Tuesday, 03 December 2024

ഡൗണിംഗ് സ്ട്രീറ്റിൽ ദീപാവലി... റിഷി സുനാക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേയ്ക്ക്.

ഇന്ത്യൻ വംശജനായ റിഷി സുനാക്ക് ഇനി ബ്രിട്ടൻ്റെ സാരഥിയാകും. മുൻ ചാൻസലറായ റിഷി സുനാക്ക് ബ്രിട്ടൻ്റെ പ്രധാനമന്ത്രി പദത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ച ഒഴിവിലാണ് റിഷി സുനാക്ക് അധികാരത്തിൽ വരുന്നത്. കൺസർവേറ്റീവ് പാർട്ടിയുടെ ലീഡർഷിപ്പ് ഇലക്ഷൻ്റെ നോമിനേഷൻ സമർപ്പിക്കാനുള്ള ഡെഡ് ലൈൻ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് അവസാനിച്ചപ്പോൾ റിഷി സുനാക്ക് മാത്രമേ മത്സര രംഗത്തുണ്ടായിരുന്നുള്ളൂ. മത്സരിക്കുമെന്ന് ഔദ്യോഗികമായി  പ്രഖ്യാപിച്ചിരുന്ന പെന്നി മോർഡൻ്റിന് 100 എം.പിമാരുടെ പിന്തുണ നേടാൻ കഴിഞ്ഞില്ല. ലീഡർഷിപ്പ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ച മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.

Crystal Media UK Youtube channel 

നോർത്ത് യോർക്ക് ഷയറിലെ റിച്ച്മണ്ട് പാർലമെൻ്റ് മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ് റിഷി സുനാക്ക്. 2015 ലാണ് ആദ്യമായി പാർലമെൻ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 42 കാരനായ റിഷി സുനാക്ക് സൗതാംപ്ടണിലാണ് ജനിച്ചത്. ഇന്ത്യൻ വംശജരായ റിഷിയുടെ മാതാപിതാക്കൾ 1960 ൽ ഈസ്റ്റ് ആഫ്രിക്കയിൽ നിന്ന് ബ്രിട്ടണിലേയ്ക്ക് കുടിയേറി.  ഇൻഫോസിന് സ്ഥാപകനായ നാരായണമൂർത്തിയുടെ മകൾ അക്ഷതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ക്രിഷ്ണയും അനുഷ്കയും. വിൻചസ്റ്റർ കോളജിൽ പഠിച്ച റിഷി, ലിങ്കൺ കോളജ് ഓക്സ്ഫോർഡിൽ നിന്ന് ഫിലോസഫി, പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ ഡിഗ്രി കരസ്ഥമാക്കി. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും റിഷി സുനാക്ക് സ്കോളർഷിപ്പോടെ പാസായി.

പുതിയ പ്രധാനമന്ത്രി റിഷി സുനാക്കിന് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ലിസ്ട്രസ് ആശംസകൾ അറിയിച്ചു. തൻ്റെ പൂർണ പിന്തുണയും ലിസ് ട്രസ്  റിഷി സുനാക്കിന് വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട റിഷി സുനാക്ക് കൺസർവേറ്റീവ് പാർട്ടി എം.പിമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാജ്യത്തിന് നല്കിയ സേവനങ്ങൾക്ക് ബോറിസ് ജോൺസണും ലിസ് ട്രസിനും പെന്നി മോർഡൻ്റിനും അദ്ദേഹം നന്ദി പറഞ്ഞു. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യം ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും സ്കോട്ടിഷ് നാഷണൽ പാർട്ടിയും ആവർത്തിച്ചു.

Other News