കിംഗ് ചാൾസിൻ്റെ സ്ഥാനാരോഹണം പ്രമാണിച്ച് അധിക ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ചു
കിംഗ് ചാൾസിൻ്റെ സ്ഥാനാരോഹണം പ്രമാണിച്ച് അധിക ബാങ്ക് ഹോളിഡേ പ്രഖ്യാപിച്ചു. അടുത്ത വർഷം മെയ് 8 തിങ്കളാഴ്ചയാണ് അവധി നല്കിയിരിക്കുന്നത്. ഇക്കാര്യം പ്രധാനമന്ത്രി റിഷി സുനാക്കാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ ജനങ്ങൾക്ക് ഒന്നിച്ചു ചേരാനും ആഘോഷിക്കാനുമുള്ള നിമിഷമാണ് ഇതെന്നും അതിനുള്ള അവസരമാണ് ബാങ്ക് ഹോളിഡേയിലൂടെ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കിംഗ് ചാൾസിൻ്റെ ഔദ്യോഗിക സ്ഥാനാരോഹണം നടക്കുന്നത് 2023 മെയ് 6 ശനിയാഴ്ചയാണ്. മെയ് ഒന്നും ബാങ്ക് ഹോളിഡേയാണ്. ലോക്കൽ കൗൺസിൽ ഇലക്ഷനുകളും ഈ സമയത്ത് നടക്കുന്നുണ്ട്. മെയ് 4 വ്യാഴാഴ്ചയാണ് ഇലക്ഷൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മെയ് 5 വെള്ളിയാഴ്ച ബാങ്ക് ഹോളിഡേ നല്കുന്നത് ഇലക്ഷൻ സ്റ്റാഫിംഗ് ലെവലിനെ ബാധിക്കാൻ സാധ്യതയുള്ളതു കൊണ്ടാണ് ബാങ്ക് ഹോളിഡേ മെയ് 8 തിങ്കളാഴ്ചയാക്കിയത്.
സ്കോട്ട്ലൻഡിലും അന്നേ ദിവസം ബാങ്ക് ഹോളിഡേയായി ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്റ്റ് മിൻസ്റ്റർ ആബേയിൽ വച്ചാണ് കിംഗ് ചാൾസിൻ്റെ കിരീടധാരണം നടക്കുന്നത്. ബ്രിട്ടീഷ് രാജകീയ ചരിത്രത്തിൽത്തന്നെ സിംഹാസന പദവിയിൽ അവരോധിതനാകുന്ന ഏറ്റവും പ്രായം കൂടിയ രാജകുടുംബാംഗമാണ് 73 കാരനായ കിംഗ് ചാൾസ്. ക്വീൻ എലിസബത്ത് II ൻ്റെ കിരീടധാരണ ചടങ്ങിൽ നിന്ന് വ്യത്യസ്തമായ രീതിയിലായിരിക്കും ഇത്തവണത്തെ സ്ഥാനാരോഹണം. ഇതിൽ പങ്കെടുക്കുന്ന അതിഥികളുടെ എണ്ണത്തിലും കുറവുണ്ടാകും. ക്വീൻ കൺസോർട്ടായി കാമില്ലയും അതേ ദിവസം മറ്റൊരു ചടങ്ങിൽ അവരോധിതയാകും.