അടിസ്ഥാന പലിശ നിരക്ക് 3.5 ശതമാനമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉയർത്തി
അടിസ്ഥാന പലിശ നിരക്ക് 3.5 ശതമാനമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉയർത്തി. ഇന്നു നടന്ന മോണിട്ടറി പോളിസി കമ്മിറ്റിയാണ് നിരക്ക് 0.5 ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. കമ്മിറ്റിയിലെ ഒൻപത് അംഗങ്ങളിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്ലി ഉൾപ്പെടെ ആറ് പേർ പലിശ നിരക്ക് 0.5 ശതമാനം ഉയർത്തുന്നതിനെ അനുകൂലിച്ചു. ഇക്കണോമിസ്റ്റ് കാതറിൻ മാൻ നവംബറിലെ 0.75 ശതമാനമെന്ന വർദ്ധനയ്ക്ക് സമാനമായ നിരക്കാണ് നിർദ്ദേശിച്ചത്. രണ്ട് അംഗങ്ങൾ നിലവിലെ 3 ശതമാനം എന്ന നിരക്ക് തുടരണമെന്നും വർദ്ധന ആവശ്യമില്ലെന്നും നിലപാടെടുത്തു.
Crystal Media UK Youtube channel
നവംബറിലെ കൺസ്യൂമർ പ്രൈസ് ഇൻഡക്സിൽ പ്രതീക്ഷിച്ചതിലും കുറവുണ്ടായത് നിരക്ക് വർദ്ധന സംബന്ധിച്ച തീരുമാനത്തിൽ നിർണായക ഘടകമായിട്ടുണ്ട്. കഴിഞ്ഞ മാസം ഇൻഫ്ളേഷൻ നിരക്ക് ഒക്ടോബറിലെ 11.1 ശതമാനത്തിൽ നിന്ന് 0.4 ശതമാനം കുറഞ്ഞ് 10.7 ൽ എത്തിയിരുന്നു. തുടർച്ചയായി ഒൻപതാം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് വർദ്ധിപ്പിക്കുന്നത്. ബ്രിട്ടണിലെ ഇൻഫ്ളേഷനെയും സാമ്പത്തിക മാന്ദ്യത്തെയും കണക്കിലെടുത്തു കൊണ്ടുള്ള തീരുമാനമാകും ബേസ് റേറ്റിൻ്റെ കാര്യത്തിൽ സ്വീകരിക്കുക എന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയിരുന്നു.