ഇംഗ്ലണ്ടിലെ ടീച്ചർ ട്രെയിനിംഗ് ഗ്രാജുവേറ്റുകളുടെ എണ്ണത്തിൽ വൻ കുറവ്.
ഇംഗ്ലണ്ടിലെ ടീച്ചർ ട്രെയിനിംഗ് ഗ്രാജുവേറ്റുകളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. ഗവൺമെൻ്റിൻ്റെ റിക്രൂട്ട്മെൻറ് ടാർജറ്റിലും 80 ശതമാനം താഴെയാണ് പ്രധാന വിഷയങ്ങളിലെ ട്രെയിനികളുടെ എണ്ണം. ഫിസിക്സ് അടക്കമുള്ള വിഷയങ്ങളിൽ ഗ്രാജുവേറ്റുകളുടെ എണ്ണം അടിയന്തിരശ്രദ്ധ ആവശ്യമായ നിലയിലേയ്ക്ക് കുറഞ്ഞിരിക്കുകയാണ്. ടീച്ചർ ട്രെയിനിംഗിനായി ഈ വർഷം സൈൻ അപ് ചെയ്തവരുടെ എണ്ണം 29,000 മാത്രമാണെന്ന് ഡിപ്പാർട്ട്മെൻറ് ഫോർ എഡ്യൂക്കേഷൻ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തേതിൽ നിന്നും 20 ശതമാനം കുറവാണിത്. കോവിഡ് രൂക്ഷമായിരുന്ന 2020-21 ലെ 40,000 ട്രെയിനികൾ എന്ന നിലയിൽ നിന്നാണ് ഇത്രയും കുറവ് ഗ്രാജുവേറ്റുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
Crystal Media UK Youtube channel
സെക്കൻഡറി സ്കൂളുകളിലേയ്ക്കുള്ള റിക്രൂട്ട്മെൻ്റിലെ ട്രെയിനികളുടെ എണ്ണം ഇതിലും മോശമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിപ്പാർട്ട്മെൻ്റ് ഫോർ എഡ്യൂക്കേഷൻ്റെ ആനുവൽ ടാർജറ്റിൻ്റെ 59 ശതമാനം മാത്രമേ നേടാനായിട്ടുള്ളൂ. കഴിഞ്ഞ വർഷം ഇത് 79 ശതമാനമായിരുന്നു. കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഒൻപത് തവണയും ഗവൺമെൻറ് ടാർജറ്റ് നേടാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ടീച്ചർ ട്രെയിനികളുടെ എണ്ണത്തിലുണ്ടായ കുറവ് ഗുരുതരമായ നിലയിലാണെന്ന് സ്കൂൾ ആൻഡ് കോളജ് ലീഡേഴ്സ് അസോസിയേഷൻ്റെ ജനറൽ സെക്രട്ടറി ജെഫ് ബാർട്ടൺ പറഞ്ഞു. ടീച്ചർമാരുടെ ശമ്പളത്തിൽ കാലാകാലങ്ങളായി വന്ന കുറവ് ഇതിന് പ്രധാന കാരണമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സ്കൂളുകളുടെ ഫണ്ടിംഗിൽ വന്ന കുറവും വർക്ക് ലോഡ് ഉയർന്നതും ടീച്ചിംഗ് പ്രൊഫഷനെ അനാകർഷകമാക്കുകയാണെന്ന് ബാർട്ടൺ അഭിപ്രായപ്പെട്ടു. ടീച്ചർ ട്രെയിനിമാർക്ക് 2023 ൽ ബർസറിയായി 27,000 പൗണ്ടും സ്കോളർഷിപ്പ് ഇനത്തിൽ 29,000 പൗണ്ടും വരെ പ്രധാന വിഷയങ്ങളായ കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടിംഗ് എന്നിവയിൽ ലഭ്യമാണെന്ന് ഡിപ്പാർട്ട് ഫോർ എഡ്യൂക്കേഷൻ വക്താവ് പറഞ്ഞു. അടുത്ത വർഷം മുതൽ ടീച്ചർമാരുടെ തുടക്കശമ്പളം 30,000 പൗണ്ടായി ഉയർത്തുമെന്ന് ഡിപ്പാർട്ട് ഫോർ എഡ്യൂക്കേഷൻ വ്യക്തമാക്കി.