Wednesday, 22 January 2025

ഗ്യാസ്, ഇലക്ട്രിസിറ്റി ഡയറക്ട് ഡെബിറ്റ് തുക അനാവശ്യമായി ഉയർത്തരുതെന്ന് എനർജി കമ്പനികൾക്ക് ഗവൺമെൻ്റ് നിർദ്ദേശം

ഗ്യാസ്, ഇലക്ട്രിസിറ്റി ഡയറക്ട് ഡെബിറ്റ് തുക അനാവശ്യമായി ഉയർത്തരുതെന്ന് എനർജി കമ്പനികൾക്ക്  ഗവൺമെൻ്റ് മുന്നറിയിപ്പ് നല്കി. എനർജി ഉപയോഗം കുറയ്ക്കുന്നതിനായി മിക്ക കസ്റ്റമേഴ്സും നടപടികൾ സ്വീകരിച്ചുവരികയാണ് എന്ന കാര്യം പരിഗണിക്കണം. എസ്റ്റിമേറ്റഡ് ബില്ലിൻ്റെ അടിസ്ഥാനത്തിൽ ഡയറക്ട് ഡെബിറ്റ് തുക വർദ്ധിപ്പിക്കുന്നത് അഭിലഷണീയമല്ല. ഇതു സംബന്ധിച്ച് ബിസിനസ് സെക്രട്ടറി ഗ്രാൻ്റ് ഷാപ്സ് എനർജി കമ്പനികൾക്ക് ഉത്തരവ് നല്കി. കമ്പനികൾ ഡയറക്ട് ഡെബിറ്റ് തുക ഉയർത്തുന്നതായി പരാതികൾ ഉന്നയിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഉപയോഗത്തിനനുസരിച്ചുള്ള ബില്ലുകൾ മാത്രമേ കസ്റ്റമേഴ്സിന് ലഭിക്കുന്നുള്ളൂ എന്നുറപ്പാക്കാൻ എനർജി റെഗുലേറ്ററായ ഓഫ് ജെമ്മിനോടും ഗവൺമെൻ്റ് നിർദ്ദേശിച്ചിട്ടുണ്ട്.

എനർജി താരിഫ് ഫിക്സ് ചെയ്തിരിക്കുന്ന കസ്റ്റമേഴ്സിൻ്റെയടക്കം ഡയറക്ട് ഡെബിറ്റ് തുക വർദ്ധിപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അടുത്ത കാലത്തെ ഏറ്റവും തണുപ്പ് കുറഞ്ഞ നവംബർ മാസത്തിലൂടെയാണ് ബ്രിട്ടൺ കടന്നു പോകുന്നത്. സാധാരണയായുള്ള ശരാശരി  നിന്നും 2.2 ഡിഗ്രി ഉയർന്ന അന്തരീക്ഷ താപനിലയാണ് ഈ മാസം അനുഭവപ്പെട്ടത്. ഇതു മൂലം പല വീടുകളിലും ഹീറ്റിംഗ് ഓൺ ചെയ്തിട്ടില്ല. ഓഫ് ജെമ്മിൻ്റെ കണക്കനുസരിച്ച് 500,000 ത്തോളം വീടുകളുടെ മാസംതോറുമുള്ള എനർജി ബിൽ ഇരട്ടിയായിട്ടുണ്ട്. എനർജി ബിൽ 54 ശതമാനം മാത്രം ഉയർന്നപ്പോൾ എന്തുകൊണ്ടാണ് ഇത്രയും വർദ്ധന ഉണ്ടായതെന്നു വിശദീകരിക്കണമെന്ന് ഓഫ് ജെം എനർജി കമ്പനികളോട് ആവശ്യപ്പെട്ടു.
 

Other News