യൂറോപ്പിലുടനീളം ശീതകാല ചൂട് റെക്കോർഡ് നിലയിലെന്ന് കാലാവസ്ഥാ റിപ്പോർട്ട്
യൂറോപ്പിലുടനീളമുള്ള നിരവധി രാജ്യങ്ങളിൽ ജനുവരിയിലെ താപനില എക്കാലത്തെയും ഉയർന്ന നിലയിലെത്തി. നെതർലൻഡ്‌സ്, ലിക്റ്റെൻസ്റ്റൈൻ, ലിത്വാനിയ, ലാത്വിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ഡെൻമാർക്ക്, ബെലാറസ് എന്നീ എട്ടു രാജ്യങ്ങളിലെ താപനില ദേശീയ റെക്കോർഡുകൾ തകർത്തു. ജർമ്മനി, ഫ്രാൻസ്, ഉക്രെയ്ൻ എന്നിവിടങ്ങളിലെ പ്രാദേശിക റെക്കോർഡുകളും തകർന്നു. പോളണ്ടിലെ വാർസോയിൽ ഞായറാഴ്ച 18.9C (66F) രേഖപ്പെടുത്തിയപ്പോൾ സ്‌പെയിനിലെ ബിൽബാവോയിൽ 25.1C രേഖപ്പെടുത്തി - ശരാശരിയേക്കാൾ 10 ഡിഗ്രി ആണ് കൂടുതൽ.
നോർത്ത് അമേരിക്ക കാഠിന്യമേറിയ ശീതകാല തണുപ്പും കനത്ത കൊടുങ്കാറ്റും അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് യൂറോപ്പ് താരതമ്യേന ചൂടൻ ശീതകാലത്തിലൂടെ കടന്നു പോകുന്നത്. എന്നാൽ, അറ്റ്ലാന്റിക്കിനോട് ചേർന്നു കിടക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ വർഷത്തിന്റെ തുടക്കത്തിൽ കാലാവസ്ഥ സുഖകരമായാണ് അനുഭവപ്പെടുന്നത്. സ്കാൻഡിനേവിയയുടെയും മോസ്കോയുടെയും ചില ഭാഗങ്ങളിൽ താരതമ്യേന കുറഞ്ഞ താപനിലയും മഞ്ഞു വീഴ്ചയും ഉണ്ടാകുമെന്നും, വാരാന്ത്യത്തോടെ -20 ഡിഗ്രിയായി കുറയുമെന്നും കാലാവസ്ഥ പ്രവചനം പറയുന്നു.
യുകെ, അയർലൻഡ്, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങൾ 2022 നെ ഏറ്റവും ചൂടേറിയ വർഷമായി പ്രഖ്യാപിച്ചു. യുകെയിൽ, വർഷം മുഴുവനും ചൂടു കൂടുതൽ ആയിരുന്നെങ്കിലും, ഡിസംബറിലെ ചൂട് ശരാശരിയേക്കാളും മുകളിലാണ് രേഖപ്പെടുത്തിയത്. ഉഷ്ണ തരംഗങ്ങൾ വേനൽക്കാലത്തെ അത്ര തീവ്രമായിരുന്നില്ലെന്നു മാത്രം. ഇൻഡസ്ട്രിയൽ യുഗം ആരംഭിച്ചതിനുശേഷം ലോകമെമ്പാടും 1.1C ഡിഗ്രി ചൂട് കൂടിയിട്ടുണ്ട്. ലോക രാജ്യങ്ങൾ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ശക്തമായ നടപടികൾ എടുത്തില്ലെങ്കിൽ താപനില പ്രവചനാതീതമായി വർദ്ധിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.