വേസ്റ്റ് റീസൈക്കിളിംഗിൽ ലോകത്തിനു മാതൃകയായി സ്വീഡൻ. പരിശീലനം സ്കൂളുകളിൽ തുടങ്ങുന്നു. പ്രോത്സാഹനമായി വൗച്ചറുകളും നല്കുന്നു.
Premier News Desk UK
മനുഷ്യരാശി നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്നാണ് കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ മൂലമുള്ള മലിനീകരണം. പരിസ്ഥിതിയ്ക്കും ജീവജാലങ്ങൾക്കും ഭീഷണിയാകുന്ന മാലിന്യങ്ങൾ റീസൈക്കിൾ ചെയ്യാനുള്ള പദ്ധതികൾ മിക്ക രാജ്യങ്ങളും നടപ്പാക്കിക്കഴിഞ്ഞു. വേസ്റ്റ് റീ സൈക്കിളിംഗിൽ സ്വീഡനാണ് ലോകത്തിനു തന്നെ മാതൃകയായിരിക്കുന്നത്. രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്ന 99 ശതമാനം മാലിന്യങ്ങളും റീസൈക്കിൾ ചെയ്യുമ്പോൾ ഒരു ശതമാനം മാത്രമാണ് മണ്ണിൽ സംസ്കരിക്കപ്പെടുന്നത്.
മറ്റു രാജ്യങ്ങളിൽ നിന്ന് വേസ്റ്റ് ഇറക്കുമതി ചെയ്തും സ്വീഡൻ വരുമാനമുണ്ടാക്കുന്നുണ്ട്. 100 മില്യൺ യു എസ് ഡോളറാണ് ഇതിലൂടെ സമ്പാദിക്കുന്നത്. ബ്രിട്ടൺ, നോർവെ, അയർലണ്ട്, ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ ടണ്ണിന് 43 ഡോളറാണ് കയറ്റുമതി ചെയ്യപ്പെടുന്ന വേസ്റ്റിന് സ്വീഡന് നല്കുന്നത്. 52 ശതമാനത്തോളം വേസ്റ്റ് വ്യാവസായികാടിസ്ഥാനത്തിൽ കത്തിക്കുന്നതിലൂടെ ലഭിക്കുന്ന ഊർജം ഒരു മില്യൻ ഭവനങ്ങളിൽ ഹീറ്റിങ്ങിനായും 250,000 വീടുകളിലേയ്ക്ക് വൈദ്യുതിയായും ഉപയോഗിക്കപ്പെടുന്നു. 47 ശതമാനത്തോളം വേസ്റ്റ് റീ സൈക്കിൾ ചെയ്യാനും സ്വീഡന് കഴിയുന്നുണ്ട്.
വേസ്റ്റ് റീസൈക്കിളിംഗിലും അതിന്റെ കാര്യക്ഷമമായ ഉപയോഗത്തിലും അതീവ ശ്രദ്ധ പുലർത്തിയ സ്വീഡിഷ് ഭരണകൂടം ഓരോ വർഷവും പുറത്തു വിടുന്ന കാർബൺ ഡയോക്സൈഡിന്റെ അളവിൽ 2.2 മില്യൺ ടണ്ണിന്റെ കുറവാണ് വരുത്തിയത്. 1990 - 2006 കാലഘട്ടത്തിൽ കാർബൺ ഡയോക്സൈഡിന്റെ പുറംതള്ളലിൽ 34 ശതമാനത്തിന്റെ കുറവാണ് സ്വീഡനിൽ ഉണ്ടായത്. 2020 ഓടെ 76 ശതമാനം കുറവു വരുമെന്നാണ് കണക്കാക്കുന്നത്.
കുട്ടികളെ ചെറുപ്രായത്തിൽ തന്നെ റീസൈക്കിളിംഗിന്റെ ബാലപാഠങ്ങൾ സ്വീഡനിലെ സ്കൂളുകളിൽ പരിശീലിപ്പിക്കുന്നുണ്ട്. എല്ലാ റെസിഡൻഷ്യൽ ഏരിയയുടെയും 300 മീറ്റർ ചുറ്റളവിൽ ഒരു റീസൈക്കിളിംഗ് സ്റ്റേഷൻ ഉണ്ട്. ഇവിടെ റീസൈക്കിളിംഗ് നടത്തുന്നവർക്ക് പ്രോത്സാഹനമായി റിവാർഡ് വൗച്ചറുകളും നല്കപ്പെടുന്നു.