Wednesday, 22 January 2025

കോട്ടയം കാരിത്താസ് സ്വദേശിയായ സാബു തോമസ് വർക്ക്സോപ്പിൽ മരണമടഞ്ഞു. വിട പറഞ്ഞത് ക്യാൻസറിനോടുള്ള പോരാട്ടത്തിനൊടുവിൽ.

കോട്ടയം  സ്വദേശിയായ സാബു തോമസ് ഷെഫീൽഡിനടുത്തുള്ള വർക്ക്സോപ്പിൽ മരണമടഞ്ഞു. നാളുകൾ നീണ്ട ക്യാൻസറിനോടുള്ള പോരാട്ടത്തിനു ശേഷം  വർക്ക്സോപ്പിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ സാബു തോമസ് (58) ഇന്നലെ വൈകുന്നേരമാണ് വിടപറഞ്ഞത്. മലയാളി കമ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിലും ആത്മീയരംഗത്തും എന്നും സജീവമായിരുന്നു സാബുവും കുടുംബവും. എൺപതോളം മലയാളി കുടുംബങ്ങളുള്ള വർക്ക്സോപ്പിലെ മലയാളികൾക്ക് സുപരിചിതനായിരുന്നു അദ്ദേഹം. 2006 ലാണ് സാബു തോമസ് യുകെയിൽ എത്തുന്നത്. 2008 മുതൽ വർക്ക്സോപ്പിലാണ് താമസിക്കുന്നത്. കോട്ടയം കാരിത്താസ് ചെറുകാട്ട് പറമ്പിൽ കുടുംബാംഗമാണ് സാബു തോമസ്. അതിരമ്പുഴ പൗവൻചിറ കുടുംബാംഗമായ ജെസിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മൂത്ത മകൻ സച്ചു ചാർട്ടേർഡ് അക്കൗണ്ടൻറ് സ്റ്റുഡൻ്റാണ്.  രണ്ടാം വർഷ മെഡിക്കൽ സ്റ്റുഡൻ്റാണ് ഇളയ മകനായ സാഗർ.

സാബു തോമസിൻ്റെ രോഗാവസ്ഥയിൽ കുടുംബത്തിന് സാന്ത്വനവുമായി വർക്ക് സോപ്പിലെ മലയാളി കുടുംബങ്ങളും യുകെയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും സജീവമായിരുന്നു. ക്യാൻസർ മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടെങ്കിലും ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വാസത്തോടെ പോരാട്ടം തുടർന്ന സാബു തോമസിൻ്റെ വിടവാങ്ങലിൻ്റെ ദുഃഖത്തിലാണ് വർക്ക് സോപ്പിലെ മലയാളി കമ്യൂണിറ്റി. സാബു തോമസിൻ്റെ സംസ്കാരം വർക്ക്സോപ്പിൽ നടക്കും. ഇതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.

പ്രിയപ്പെട്ട സാബു തോമസിൻ്റെ വേർപാടിൽ മലയാളം ടൈംസ് യുകെയുടെ ദു:ഖവും അനുശോചനവും അറിയിക്കുന്നു.
 

Other News