Wednesday, 22 January 2025

യുകെയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സാ ആവശ്യമുള്ള കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ്

യുകെയിൽ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ ആവശ്യമുള്ള കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടെന്ന് എൻഎച്ച്എസ് ഡാറ്റ വെളിപ്പെടുത്തുന്നു. 18 വയസ്സിന് താഴെയുള്ളവർക്കുള്ള  മാനസികാരോഗ്യ ചികിത്സയ്ക്കുള്ള റഫറൻസിൽ ഒരു വർഷത്തിനുള്ളിൽ 39% വർദ്ധനവാണ് കാണിക്കുന്നത്. 2021/22 കാലയളവിൽ ഇത്തരത്തിൽ  ഒരു ദശലക്ഷത്തിലധികം (1,169,515) കുട്ടികളെ എൻഎച്ച്എസ് റഫർ ചെയ്തതായാണ് സൂചന. 2020/21 ൽ  839,570 ഉം 2019/20 ൽ 850,741 ആയിരുന്നു ഇത്. ആത്മഹത്യ പ്രവണത, സെൽഫ് ഹാമിങ്, ഗുരുതരമായ ഡിപ്രഷൻ - ആങ്സൈറ്റി അവസ്ഥകൾ, ഈറ്റിംഗ് ഡിസോർഡറുകൾ എന്നിവയുള്ള കുട്ടികളെയാണ് ഡാറ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ ഈറ്റിംഗ് ഡിസോർഡറുമായി ഹോസ്പിറ്റലിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതായാണ് എൻഎച്ച്എസ് ഡിജിറ്റൽ ഡാറ്റ കാണിക്കുന്നത്. 18 വയസ്സിന് താഴെയുള്ളവർക്കിടയിൽ ഈറ്റിംഗ് ഡിസോർഡർ 82% വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. കുട്ടികൾക്കും യുവാക്കൾക്കും സ്പെഷ്യലിസ്റ്റ് സേവനങ്ങൾ ആവശ്യമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എല്ലാ എയ്ജ് ഗ്രൂപ്പിലുമുള്ള ആളുകളിലും 2022/23 ൽ ഈറ്റിംഗ് ഡിസോർഡർ വർദ്ധിക്കുമെന്നാണ് എൻഎച്ച്എസ് ഡാറ്റ  വെളിപ്പെടുത്തുന്നത്. അനോറെക്സിയ മൂലം 10,808 പേരും ബുളിമിയ മൂലം 5,563 പേരും മറ്റ് ഈറ്റിംഗ് ഡിസോർഡർ അവസ്ഥകൾ മൂലം 12,893 പേരുമാണ് 2021/22-ൽ ചികിത്സ തേടിയത്.

രാജ്യത്തുടനീളമുള്ള 70 കമ്മ്യൂണിറ്റി ടീമുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിന് കുട്ടികളുടെയും യുവാക്കളുടെയും കമ്മ്യൂണിറ്റികളിൽ ഈറ്റിംഗ് ഡിസോർഡർ സേവനങ്ങൾക്ക് മാത്രമായി പ്രതിവർഷം 53 മില്യൺ പൗണ്ടാണ് നിക്ഷേപിക്കുന്നതെന്ന് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ അറിയിച്ചു. ഈറ്റിംഗ് ഡിസോർഡർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മുൻഗണന നല്കും. ഇതിനോടകം പ്രതിവർഷം 2.3 ബില്യൺ പൗണ്ട് മാനസികാരോഗ്യ സേവനങ്ങളിൽ നിക്ഷേപിക്കുന്നുണ്ടെന്നും 2024-ഓടെ അധികമായി 345,000 കുട്ടികൾക്കും യുവാക്കൾക്കും പിന്തുണ ലഭ്യമാക്കാൻ സാധിക്കുമെന്നും ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സൂചിപ്പിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ  27,000 അധിക ജീവനക്കാരെ കൂടി മെൻ്റൽ ഹെൽത്ത് മേഖലയിൽ റിക്രൂട്ട് ചെയ്യും.

 

Other News