ കിംഗ് ചാൾസിനും കിംഗ് കൺസോർട്ട് കമില്ലയ്ക്കും കൂടി 350 മില്യൺ പൗണ്ട് സ്വത്ത് മാത്രമേയുള്ളൂ. അതായത് റിഷി സുനാക്ക് പ്രധാനമന്ത്രി പദത്തിലെത്തിയാൽ നമ്പർ 10  ഡൗണിംഗ് സ്ട്രീറ്റ് ബക്കിംഗാം പാലസിനേക്കാൾ സമ്പന്നമാകും.

സൺഡേ ടൈംസ് തയ്യാറാക്കിയ യുകെയിലെ അതിസമ്പന്നന്മാരുടെ ലിസ്റ്റിൽ ഇടം പിടിച്ച മുൻനിര രാഷ്ടീയ നേതാക്കളിലെ ആദ്യയാളായി റിഷി സുനാക്ക് മാറിയിരുന്നു. റിഷിക്ക് നാലു ഔദ്യോഗിക വസതികളുണ്ട്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഈ വീടുകളുടെ മൂല്യം 15 മില്യൺ പൗണ്ടാണ്. വെസ്റ്റ് ലണ്ടനിലെ കെൻസിംഗ്ടണിലുള്ള അഞ്ച് ബെഡ് റൂം വീടിൻ്റെ വില ഏഴ് മില്യൺ പൗണ്ടാണ്. സുനാക്കും ഭാര്യയും കുട്ടികളായ ക്രിഷ്ണയും അനുഷ്കയും വീക്ക് ഡേകളിൽ കൂടുതൽ സമയം ചിലവഴിക്കുന്നതും ഇവിടെയാണ്.

എന്നാൽ വീക്കെൻഡിൽ നോർത്ത് യോർക്ക് ഷയറിലുള്ള റിച്ച്മണ്ട് കോൺസ്റ്റിറ്റ്യുവൻസിയിലുള്ള ഗ്രേഡ് II ലിസ്റ്റഡ് വീട്ടിൽ റിഷിയും കുടുംബവും എത്തും. ഇവിടെ നിന്നുള്ള എം.പിയായ റിഷി 2015 ൽ തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് 1.5 മില്യൺ പൗണ്ടിനാണ് ഈ വീട് വാങ്ങിയത്. ഇതിനിപ്പോൾ 2 മില്യൺ പൗണ്ടിലേറെ വിലയുണ്ട്. 400,000 പൗണ്ടിൻ്റെ ഇൻഡോർ സ്വിമ്മിംഗ് പൂൾ, ജിം, യോഗാ സ്റ്റുഡിയോ, ഹോട്ട് ടബ്, ടെന്നീസ് കോർട്ട് എന്നിവയും പുതിയതായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

15 മീറ്റർ നീളവും 5 മീറ്റർ വീതിയുള്ള പൂളിലെ വാട്ടർ ഹീറ്റിംഗിനായി വർഷം 14,000 പൗണ്ടിലേറെ ചിലവു വരും. ഇത്രയും സമ്പത്തുള്ള ഒരാൾ പ്രധാനമന്ത്രിയായാൽ സാധാരണക്കാരായ വോട്ടർമാരുടെ ദൈനംദിന പ്രശ്നങ്ങൾ മനസിലാക്കാൻ പറ്റുമോയെന്നാണ് മാധ്യമങ്ങൾ ചോദ്യമുയർത്തുന്നത്. റിഷിയുടെ സമ്പത്തിൽ ഭൂരിഭാഗവും ഭാര്യയുടെ വിഹിതമാണ്. ഭാര്യ അക്ഷത മൂർത്തി ഇന്ത്യൻ സോഫ്റ്റ് വെയർ ബില്യണയറായ ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തിയുടെ മകളാണ്.

Crystal Media UK Youtube channel 

Other News