Monday, 23 December 2024

യുകെയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള സ്കോട്ട്ലൻഡിൻ്റെ നീക്കത്തിന് തിരിച്ചടി

യുകെയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള സ്കോട്ട്ലൻഡിൻ്റെ നീക്കത്തിന് തിരിച്ചടി. ഇതു സംബന്ധിച്ച് റെഫറണ്ടം നടത്താനുള്ള സ്കോട്ടിഷ് ഗവൺമെൻ്റിൻ്റെ ആവശ്യത്തിന് സുപ്രീം കോർട്ട് അനുമതി നിഷേധിച്ചു. 2023 ഒക്ടോബർ 19 ന് റെഫറണ്ടം നടത്തണമെന്ന ആവശ്യമാണ് സ്കോട്ടിഷ് നാഷണൽ പാർട്ടി മുന്നോട്ട് വച്ചത്. യുകെയുടെ ഉന്നത ന്യായാധിപന്മാരടങ്ങിയ കോടതി ഇക്കാര്യം ഏകകണ്ഠമായി തള്ളിക്കളഞ്ഞു. സ്കോട്ട്ലൻഡിന് ഇത്തരമൊരു റഫറണ്ടം നടത്തുന്നതിന് ബ്രിട്ടീഷ് പാർലമെൻറിൻ്റെ അനുമതി ആവശ്യമാണെന്ന് കോടതി വിധിച്ചു. സ്കോട്ടിഷ് പാർലമെൻ്റിന് രൂപം കൊടുത്ത 1999 ലെ നിയമമനുസരിച്ച് റഫറണ്ടത്തിൻ്റെ കാര്യത്തിൽ തനിച്ച് സ്കോട്ട്ലൻഡിന് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോർട്ട് പ്രസിഡൻ്റ് ലോർഡ് റീഡ് പറഞ്ഞു.

അടുത്ത വർഷം നടത്താനുദ്ദേശിക്കുന്ന റഫറണ്ടം ഒരു മാർഗനിർദ്ദേശം മാത്രമാണെന്നും നിയമപരമായ സാധുതയില്ലാത്തതാണെന്നും സ്കോട്ട്ലൻഡ് കോടതിയിൽ വാദിച്ചു. സ്കോട്ട്ലൻഡ് ഒരു സ്വതന്ത്ര രാജ്യമായി മാറണമോയെന്ന അഭിപ്രായം ജനങ്ങൾക്ക് രേഖപ്പെടുത്താനുള്ള അവസരമൊരുക്കുകയെന്ന ഉദ്ദേശ്യമാണ് റഫറണ്ടത്തിനുള്ളതെന്ന വാദവും കോടതി തള്ളിക്കളഞ്ഞു. റഫറണ്ടത്തിന് കോടി അനുമതി നിഷേധിക്കുന്ന പക്ഷം അടുത്ത പൊതുതിരഞ്ഞെടുപ്പ് അനൗദ്യോഗിക റഫറണ്ടമായി കണക്കാക്കുമെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 

Crystal Media UK Youtube channel 

Other News