ഇന്ത്യൻ എംബസി ബ്രിട്ടണിലെ വിസാ പ്രോസസിംഗ് സംവിധാനം വിപുലീകരിക്കുന്നു. ലണ്ടനിൽ പുതിയ സെൻ്റർ തുറക്കും
ഇന്ത്യൻ എംബസി ബ്രിട്ടണിലെ വിസാ പ്രോസസിംഗ് സംവിധാനം വിപുലീകരിക്കുന്നു. ഇതിനായി സെൻട്രൽ ലണ്ടനിൽ പുതിയ സെൻ്റർ തുറക്കും. നവംബർ ഒന്നുമുതൽ പുതിയ സംവിധാനം പ്രവർത്തനമാരംഭിക്കും. ഇതോടെ മാസം 40,000 അപേക്ഷകൾ സ്വീകരിക്കാനുള്ള കപ്പാസിറ്റി വിസാ പ്രോസസിംഗ് സെൻ്ററുകൾ കൈവരിക്കും. ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. വി എഫ് എസിൻ്റെ സഹായത്തോടെയാണ് കൂടുതൽ വിസ നൽകാനുള്ള സംവിധാനം ഇന്ത്യൻ എംബസി നടപ്പാക്കുന്നത്.
Crystal Media UK Youtube channel
ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ഗ്രൂപ്പായി യാത്ര ചെയ്യുന്നവർക്ക് പുതിയ സംവിധാനം പ്രയോജനപ്പെടും. ഒരു ഫ്ളൈറ്റിൽ ഒരേ ലൊക്കേഷനിലേയ്ക്ക് യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾക്കും വിസയ്ക്കായി ഗ്രൂപ്പായി അപേക്ഷ നല്കാം. വിസാ അറ്റ് ഡോർ സ്റ്റെപ് സംവിധാനവും ഹൈക്കമ്മീഷൻ ഏർപ്പെടുത്തുന്നുണ്ട്. ഇതിന് പ്രത്യേക ഫീസ് നല്കണം. ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് വിസയ്ക്കായുള്ള അപ്പോയിൻ്റ്മെൻറിന് സ്ളോട്ടുകൾ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. മിക്കവാറും സെൻ്ററുകളിൽ നവംബർ പകുതി വരെ അപ്പോയിൻ്റ്മെൻ്റ് ലഭ്യമല്ല.
ബ്രിട്ടണിൽ നിന്ന് 160,000 ടൂറിസ്റ്റുകൾ 2021 ൽ ഇന്ത്യ സന്ദർശിച്ചതായാണ് കണക്കാക്കുന്നത്. ഇന്ത്യയിലേയ്ക്ക് 'ഇ - വിസാ' സംവിധാനം ബ്രിട്ടീഷ് പൗരന്മാർക്ക് ലഭ്യമല്ല. വിസയ്ക്കായി നേരിട്ട് ആപ്ളിക്കേഷൻ സെൻ്ററുകളിൽ എത്തണമെന്നതാണ് നിലവിലെ നിയമം. ബ്രിട്ടണിലെയും ക്യാനഡയിലേയും പൗരന്മാർക്ക് ഇന്ത്യയിലേയ്ക്ക് ഇ-വിസാ സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.