Wednesday, 22 January 2025

ബ്രിട്ടീഷ് പാർലമെന്റ് ഇലക്ഷൻ ഇന്ന്. മത്സരം നടക്കുന്നത് 650 സീറ്റുകളിലേയ്ക്ക്. വോട്ടിംഗ് സമയം രാവിലെ 7 മുതൽ രാത്രി 10 മണി വരെ. നിലവിൽ 208 വനിതാ എംപിമാർ. 306 എംപിമാർ 50 വയസിൽ താഴെയുള്ളവർ.

Premier News Election Desk

ബ്രിട്ടീഷ് പാർലമെന്റിലേയ്ക്കുള്ള ഇലക്ഷൻ ഇന്ന് നടക്കും. രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യാവുന്നതാണ്. 650 സീറ്റുകളിലേയ്ക്കാണ് എം.പിമാരെ തിരഞ്ഞെടുക്കുന്നത്. ഇവയിൽ 533 സീറ്റുകൾ ഇംഗ്ലണ്ടിലും 59 എണ്ണം സ്കോട്ട്ലണ്ടിലും 40 എണ്ണം വെയിൽസിലും 18 സീറ്റുകൾ നോർത്തേൺ അയർലണ്ടിലുമാണ്. ഇലക്ടറൽ രജിസ്റ്ററിൽ പേരുള്ള, പോളിംഗ് ദിനത്തിൽ 18 വയസ് പൂർത്തിയായ ബ്രിട്ടീഷ് പൗരന്മാർക്കും കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്കും റിപ്പബ്ളിക് ഓഫ് അയർലണ്ടിലെ പൗരന്മാർക്കും വോട്ട് ചെയ്യാൻ അവകാശമുണ്ട്. യുകെയിലെ ഒരു അഡ്രസിൽ താമസക്കാരായവർക്കും പതിനഞ്ചു വർഷക്കാലയളവിൽ വോട്ട് ചെയ്യാനായി ഒരിക്കലെങ്കിലും രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശത്തു താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാർക്കും വോട്ടവകാശമുണ്ട്.

2018 ഡിസംബറിലെ കണക്കനുസരിച്ച് 45,775,800 പേരാണ് ഇലക്ടറൽ റോളിൽ ഉള്ളത്. ഇതിൽ 38,371,400 പേർ ഇംഗ്ലണ്ടിലാണ്. 2017 ലെ ജനറൽ ഇലക്ഷനിൽ കൺസർവേറ്റീവ് പാർട്ടി 318 സീറ്റുകൾ കരസ്ഥമാക്കിയപ്പോൾ ലേബറിന് കിട്ടിയത് 262 സീറ്റുകളാണ്. സ്കോട്ടിഷ് നാഷണൽ പാർട്ടി 35 ഉം ലിബറൽ ഡെമോക്രാറ്റുകൾ 12 ഉം ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി 10 സീറ്റുകളും കരസ്ഥമാക്കി. ആകെ പോൾ ചെയ്ത വോട്ടിന്റെ 42.4 ശതമാനം കൺസർവേറ്റീവ് നേടിയപ്പോൾ 40 ശതമാനം ലേബർ പാർട്ടിയും 7.4 ശതമാനം ലിബറൽ ഡെമോക്രാറ്റും മൂന്നു ശതമാനം സ്കോട്ടിഷ് നാഷണൽ പാർട്ടിയും നേടി.

2017 ലെ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ടവരിൽ 32 ശതമാനവും (208 പേർ) വനിതകളായിരുന്നു. കഴിഞ്ഞ പാർലമെൻറിൽ 18-29 വയസിനിടയിൽ പ്രായമുള്ള 14 എം.പിമാരും 30 - 39 വയസുള്ള 102 എം.പിമാരും 40 - 49 നിടയിലുള്ള 190 ഉം 50 - 59 നിടയിലുള്ള 197 എം പിമാരും 60 - 69 നിടയിൽ പ്രായമുള്ള 114 എം.പിമാരും 70 കഴിഞ്ഞ 28 പേരും ഉണ്ടായിരുന്നു. കഴിഞ്ഞ പാർലമെൻറിലെ എംപിമാരുടെ ശരാശരി പ്രായം 50.5 ആയിരുന്നു.

Other News