ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന ഫണ്ടിംഗ് അപര്യാപ്തമെന്ന് എൻഎച്ച്എസ്
ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന ഫണ്ടിംഗ് അപര്യാപ്തമെന്ന് എൻഎച്ച്എസ് സൂചിപ്പിച്ചു. അടുത്ത രണ്ടു വർഷങ്ങളിലും 3.3 ബില്യൺ പൗണ്ടിൻ്റെ അധിക ഫണ്ടിംഗ് നല്കുമെന്ന് ചാൻസലർ ജെറമി ഹണ്ട് പുതിയ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എൻഎച്ച്എസിൻ്റെ സുഗമമായ നടത്തിപ്പിനാവശ്യമായ അധിക ഫണ്ടിംഗിൻ്റെ പകുതി മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫണ്ടിംഗിൻ്റെ അപര്യാപ്തത എൻഎച്ച്എസിലെ പ്രധാന സർവീസുകളെ ബാധിക്കാം. എൻഎച്ച്എസിന് ഒരു വർഷം ഏഴ് ബില്യൺ പൗണ്ട് കൂടി ആവശ്യമാണെന്ന് ചീഫ് എക്സിക്യൂട്ടീവ് അമാൻഡ പ്രിച്ചാർഡ് വ്യക്തമാക്കിയിക്കുന്നു. എന്നാൽ പുതിയ ബഡ്ജറ്റിൽ എൻഎച്ച്എസിനെ ഗൗരവകരമായി പരിഗണിച്ചതിനെ സ്വാഗതം ചെയ്യുന്നതായി അവർ പറഞ്ഞു.
Crystal Media UK Youtube channel
ബഡ്ജറ്റിൽ അധിക ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇൻഫ്ളേഷൻ നിരക്ക് പരിഗണിക്കുമ്പോൾ ഇത് കാര്യമായ ഫലം ഉണ്ടാക്കില്ലെന്ന് നുഫീൽഡ് ട്രസ്റ്റിലെ ഇൻഡിപെൻഡൻ്റ് തിങ്ക് ടാങ്ക് ചീഫ് എക്സിക്യൂട്ടീവ് നൈജൽ എഡ്വാർഡ് പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ എൻഎച്ച്എസ് അപ്രതീക്ഷിതമായ സമ്മർദ്ദത്തെ നേരിടുന്നുണ്ട്. 2.5 ബില്യൺ പൗണ്ടിന് സമാനമായ ഇൻഫ്ളേഷനെയും എൻഎച്ച്എസ് ബഡ്ജറ്റ് അഭിമുഖീകരിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എൻഎച്ച്എസിലെ ഫണ്ടിൻ്റെ വാർഷിക വർദ്ധന ഒരു ശതമാനത്തിലേയ്ക്ക് ചുരുങ്ങിയിരിക്കുകയാണ്. ദീർഘകാല ലക്ഷ്യമായ 2.6 ശതമാനത്തിൽ നിന്നും വളരെ കുറഞ്ഞ നിലയിലാണ് എൻഎച്ച്എസ് ഫണ്ടിംഗിൻ്റെ വർദ്ധന. നിലവിൽ ഏഴ് മില്യൺ ആളുകളാണ് എൻഎച്ച് എസ് വെയിറ്റിംഗ് ലിസ്റ്റിൽ ട്രീറ്റ്മെൻ്റിനായി കാത്തിരിക്കുന്നത്.