Monday, 16 September 2024

കറുത്ത വംശജർ ഓർഗൻ ട്രാൻസ്പ്ലാൻ്റ്സിനായി ആറുമാസം വരെ കാത്തിരിക്കേണ്ടി വരുന്നു എന്ന് എൻഎച്ച്എസ് ഡാറ്റ

യുകെയിൽ കറുത്ത വംശജരായ പേഷ്യൻ്റ്സ് ഓർഗൻ ട്രാൻസ്പ്ലാൻ്റ്സിനു വേണ്ടി ശരാശരി ആറുമാസം വരെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് എൻഎച്ച്എസ് ഡാറ്റ സൂചിപ്പിക്കുന്നു. ഒരേ വംശത്തിൽപ്പെട്ട ഒരാളിൽ നിന്ന് മാത്രമേ അവയവ മാറ്റത്തിന് അനുയോജ്യമായ ഓർഗൻ ലഭിക്കുകയുള്ളൂ. 2021/22 ലെ ഡോണേഴ്‌സിൽ 2% മാത്രമാണ് ജനസംഖ്യയുടെ 4% ഉള്ള കറുത്ത വംശജരുടെ എണ്ണം. വെള്ളക്കാരെ അപേക്ഷിച്ച് കറുത്ത വംശജർ അവയവദാനത്തിന് സമ്മതിക്കാനുള്ള സാധ്യത കുറവാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

വംശീയ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള കൂടുതൽ ആളുകൾ ഓർഗൻ ഡൊണേഷന് മുന്നോട്ട് വരേണ്ട "അടിയന്തിര ആവശ്യ"മുണ്ടെന്ന് എൻഎച്ച്എസ് അറിയിച്ചു. എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്‌പ്ലാന്റ് റിപ്പോർട്ട് കാണിക്കുന്നത് യുകെയിലുള്ള എല്ലാ വംശജരുടെയും വെയ്റ്റിംഗ് ടൈം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, കറുത്ത വംശജർ കിഡ്നി ഡോണറെ കിട്ടുന്നതിനായി ശരാശരി 735 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നുവെന്നാണ്. സാധാരണക്കാരുടെ ശരാശരി വെയ്റ്റിംഗ് ടൈം 550 ദിവസമാണ്. ഏഷ്യൻ ജനതയ്ക്ക് ഇത് 650 ദിവസവും വെള്ളക്കാർക്ക് 488 ദിവസവുമാണ്. വെയിറ്റിംഗ് ലിസ്റ്റിലുള്ളവരിൽ ഭൂരിഭാഗം ആളുകളും കിഡ്നി പേഷ്യൻ്റ്സ് ആണ്. കൂടാതെ ചില ദൈർഘ്യമേറിയ കാത്തിരിപ്പുകളും ഉണ്ടാകാറുണ്ട്. അതിനു കാരണം, മറ്റ് അവയവങ്ങൾക്ക് ബ്ലഡ് ഗ്രൂപ്പ് പൊരുത്തപ്പെടുത്തൽ മാത്രമേ ആവശ്യമുള്ളൂ എങ്കിൽ കിഡ്നി ട്രാൻസ്പ്ലാൻറ് ചെയ്യാൻ ബ്ലഡും ടിഷ്യു ടൈപ്പും പൊരുത്തപ്പെടണം. മറ്റ് അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനുള്ള വെയ്റ്റിംഗ് കാലയളവിലും സമാനമായ അസമത്വങ്ങളുണ്ട്. കറുത്ത വംശജരുടെ  വിഭാഗത്തിൽ നിന്ന് ഓർഗൻ ഡോണേഷനു സന്നദ്ധരായ ആളുകൾ കുറവായതു കൊണ്ട് അവർ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുന്നു.

ഇംഗ്ലണ്ടിലെ ഓർഗൻ ഡോണേഷനെ സംബന്ധിച്ച നിയമം 2020-ൽ ഓപ്റ്റ് ഔട്ട് സിസ്റ്റം ആക്കി. അതനുസരിച്ച്, ഡോണേറ്റ് ചെയ്യേണ്ടതില്ലെന്ന തീരുമാനം രേഖപ്പെടുത്തുന്നില്ലെങ്കിൽ ആളുകൾ സമ്മതം നൽകിയതായി കരുതും. 2021-ൽ സ്കോട്ട്‌ലൻഡ് ഈ സിസ്റ്റം സ്വീകരിച്ചു, അതേസമയം വെയിൽസ് 2015 മുതൽ ഈ സമീപനം സ്വീകരിച്ചിരുന്നു. നോർത്ത് അയർലൻഡിൽ, കഴിഞ്ഞ വർഷമാണ് നിയമം മാറ്റിയത്. ട്രാൻസ്പ്ലാൻറ് സേവനങ്ങൾ പാൻഡെമിക്കിൽ നിന്ന് കരകയറുന്നതേ ഉള്ളൂ. അതിനാൽ കഴിഞ്ഞ വർഷം യുകെയിലെ ഓർഗൻ ഡോണേഴ്‌സിൻ്റെ എണ്ണം നിയമത്തിലെ മാറ്റത്തിന് മുമ്പുള്ളതിനേക്കാൾ കുറവാണ്.

ഓപ്റ്റ് ഔട്ട് സമീപനം അവതരിപ്പിച്ചെങ്കിലും, ഓർഗൻ ഡോണേറ്റ് ചെയ്യുന്നതിനുള്ള തീരുമാനത്തിൽ മരണമടഞ്ഞ ആളുകളുടെ കുടുംബങ്ങൾ ഇപ്പോഴും പങ്കാളികളാണ്. തങ്ങളുടെ പ്രിയപ്പെട്ടവർ എന്താണ് ആഗ്രഹിക്കുന്നതെന്ന് ആളുകൾക്ക് ഉറപ്പില്ലാത്തതാണ് കറുത്ത വംശജരുടെ കുടുംബങ്ങൾ സമ്മതിക്കാത്തതിന്റെ പ്രധാന കാരണമെന്ന് എൻഎച്ച്എസ് റിപ്പോർട്ട് കണ്ടെത്തി. കൂടുതൽ ഓർഗൻ ഡോണേഴ്‌സിനെ ആവശ്യമുണ്ട്, പ്രത്യേകിച്ച് കറുത്ത വംശജരും ഏഷ്യൻ വംശജരും. ഓർഗൻ ഡോണേറ്റ് ചെയ്യാനുള്ള തീരുമാനം രജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം കുടുംബങ്ങളുമായി ഈ തീരുമാനം പങ്കിടുക കൂടി വേണം, എന്നാൽ മാത്രമേ, പ്രിയപ്പെട്ടവർക്ക് അവരുടെ ആഗ്രഹങ്ങൾ മരണശേഷം നിവർത്തിക്കാൻ സാധിക്കൂ എന്ന് ആരോഗ്യമന്ത്രി നീൽ ഒബ്രിയൻ പറഞ്ഞു.

Other News