Thursday, 07 November 2024

യുകെയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് കുതിച്ചുയരുന്നു. പുതിയ കാറുകളുടെ വില്പന 30 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

യുകെയിലെ പുതിയ കാറുകളുടെ കഴിഞ്ഞ വർഷത്തെ രജിസ്ട്രേഷൻ 30 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കി. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വർദ്ധിച്ചു. പുതിയ കാർ വിൽപ്പനയുടെ അഞ്ചിലൊന്നും ഇലക്ട്രിക് കാറുകളാണ്.  എന്നാൽ വർദ്ധിച്ചുവരുന്ന ഡിമാൻഡ് നേരിടാനാവശ്യമായ ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നതിന് സാധിച്ചിട്ടില്ലെന്ന്, സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (എസ്എംഎംടി) മുന്നറിയിപ്പ് നൽകി. 2022-ൽ യുകെയിൽ 1.61 ദശലക്ഷം പുതിയ കാറുകൾ രജിസ്റ്റർ ചെയ്തു. ഇത് 1992 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന സംഖ്യയാണ്. പുതിയ വാഹനങ്ങളുടെ ആവശ്യം ഉയർന്നെങ്കിലും, അവയുടെ പാർട്സ് ആവശ്യത്തിന് ഉത്പാദിപ്പിക്കുന്നതിൽ മാനുഫാക്ചേഴ്‌സ് പരാജയപ്പെട്ടു.

കോവിഡ് പാൻഡെമിക്കിന്റെ ആഘാതത്തിൽ നിന്നും വിപണി പൂർണ്ണമായും കരകയറിയിട്ടില്ല. പാൻഡെമിക്കിനെ തുടർന്നുണ്ടായ ലോക്ക്ഡൗണുകളും മറ്റ് നിയന്ത്രണങ്ങളുമുണ്ടായ 2021-നെ അപേക്ഷിച്ച് സെയിൽസ് കുറവായിരുന്നു. പാൻഡെമിക്കിന് മുൻപത്തെ വർഷത്തെ, അതായത് 2019-ലെ സെയിൽസിനെ അപേക്ഷിച്ച് ഏകദേശം 25% ഇടിവാണ് 2022 ൽ ഉണ്ടായത്.  എന്നാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ സെയിൽസ് ഗണ്യമായി വർദ്ധിച്ചെന്ന് എസ്എംഎംടി ചീഫ് എക്സിക്യൂട്ടീവ് മൈക്ക് ഹാവ്സ് പറഞ്ഞു. 2023-ൽ ഏകദേശം 1.8 ദശലക്ഷം സെയിൽസ് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇലക്ട്രിക് കാറുകളുടെ വിൽപ്പന ഗണ്യമായി വർദ്ധിച്ചു, സെയിൽസ് 190,700 ൽ നിന്ന് 267,000 ആയി ഉയർന്നു. മാർക്കറ്റ് ഷെയർ 11.6% ൽ നിന്ന് 16.6% ആയി ഉയർന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഭൂരിഭാഗവും, ഏതാണ്ട് 66.7% ഉം 2022 ൽ വാങ്ങിയത് ബിസിനസ്സുകളും ഫ്ലീറ്റ് കസ്റ്റമേഴ്സുമാണ്. എന്നാൽ, ഗവൺമെൻ്റ് നയത്തെക്കുറിച്ചും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിന്റെ വികസനത്തെക്കുറിച്ചും എസ്എംഎംടി യ്ക്ക് ആശങ്കയുണ്ടെന്നും ഹാവ്സ് സൂചിപ്പിച്ചു. 2024-ൽ പ്രാബല്യത്തിൽ വരുന്ന സീറോ എമിഷൻ വെഹിക്കിൾ (ZEV) മാൻഡേറ്റ് പ്രകാരം ഒരു നിശ്ചിത അനുപാതം ഇലക്ട്രിക് കാറുകൾ സെയിൽ ചെയ്യാൻ മാനുഫാക്ചേഴ്‌സിനെ നിർബന്ധിതരാകും.

Other News