മോർട്ട്ഗേജ് നിരക്ക് വർദ്ധിക്കുന്നത് തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനാക്ക്
മോർട്ട്ഗേജ് നിരക്ക് വർദ്ധിക്കുന്നത് തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനാക്ക് അറിയിച്ചു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇൻഫ്ളേഷനാണ്. ജനങ്ങൾക്ക് ഗവൺമെൻ്റിലുള്ള വിശ്വാസം ദൃഡമാക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തും. ഇൻഫ്ളേഷൻ നിയന്ത്രിക്കുക എന്നത് ഗവൺമെൻ്റിൻ്റെ പ്രഥമ പരിഗണനകളിൽ ഒന്നാണെന്ന് റിഷി സുനാക്ക് പറഞ്ഞു.
മോർട്ട്ഗേജ് പേയ്മെൻ്റുകൾ ഉയരുന്നതിൽ ജനങ്ങൾക്കുള്ള സാമ്പത്തിക ഞെരുക്കവും ഇതുമൂലമുള്ള ആശങ്കയും ഗവൺമെൻ്റ് മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മോർട്ട്ഗേജ് നിരക്ക് വർദ്ധന നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള കർശന നടപടികൾക്കാണ് ഗവൺമെൻ്റ് ഒരുങ്ങുന്നതെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. 50 ബില്യൺ പൗണ്ടിൻ്റെ സാമ്പത്തിക കമ്മി നിലവിലുണ്ട്. ഗവൺമെൻ്റ് അധികമായി കടമെടുക്കേണ്ട സ്ഥിതിയാണ്. എന്നാൽ അതുമൂലം ഇൻഫ്ളേഷൻ വർദ്ധിക്കും. പലിശ നിരക്കും ഉയരും. ആയതിനാൽ എല്ലാ കാര്യങ്ങളും പൂർണമായും ഗവൺമെൻ്റിന് നിയന്ത്രിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലൈഫ് ടൈം പെൻഷൻ അലവൻസ് രണ്ടു വർഷത്തേയ്ക്ക് മരവിപ്പിക്കാൻ പ്രധാനമന്ത്രി റിഷി സുനാക്കും ചാൻസലർ ജെറമി ഹണ്ടും ലക്ഷ്യമിടുന്നതായാണ് സൂചന. കൂടാതെ ഇലക്ട്രിക് വെഹിക്കിൾ വില്പനയിൽ വാറ്റ് ഏർപ്പെടുത്താനും ഗവൺമെൻറ് ആലോചിക്കുന്നുണ്ട്.