Thursday, 23 January 2025

ബ്രിട്ടണിലേയ്ക്ക് സ്കിൽഡ് വർക്കേഴ്സിനെ കൊണ്ടുവരുന്നതിനുള്ള 'ഗ്രോത്ത് വിസ' സ്കീം നടപ്പാക്കാനുള്ള പദ്ധതിയുമായി റിഷി സുനാക്ക്

ബ്രിട്ടണിലേയ്ക്ക് സ്കിൽഡ് വർക്കേഴ്സിനെ കൊണ്ടുവരുന്നതിനുള്ള 'ഗ്രോത്ത് വിസ' സ്കീം നടപ്പാക്കാൻ പ്രധാനമന്ത്രി റിഷി സുനാക്ക് പദ്ധതിയിടുന്നു. സ്കിൽഡ് വർക്കേഴ്സിൻ്റെ ഷോർട്ടേജ് പരിഹരിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുന്നതിനും ഇത് സഹായകരമാകുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. മുൻ പ്രധാനമന്ത്രി ലിസ് ട്രസ് നടപ്പാക്കാനുദ്ദേശിച്ചിരുന്ന ഈ സ്കീമുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രിയെന്ന് ഡൗണിംഗ് സ്ട്രീറ്റ് സൂചിപ്പിച്ചു.

Crystal Media UK Youtube channel 

2019 ൽ കൺസർവേറ്റീവ് പാർട്ടി മുന്നോട്ട് വച്ച മാനിഫെസ്റ്റോ അനുസരിച്ച് ബ്രിട്ടനിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്ന അഭിപ്രായത്തിലാണ് പ്രധാനമന്ത്രി റിഷി സുനാക്ക്. എന്നാൽ ഹൈലി സ്കിൽഡ് വർക്കേഴ്സിനും എൻ്റർപ്രണേഴ്സിനും യുകെയിലേയ്ക്ക് കുടിയേറാൻ അവസരം ഒരുക്കണമെന്ന തീരുമാനത്തിലാണ് അദ്ദേഹം. യുകെയിലെ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലെ റിസർച്ചർമാരിൽ ഭൂരിപക്ഷവും കുടിയേറ്റക്കാരാണെന്ന് ചാൻസലറായിരുന്നപ്പോൾ പുറത്തുവിട്ട രേഖകളിലൂടെ പ്രധാനമന്ത്രി റിഷി സുനാക്ക് സ്ഥാപിച്ചിരുന്നു. പുതിയ കമ്പനികൾ യുകെയിൽ ആരംഭിക്കുന്നവരിൽ പകുതിയും കുടിയേറ്റക്കാരാണെന്നും അദ്ദേഹം കണ്ടെത്തിയിരുന്നു.

ബ്രിട്ടണിലെ റെയിൽ, വിൻഡ്, ന്യൂക്ലിയർ എനർജി, ടെലികമ്യൂണിക്കേഷൻ, ഡിജിറ്റൽ, റോഡ്സ് എന്നീ മേഖലകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്ക് ആവശ്യമുള്ള സ്കിൽഡ് വർക്കേഴ്സിനെ സജ്ജമാക്കാനാണ് ഗ്രോത്ത് വിസ എന്ന ആശയം ലിസ് ട്രസ് മുന്നോട്ടുവച്ചത്. ഹോം സെക്രട്ടറി സുവല്ല ബ്രാവർമാൻ മുന്നോട്ടുവച്ച മൈഗ്രേഷൻ നിയന്ത്രണ നയത്തിന് യോജിച്ച സ്കീമാണ് പ്രധാനമന്ത്രി റിഷി സുനാക്കും പരിഗണിക്കുന്നത്. ഓഗസ്റ്റിൽ ഹോം ഓഫീസ് പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ ഒരു വർഷത്തിൽ ബ്രിട്ടണിൽ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനുമായി ഒരു മില്യണിലധികം വിസകൾ നല്കിയിട്ടുണ്ട്. വിദേശ പൗരന്മാർക്കും അവരുടെ ഡിപ്പൻഡൻമാർക്കും നല്കുന്ന വിസയിൽ 80 ശതമാനം വർദ്ധനയുണ്ടായി. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള 330,000 വിസകൾ നല്കിയിട്ടുണ്ട്. സ്റ്റുഡൻ്റ് വിസകളുടെ എണ്ണം 256,000 ത്തിൽ നിന്ന് 411,000 ആയി ഉയർന്നു. സ്റ്റുഡൻ്റ് വിസയിലുള്ളവർ കൊണ്ടുവന്ന ഡിപ്പൻഡൻസിൻ്റെ എണ്ണം 170 ശതമാനം വർദ്ധിച്ച് 29,700 ൽ നിന്ന് 81,100 ആയിട്ടുണ്ട്.

നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനായി വിവിധ മാറ്റങ്ങൾ നടപ്പാക്കുന്നതിനുള്ള ആലോചനയിലാണ് ഹോം സെക്രട്ടറി സുവല്ല ബ്രാവർമാനും ഇമിഗ്രേഷൻ മിനിസ്റ്റർ റോബർട്ട് ജെൻറിക്കും. സ്റ്റുഡൻ്റു വിസയിൽ വരുന്നവർക്ക് കൊണ്ടുവരാവുന്ന ഡിപ്പൻഡൻ്റുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും ഗ്രാഡ്ജുവേഷനു ശേഷം ബ്രിട്ടണിൽ തുടരുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കുന്നതിനും ഗവൺമെൻ്റ് ആലോചിക്കുന്നുണ്ട്. ഡൊമസ്റ്റിക് വർക്ക് ഫോഴ്സിന് സ്കിൽഡ് ജോബുകൾക്കായി പരിശീലനം നല്കണമെന്ന ആവശ്യവും ശക്തമാണ്. ബ്രിട്ടണിൽ ഇക്കണോമിക്കലി ഇനാക്ടീവായ അഞ്ചു മില്യണാളുകൾ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

Other News