Friday, 06 September 2024

പുതിയ ബഡ്ജറ്റ്... പെൻഷൻ 10.1% ഉയർത്തി. നാഷണൽ ലിവിംഗ് വേജ് 10.42 പൗണ്ട്. ടാക്സ് അലവൻസ് മരവിപ്പിച്ചു. ക്യാപ്പിറ്റൽ ഗെയിൻസ് ടാക്സ് അലവൻസ് കുറച്ചു. ഇലക്ട്രിക് കാറുകൾക്ക് എക്സൈസ് ഡ്യൂട്ടി നൽകണം

ബ്രിട്ടീഷ് ചാൻസലർ ജെറമി ഹണ്ട് പുതിയ ബഡ്ജറ്റ് പാർലമെൻ്റിൽ ഇന്ന് അവതരിപ്പിച്ചു. രാജ്യത്ത് നിലവിലുള്ള സാമ്പത്തിക കമ്മി നികത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ ഇക്കണോമിക് പ്ളാൻ നിർദ്ദേശിച്ചിരിക്കുന്നത്. ടാക്സ് നിരക്കിലുള്ള വർദ്ധനകളും ചെലവുചുരുക്കലും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം രാജ്യം 177 ബില്യൺ പൗണ്ട് കടമെടുപ്പ് നടത്തേണ്ടി വരുമെന്ന് ഓഫീസ് ഫോർ ബഡ്ജറ്റ് റെസ്പോൺസിബിലിറ്റി കരുതുന്നതെന്ന് ചാൻസലർ പറഞ്ഞു. 2023/24 ൽ ഇത് 140 ബില്യൺ പൗണ്ടായിരിക്കും. 2022 ൽ 4.2 ശതമാനം സാമ്പത്തിക വളർച്ച രാജ്യത്ത് പ്രതീക്ഷിച്ചിരുന്നെങ്കിലും ബ്രിട്ടൺ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ്. 2023 ൽ സമ്പദ് വ്യവസ്ഥ 1.4 ശതമാനം ചുരുങ്ങുമെന്ന സൂചനയാണുള്ളതെന്ന് ജെറമി ഹണ്ട് പറഞ്ഞു.

Crystal Media UK Youtube channel 

അടുത്ത അഞ്ചു വർഷം കൊണ്ട് ജിഡിപിയുടെ ഒരു ശതമാനത്തിനടുത്ത ടാക്സ് വർദ്ധനയുണ്ടാകുമെന്ന് ചാൻസലർ പാർലമെൻ്റിനെ അറിയിച്ചു. പേഴ്സണൽ ഇൻകം ടാക്സ് ത്രെഷോൾഡ് ഏപ്രിൽ 2028 വരെ മരവിപ്പിച്ചു. ഇതു മൂലം കൂടുതൽ ടാക്സ് ഓരോരുത്തരും ക്രമേണ നൽകേണ്ടതായി വരും. ടോപ്പ് റേറ്റ് ടാക്സ് ബാൻഡിൻ്റെ ത്രെഷോൾഡ് 125,140 പൗണ്ടായി കുറച്ചു. നേരത്തെ ഇത് 150,000 പൗണ്ടായിരിരുന്നു. 45 ശതമാനം ടാക്സ് ഈ ബാൻഡിലുള്ളവർ നൽകണം. ക്യാപ്പിറ്റൽ ഗെയിൻസ് ടാക്സിൻ്റെ 12,300 പൗണ്ട് എന്ന അലവൻസ് നിരക്ക് കുറച്ചു. അടുത്ത വർഷം 6,000 പൗണ്ടായും 2024 ൽ 3000 പൗണ്ടായും ഇത് കുറയും.

23 വയസിൽ കൂടുതലുള്ളവരുടെ നാഷണൽ ലിവിംഗ് വേജ് ഉയർത്തി. നിലവിൽ മണിക്കൂറിന് 9.50 പൗണ്ട് എന്ന നിരക്ക് 10.42 പൗണ്ട് എന്ന റേറ്റിലേയ്ക്ക് ഏപ്രിൽ 2023 മുതൽ ഉയർത്തി. പെൻഷൻ നിരക്ക് 10.1 ശതമാനം വർദ്ധിപ്പിച്ചു. നിലവിലെ ഇൻഫ്ളേഷൻ നിരക്ക് പരിഗണിച്ചാണ് വർദ്ധന. ബെനഫിറ്റുകളും ടാക്സ് ക്രെഡിറ്റുകളും ഇതോടൊപ്പം ഉയർത്തിയിട്ടുണ്ട്. എനർജി ബിൽ സപ്പോർട്ട് തുടരുമെങ്കിലും ഭാവിയിൽ നിലവിലുള്ള ഡിസ്കൗണ്ട് നിരക്ക് ലഭ്യമാകില്ല. എനർജി ക്യാപ്പ് നിരക്ക് ശരാശരി 2,500 പൗണ്ടിൽ നിന്ന് 3,000 പൗണ്ടായി ഡൗൺഗ്രേഡ് ചെയ്തു. ഈ സ്കീം 2023 ഏപ്രിൽ മുതൽ 12 മാസത്തേയ്ക്ക് നിലവിലുണ്ടാകും.

ഏപ്രിൽ 2025 മുതൽ ഇലക്ട്രിക് കാറുകൾക്ക് വെഹിക്കിൾ എക്സൈസ് ഡ്യൂട്ടി നൽകണം. എനർജി കമ്പനികളുടെ ലാഭത്തിൽ 35 ശതമാനം ലെവി ഏർപ്പെടുത്തി. നേരത്തെ ഇത്  25 ശതമാനമായിരുന്നു. ജനുവരി 1 മുതൽ ഇലക്ട്രിസിറ്റി ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ ലാഭത്തിൽ 45 ശതമാനം താത്കാലിക ലെവി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ 14 ബില്യൺ പൗണ്ട് രാജ്യത്തിന് ലഭിക്കും. സ്റ്റാമ്പ് ഡ്യൂട്ടിയിലുള്ള ഇളവ് 2025 മാർച്ച് വരെ തുടരും. എംപ്ളോയർമാരുടെ നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷൻ്റെ ത്രെഷോൾഡ് 2028 ഏപ്രിൽ വരെ മരവിപ്പിച്ചു. ജിഡിപിയുടെ രണ്ടു ശതമാനം ഡിഫൻസ് ബഡ്ജറ്റിനായി ഉപയോഗിക്കുന്നത് തുടരും.  രാജ്യത്തെ സ്കൂളുകളുടെ നടത്തിപ്പിനായി 2.3 ബില്യൺ പൗണ്ട് അധികമായി ബഡ്ജറ്റായി വകയിരുത്തിയിട്ടുണ്ട്. സോഷ്യൽ കെയർ സെക്ടറിൽ 2.8 ബില്യൺ പൗണ്ട് ഫണ്ട് വർദ്ധനയുണ്ടാകും. എൻഎച്ച്എസ് ഫണ്ടിംഗിൽ 3.3 ബില്യൺ പൗണ്ടിൻ്റെ വർദ്ധന വരുത്തും. അടുത്ത രണ്ടു വർഷവും ഇത്രയും അധിക ഫണ്ടിംഗ് എൻഎച്ച്എസിന് നല്കും.

ജീവിതച്ചിലവുയരുന്നതിൻ്റെ പശ്ചാത്തലത്തിൽ താഴ്ന്ന വരുമാനക്കാർക്ക്  അഡീഷണൽ സപ്പോർട്ട് ഗവൺമെൻ്റ് പ്രഖ്യാപിച്ചു. ടെസ്റ്റഡ് ബെനഫിറ്റിലുള്ളവർക്ക് 900 പൗണ്ട് നല്കും. പെൻഷനേഴ്സ് ഉള്ള ഹൗസ്ഹോൾഡുകൾക്ക് 300 പൗണ്ടും ഡിസേബിളിറ്റി ബെനഫിറ്റിലുള്ളവർക്ക് 150 പൗണ്ടും സപ്പോർട്ട് ഫണ്ടിംഗായി നല്കും. യൂണിവേഴ്സൽ ക്രെഡിറ്റ് ലഭിക്കുന്ന ഇക്കണോമിക്കലി ഇനാക്ടീവായ 600,000 ആളുകൾ അവരുടെ വരുമാനം ഉയർത്തുന്നതിന് വർക്ക് കോച്ചിൻ്റെ സേവനം പ്രയോജനപ്പെടുത്താൻ നിർദ്ദേശിക്കും.

സൈസ് വെൽ സി ന്യൂക്ളിയർ പവർ സ്റ്റേഷൻ്റെ നിർമ്മാണവുമായി ഗവൺമെൻറ് മുന്നോട്ട് പോകും. രാജ്യത്തെ ഇലക്ട്രിസിറ്റിയുടെ ഏഴ് ശതമാനം ഇവിടെ ഉത്പാദിപ്പിക്കപ്പെടും. 2030 ൽ നിർമ്മാണം പൂർത്തിയാകുന്ന ഈ പുതിയ സ്റ്റേഷനിലൂടെ ആറ് മില്യൺ വീടുകൾക്ക് ഇലക്ട്രിസിറ്റി നൽകാനാകും. നോർത്തേൺ പവർഹൗസ് റെയിലിൻ്റെയും ഹൈ സ്പീഡ് റെയിലിൻ്റെയും നിർമ്മാണം പദ്ധതി ഊർജിതമാക്കും. രാജ്യത്തെ വിവിധ ഇൻഫ്രാ സ്ട്രക്ചറൽ പ്രോജക്ടുകൾക്കായി 600 ബില്യൺ പൗണ്ട് അടുത്ത അഞ്ചു വർഷ കാലയളവിൽ ഗവൺമെൻ്റ് വകയിരുത്തിയിട്ടുണ്ടെന്ന് ചാൻസലർ പറഞ്ഞു. എനർജി എഫിഷ്യൻസി വർദ്ധിപ്പിക്കുന്നതിനായി 2025 മുതൽ ആറ് ബില്യൺ പൗണ്ട് ഫണ്ട് ഗവൺമെൻ്റ് ബഡ്ജറ്റിൽ ഉൾപ്പെടുത്തും.

Other News