മോർട്ട്ഗേജ് മാർക്കറ്റിൽ പലിശ നിരക്ക് കുറയുന്നു. അഞ്ച് വർഷ ഫിക്സ്ഡ് ടേം റേറ്റ് 5.95 ശതമാനം
യുകെയിലെ മോർട്ട്ഗേജ് മാർക്കറ്റിൽ പലിശ നിരക്ക് കുറയുന്നു. അഞ്ച് വർഷ ഫിക്സ്ഡ് ടേമിലേയ്ക്കുള്ള മോർട്ട്ഗേജിൻ്റെ ശരാശരി റേറ്റ് 5.95 ശതമാനമായി താഴ്ന്നു. കഴിഞ്ഞ ഏഴാഴ്ചയിൽ ആദ്യമായാണ് മോർട്ട്ഗേജ് നിരക്ക് ആറ് ശതമാനത്തിൽ താഴെയെത്തുന്നത്. സെപ്റ്റംബറിൽ അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ തുടർന്ന് മോർട്ട്ഗേജ് മാർക്കറ്റിൽ നിന്ന് നിരവധി ഡീലുകൾ പിൻവലിക്കപ്പെടുകയും റേറ്റ് ഉയരുകയും ചെയ്തിരുന്നു. ഒക്ടോബർ 20 ലെ കണക്കനുസരിച്ച് അഞ്ച് വർഷ ഫിക്സ്ഡ് മോർട്ട്ഗേജിൻ്റെ പലിശ നിരക്ക് 6.51 ശതമാനമായിരുന്നു. രണ്ടു വർഷ ഫിക്സ്ഡ് മോർട്ട്ഗേജിൻ്റെ നിരക്ക് ഒക്ടോബറിൽ ഏറ്റവും ഉയർന്ന് 6.65 ശതമാനത്തിൽ എത്തിയെങ്കിലും 6.14 ശതമാനത്തിലേയ്ക്ക് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.
നവംബർ 17 ന് ചാൻസലർ ജെറമി ഹണ്ട് അവതരിപ്പിച്ച പുതിയ ബഡ്ജറ്റിനു ശേഷം മോർട്ട്ഗേജ് മാർക്കറ്റ് സ്ഥിരത കൈവരിച്ചിട്ടുണ്ട്. മോർട്ട്ഗേജ് റേറ്റുകൾ ഇനിയും കുറയുമെങ്കിലും അത് എത്ര വേഗം സംഭവിക്കുമെന്ന് പ്രവചിക്കുക സാധ്യമല്ലെന്ന് മണി ഫാക്ട്സ് സൂചിപ്പിച്ചു. മോർട്ട്ഗേജ് റേറ്റുകൾ കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ ശരാശരിയായ 2.5 ശതമാനത്തിൽ നിന്നും വളരെ ഉയർന്ന നിലയിലാണ്. പുതിയ മോർട്ട്ഗേജ് ഡീലുകൾക്കൊപ്പം റീമോർട്ട്ഗേജ് രംഗത്തും ഉയർന്ന പലിശ നിരക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മാസം തോറും 100,000 ത്തോളം മോർട്ട്ഗേജ് ഡീലുകളുടെ ടേം അവസാനിക്കുന്നുണ്ട്. ഇതു മൂലം വളരെ ഉയർന്ന മാസം തോറുമുള്ള തിരിച്ചടവിനെ കസ്റ്റമേഴ്സ് അഭിമുഖീകരിക്കുകയാണ്.