Wednesday, 22 January 2025

"നഴ്സുമാർക്ക് നല്ല ശമ്പളം കൊടുക്കണം. നന്നായി നോക്കണം". ഹോസ്പിറ്റൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി റിഷിയ്ക്ക് 77 കാരിയായ പേഷ്യൻ്റിൻ്റെ ഉപദേശം.

ഹോസ്പിറ്റൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി റിഷി സുനാക്കിന് 77 കാരിയായ പേഷ്യൻ്റിൻ്റെ ഉപദേശം. ക്രോയ്ഡോൺ ഹോസ്പിറ്റലിലാണ് റിഷി സുനാക്ക് എത്തിയത്. സർജറി കഴിഞ്ഞ് വിശ്രമിക്കുന്ന കാതറിൻ പൂളിൻ്റെ ബെഡിനരികിൽ സുഖവിവരങ്ങൾ അന്വേഷിക്കാൻ പ്രധാനമന്ത്രിയെത്തി. ഹോസ്പിറ്റൽ സ്റ്റാഫ് നന്നായി ശുശ്രൂഷിക്കുന്നുണ്ടോയെന്ന് റിഷി ചോദിച്ചു. " അവർ നന്നായി നോക്കുന്നുണ്ട്. എന്നാൽ അവർക്ക് നല്ല ശമ്പളം നിങ്ങൾ കൊടുക്കുന്നില്ലെന്നത് ദയനീയമാണ്". എന്നായിരുന്നു പേഷ്യൻ്റിൻ്റെ മറുപടി. അതിനായി ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇല്ല, നിങ്ങൾ ശ്രമിക്കുന്നില്ല. നിങ്ങൾ കാര്യമായി ശ്രമിക്കണമെന്നും അവരെ നന്നായി നോക്കണമെന്നും കാതറിൻ പൂൾ ആവശ്യപ്പെട്ടു. ആവശ്യം ഗൗരവമായെടുക്കുമെന്ന് പ്രധാനമന്ത്രി കാതറിൻ പൂളിനോട് പറഞ്ഞു.

Crystal Media UK Youtube channel 

ആയിരക്കണക്കിന് എൻഎച്ച്എസ് നഴ്സുമാർ ശമ്പള വർദ്ധന ആവശ്യപ്പെട്ട് സമരരംഗത്തേയ്ക്ക് ഇറങ്ങുമെന്ന മുന്നറിയിപ്പിനിടയിലാണ് പ്രധാനമന്ത്രി ഹോസ്പിറ്റൽ സന്ദർശം നടത്തിയത്. ബ്രിട്ടണിലെ എക്പീരിയൻസ്ഡ് ആയിട്ടുള്ള നഴ്സുമാർ ഒരാഴ്ചയിൽ ഒരുദിവസത്തിനു തുല്യമായ സമയം ശമ്പളമില്ലാതെ ജോലി ചെയ്യുന്നു എന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ റിസർച്ചർമാരാണ് ഇക്കാര്യം കണ്ടെത്തിയത്. 2010 മുതലുള്ള ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ നഴ്സുമാരുടെ വർക്കിംഗ് അവേഴ്സ്, സാലറി, വർക്കിംഗ് കണ്ടീഷനുകൾ എന്നിവ വിശകലനം ചെയ്യാൻ റോയൽ കോളജ് ഓഫ് നഴ്സിംഗ് റിസർച്ച് കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

ഒരാഴ്ചയിൽ അഞ്ചു ദിവസം ജോലി ചെയ്യുന്ന എക്പീരിയൻസ്ഡ് ആയിട്ടുള്ള ഒരു നഴ്സിൻ്റെ ശമ്പളത്തിൽ യഥാർത്ഥത്തിൽ 20 ശതമാനം കുറവു വന്നിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024-25 ആകുമ്പോൾ 45 ശതമാനം ശമ്പള വർദ്ധന ലഭിച്ചെങ്കിൽ മാത്രമേ 2010-11 കാലത്തെ ശമ്പളത്തിന് തുല്യമായ നിരക്കിലെങ്കിലും നഴ്സുമാർ എത്തുകയുള്ളൂ എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. എന്നാൽ ഇത്രയും ഉയർന്ന ശമ്പള വർദ്ധന നല്കുന്നത് നഴ്സുമാർ ജോലിയുപേക്ഷിച്ച് പോകുന്നത് തടയാനും അതിലൂടെ ഓവർസീസ് നഴ്സുമാരെ കൂടുതലായി ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായകരമാകുമെന്ന് പഠനം വ്യക്തമാക്കുന്നു.

ജോലിയിൽ തുടരുന്ന ഒരു നഴ്സിന് വരുന്ന ചെലവിനേക്കാൾ 16,900 പൗണ്ട് ഒരു ഓവർസീസ് നഴ്സിനെ കൊണ്ടുവരുന്നതുമൂലം ഒരു വർഷം അധിക ചിലവ് വരും. ഒരു ഏജൻസി നഴ്സിനെ പകരം വച്ചാൽ 21,300 പൗണ്ട് ഒരോ വർഷവും അധികമായി ചിലവഴിക്കേണ്ടി വരും. ഓരോ വർഷവും 32,000 ത്തോളം നഴ്സുമാരാണ് എൻഎച്ച്എസ് ജോലിയുപേക്ഷിക്കുന്നത് എന്നാണ് കണക്ക്. കിട്ടുന്ന ശമ്പളം ജീവിതച്ചിലവുകൾക്ക് അപര്യാപ്തമായതു മൂലമാണ് മിക്ക നഴ്സുമാരും ജോലി വിടുന്നത്.

കഴിഞ്ഞ വർഷം 1,400 പൗണ്ടിൻ്റെ ശമ്പള വർദ്ധന മാത്രമാണ് ഒരു മില്യണോളം വരുന്ന നഴ്സുമാർക്ക് ലഭിച്ചത്. അത്യദ്ധ്വാനം ചെയ്യുന്ന നഴ്സുമാർക്ക് കൂടുതൽ ശമ്പള വർദ്ധന ലഭിക്കാൻ അവകാശമുണ്ടെന്ന് യൂണിയനുകൾ പറഞ്ഞു. ശമ്പള വർദ്ധനയാവശ്യപ്പെട്ട് സമരരംഗത്തേയ്ക്ക് ഇറങ്ങുകയാണെന്ന് നഴ്സസ് യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റോയൽ കോളജ് ഓഫ് നഴ്സിംഗും യൂണിസണും ഇതിനായി ഇൻഡസ്ട്രിയൽ ആക്ഷൻ ബാലറ്റ് യൂണിയൻ മെമ്പർമാർക്കിടയിൽ ആരംഭിച്ചിട്ടുണ്ട്.

Other News