Wednesday, 22 January 2025

ആഗോള സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്നും 2023 ൽ കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമെന്ന് ഐഎംഎഫ് മേധാവിയുടെ മുന്നറിയിപ്പ്

ആഗോള സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്നും ഈ വർഷം മാന്ദ്യം നേരിടുമെന്ന്  ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മേധാവി മുന്നറിയിപ്പ് നൽകി. സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായ യുഎസ്, യൂറോപ്യൻ യൂണിയൻ, ചൈന രാജ്യങ്ങളുടെ 2023 ലെ അവസ്ഥ കഴിഞ്ഞ വർഷത്തേക്കാൾ കഠിനമായിരിക്കുമെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. ഉക്രെയ്നിലെ യുദ്ധം, വിലക്കയറ്റം, ഉയർന്ന പലിശനിരക്ക്, ചൈനയിലെ കോവിഡിന്റെ വ്യാപനം എന്നിവ ആഗോള സമ്പദ്‌വ്യവസ്ഥയെ ഭാരപ്പെടുത്തുന്ന നിലവിലെ സാഹചര്യത്തിലാണ് ഐഎംഎഫിൻ്റെ ഈ വെളിപ്പെടുത്തൽ. 2022-ൽ പ്രതിസന്ധി രൂക്ഷമായിരുന്ന ഏഷ്യയെ മാത്രമല്ല, മറ്റു ലോക രാജ്യങ്ങൾക്കും ജോർജീവയുടെ മുന്നറിയിപ്പുകൾ ആശങ്ക നൽകുന്നതാണ്. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ വിലക്കയറ്റം നിയന്ത്രിക്കാൻ ശ്രമം നടത്തുന്നുണ്ട്.

യുഎസിലെ മാന്ദ്യം അർത്ഥമാക്കുന്നത് ചൈനയിലും തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവയുൾപ്പെടെയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിലും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ കുറവാണെന്നതാണ്. ഉയർന്ന പലിശനിരക്ക് വായ്പയെടുക്കുന്നത് ചെലവ് കൂടുതൽ വർദ്ധിപ്പിക്കുന്നു. ഈ രണ്ട് കാരണങ്ങളാലും മിക്ക കമ്പനികളും ബിസിനസ്സ് വിപുലീകരിക്കുന്നതിന് പുതിയ നിക്ഷേപങ്ങൾ നടത്തേണ്ടെന്ന് തീരുമാനിച്ചേക്കാം. നിക്ഷേപകർ പണം പിൻവലിക്കാനും ഇത് കാരണമായേക്കാം. വായ്പകളിലെ ഉയർന്ന പലിശനിരക്കിന്റെ ആഘാതം വളർന്നുവരുന്ന വിപണികൾക്ക് തിരിച്ചടിയാകും.

രാജ്യത്ത് കൊറോണ വൈറസ് അണുബാധകൾ അതിവേഗം പടരുമ്പോഴും, ചൈന സീറോ-കോവിഡ് നയം ഒഴിവാക്കി സമ്പദ്‌വ്യവസ്ഥ വീണ്ടും തുറന്നു. എങ്കിലും, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈനയ്ക്ക് 2023-ൽ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് ജോർജീവ മുന്നറിയിപ്പ് നൽകി. ഉക്രെയ്നിലെ യുദ്ധം കാരണം, പണപ്പെരുപ്പം ക്രമാനുഗതമായി ഉയരുന്നതും, ഉയർന്ന പലിശനിരക്കും ലോകമെമ്പാടുമുള്ള നിരവധി ബിസിനസുകളെയും കുടുംബങ്ങളെയും സാരമായി ബാധിച്ചു. ഡിസംബറിലെ ഔദ്യോഗിക പർച്ചേസിംഗ് മാനേജർസ് ഇൻഡക്സ് (പിഎംഐ) കാണിക്കുന്നത്, ചൈനയിലെ ഫാക്ടറി പ്രവർത്തനങ്ങൾ തുടർച്ചയായ മൂന്നാം മാസവും കുറഞ്ഞുവെന്നാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര പ്രോപ്പർട്ടി റിസർച്ച് സ്ഥാപനങ്ങളിലൊന്നായ ചൈന ഇൻഡെക്സ് അക്കാദമിയുടെ സർവേ പ്രകാരം, 100 ഓളം സിറ്റികളിൽ വീടുകളുടെ വിലയിൽ തുടർച്ചയായ ആറാം മാസവും ഇടിവ് രേഖപ്പെടുത്തി.

പതിറ്റാണ്ടുകളായി ഏഷ്യ-പസഫിക് മേഖല ചൈനയെ ഒരു പ്രധാന വ്യാപാര പങ്കാളി എന്ന നിലയിലും പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തിക പിന്തുണയ്‌ക്കും ആശ്രയിക്കുന്നു. പാൻഡെമിക്കിനെ ചൈന കൈകാര്യം ചെയ്ത രീതിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഇപ്പോൾ ഏഷ്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്നത്. ബീജിംഗ് സീറോ-കോവിഡ് അവസാനിപ്പിക്കുന്നതിനാൽ ടെസ്‌ല ഇലക്ട്രിക് കാറുകൾ, ആപ്പിൾ ഐഫോണുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണം ട്രാക്കിൽ തിരിച്ചെത്തിയേക്കാം. എന്നാൽ എണ്ണ, ഇരുമ്പയിര് തുടങ്ങിയ ചരക്കുകളുടെ വർദ്ധിച്ച ആവശ്യം വിലക്കയറ്റത്തിനുള്ള തുടർ സാധ്യതകളാണ് സൂചിപ്പിക്കുന്നത്.

Other News