Monday, 23 December 2024

റിഷി സുനാക്ക് പ്രധാനമന്ത്രി പദത്തിനായി മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ 136 എം.പിമാരുടെ പിന്തുണ

റിഷി സുനാക്ക് പ്രധാനമന്ത്രി പദത്തിനായി മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഇക്കോണമിയിൽ സ്ഥിരത കൈവരുത്താനും പാർട്ടിയെ ഒരുമിപ്പിക്കാനും രാജ്യത്തെ മുന്നോട്ട് നയിയ്ക്കാനും താൻ പ്രതിജ്ഞാബദ്ധനാണെന്ന് റിഷി സുനാക്ക് പറഞ്ഞു. നിലവിൽ 136 എം.പിമാരുടെ പിന്തുണ അദ്ദേഹത്തിനുള്ളതായാണ് സൂചന. ഇന്ത്യൻ വംശജനായ റിഷി സുനാക്ക് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ചാൻസലറായിരുന്നു. കോവിഡിൻ്റെയും ലോക്ക് ഡൗണിൻ്റെയും സമയത്ത് ബ്രിട്ടിഷ് ട്രഷറിയുടെ കാവൽക്കാരനായിരുന്നു സാമ്പത്തിക വിദഗ്ദനായ റിഷി സുനാക്ക്. നോർത്ത് യോർക്ക് ഷയറിലെ റിച്ച്മണ്ട് പാർലമെൻ്റ് മണ്ഡലത്തെയാണ് 2015 മുതൽ അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ഈ സമ്മറിൽ നടന്ന കൺസർവേറ്റീവ് പാർട്ടി ലീഡർഷിപ്പ് ഇലക്ഷനിൽ അദ്ദേഹം ലിസ് ട്രസിനോട് പരാജയപ്പെട്ടിരുന്നു. കൂടുതൽ എം പിമാരുടെ പിന്തുണ റിഷി സുനാക്കിനായിരുന്നെങ്കിലും കൺസർവേറ്റീവ് പാർട്ടി മെമ്പർമാരുടെ ഇടയിൽ നടന്ന വോട്ടിംഗിൽ അദ്ദേഹത്തിന് വിജയിക്കാനായില്ല.

Crystal Media UK Youtube channel 

മുൻ ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദൂം മുൻ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ ഡൊമനിക് റാബും നേരത്തെ റിഷി സുനാക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറി ക്ളോയി സ്മിത്ത് ഇന്ന് റിഷിക്ക് പിന്തുണ അറിയിച്ചു. കൂടുതൽ ക്യാബിനറ്റ് മിനിസ്റ്റർമാർ റിഷി സുനാക്ക് ക്യാമ്പിലേയ്ക്ക് എത്തുന്നതായാണ് സൂചന. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് ബിസിനസ് സെക്രട്ടറി ജേക്കബ് റീസ് മോഗ് സൂചിപ്പിച്ചു. ബോറിസിന് 56 എം പിമാരുടെയും പെന്നി മോർഡൻ്റിന് 23 എം.പിമാരുടെയും പിന്തുണ നേടാൻ ഇതുവരെ കഴിഞ്ഞതായാണ് അനുമാനിക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ലീഡർഷിപ്പ് ഇലക്ഷനുള്ള നോമിനേഷൻ സമയം അവസാനിക്കും. 100 എം.പിമാരുടെ പിന്തുണയുണ്ടെങ്കിലേ മത്സര രംഗത്ത് തുടരാൻ സാധിക്കുകയുള്ളൂ.

Other News