Wednesday, 22 January 2025

ഒൻപത് സാറ്റലൈറ്റുകൾ നഷ്ടപ്പെട്ടു. കോസ്മിക് ഗേൾ തിരിച്ചിറങ്ങി. ബ്രിട്ടൻ്റെ മണ്ണിൽ നിന്നുള്ള ആദ്യ സാറ്റലൈറ്റ് ലോഞ്ചിംഗ് പരാജയം

ബ്രിട്ടൻ്റെ മണ്ണിൽ നിന്നുള്ള ആദ്യ സാറ്റലൈറ്റ് ലോഞ്ചിംഗ് ശ്രമം പരാജയപ്പെട്ടു. ഇതേത്തുടർന്ന് ഒൻപത് സാറ്റലൈറ്റുകൾ നഷ്ടമായി. സാറ്റലൈറ്റ് കാരിയറായ കോസ്മിക് ഗേൾ സുരക്ഷിതമായി തിരിച്ചിറങ്ങി. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സാറ്റലൈറ്റ് റോക്കറ്റ് ലോഞ്ചറിനെ വഹിക്കുന്ന കോസ്മിക് ഗേൾ എന്നു പേരിട്ട മോഡിഫൈഡ്  ജംബോ ജെറ്റ് 747 ബ്രിട്ടൻ്റെ മണ്ണിൽ നിന്ന് കുതിച്ചുയർന്നത്. കോൺവാളിലെ സ്പേസ് പോർട്ടിൽ ഇതിനു സാക്ഷിയാകാൻ രണ്ടായിരത്തോളം പേർ എത്തിയിരുന്നു.

സർ റിച്ചാർഡ് ബ്രാൻസൺ സ്ഥാപിച്ച അമേരിക്കൻ കമ്പനിയായ വിർജിൻ ഓർബിറ്റ് ആണ് കോസ്മിക് ഗേൾ ഓപ്പറേറ്റ് ചെയ്യുന്നത്. ജംബോ ജെറ്റിൻ്റെ ഇടതു ചിറകിനടിയിൽ റോക്കറ്റ് വൺ ലോഞ്ചർ ഘടിപ്പിച്ചാണ് കോസ്മിക് ഗേൾ ചരിത്ര യാത്ര തുടങ്ങിയത്. ഇതിൽ മിലിട്ടറി, സിവിൽ ആവശ്യങ്ങൾക്കുള്ള ഒൻപത് സാറ്റലൈറ്റുകൾ ഉണ്ടായിരുന്നു. പദ്ധതിയിട്ടിരുന്നതു പോലെ ലോഞ്ചർ വൺ റോക്കറ്റിനെ കോസ്മിക് ഗേൾ സതേൺ കോസ്റ്റ് ഓഫ് അയർലണ്ടിനു മുകളിൽ നിശ്ചിത ഡ്രോപ് സോണിൽ ആദ്യഘട്ടത്തിൽ വിജയകരമായി നിക്ഷേപിച്ചു.

Crystal Media UK Youtube channel 

കോസ്മിക് ഗേളിൽ നിന്നു വേർപെട്ട റോക്കറ്റിൻ്റെ എഞ്ചിനുകൾ പ്രവർത്തന ക്ഷമമാവുകയും തുടർന്ന് ഹൈപ്പർ സോണിക് സ്പീഡിൽ സ്പേസിനെ ലക്ഷ്യമാക്കി കുതിക്കുകയും ചെയ്തു. പിന്നീട് റോക്കറ്റിൻ്റെ ആദ്യ സ്റ്റേജ് വിജയകരമായി വേർപെടുകയും രണ്ടാം സ്റ്റേജ് റോക്കറ്റിൻ്റെ ജ്വലനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേ സമയം മണിക്കൂറിൽ 11,000 മൈൽ സ്പീഡിലാണ് റോക്കറ്റ് കുതിച്ചിരുന്നത്. ഈ ഘട്ടത്തിൽ സാങ്കേതിക തകരാറുണ്ടാവുകയും റോക്കറ്റ് വൺ ലോഞ്ചറിൻ്റെ ഫൈനൽ സ്റ്റേജ് തകരുകയുമായിരുന്നു.

തകർന്ന റോക്കറ്റ് ലോഞ്ചർ താഴേയ്ക്ക് പതിക്കുകയും ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചതിനു ശേഷം റോക്കറ്റും സാറ്റലൈറ്റുകളും കത്തിയമർന്നതായി അനുമാനിക്കുന്നുവെന്നുമാണ് ദി യുകെ സ്പേസ് ഏജൻസി പറയുന്നത്. നോർത്ത് അറ്റ്ലാൻ്റിക്കിനു മുകളിൽ വച്ചാണ് ഇത് സംഭവിച്ചത്. കാരിയറായ കോസ്മിക് ഗേൾ കോൺവാളിനടുത്തുള്ള ന്യൂക്വീയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

സാറ്റലൈറ്റുകളെ തദ്ദേശീയമായി സ്പേസിൽ എത്തിക്കാനുള്ള ബ്രിട്ടീഷ് സ്പേസ് ഇൻഡസ്ട്രിയുടെ ചരിത്രത്തിലെ ആദ്യ ശ്രമമായിരുന്നു ഇത്. നിലവിൽ മറ്റു രാജ്യങ്ങളിൽ നിന്നാണ് ബ്രിട്ടീഷ് സാറ്റലൈറ്റുകളെ സ്പേസിൽ വിക്ഷേപിക്കുന്നത്. പരാജയ കാരണങ്ങൾ പഠിച്ചു വരികയാണെന്നും അടുത്ത 12 മാസത്തിനുള്ളിൽ വീണ്ടും ലോഞ്ചിംഗ് നടത്തുമെന്നും യുകെ സ്പേസ് ഏജൻസിയുടെ ഡെപ്യൂട്ടി സിഇഒ ഇയൻ അനെറ്റ് പറഞ്ഞു. തകർന്ന സാറ്റലൈറ്റുകൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നതിനാൽ ഇതിൻ്റെ മാനുഫാക്റിനും ഓപ്പറേറ്റിംഗ് കമ്പനിയ്ക്കും നഷ്ടപരിഹാരം ലഭിക്കും.

Other News