Monday, 16 September 2024

പി ആർ അപേക്ഷാ ഫീസ് കുറയ്ക്കണമെന്ന ആവശ്യത്തിൽ പ്രതികരണമറിയിക്കാൻ അഞ്ചു ദിവസം മാത്രം. ആവശ്യം ബ്രിട്ടീഷ് പാർലമെൻ്റിൽ ചർച്ചയ്ക്ക്. അവസരം വിനിയോഗിക്കാൻ പരമാവധി ശ്രമിക്കുക

ബിനോയി ജോസഫ്

ബ്രിട്ടണിൽ ജോലി ചെയ്യുന്ന ഹെൽത്ത് വർക്കേഴ്സിന് പെർമനൻ്റ് റസിഡൻസിയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഭീമമായ ഫീസിൽ കുറവു വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഇ - പെറ്റീഷൻ ബ്രിട്ടീഷ് പാർലമെൻ്റ് ചർച്ച ചെയ്യും. ജനുവരി 30 തിങ്കളാഴ്ച വൈകുന്നേരം 4.30 നാണ് പാർലമെൻ്റ് പെറ്റീഷൻസ് കമ്മിറ്റി ഈ വിഷയം പരിഗണിക്കുന്നത്. എം.പിയായ റ്റോണിയ അൻ്റോണിയാസി ഇതിനു നേതൃത്വം നല്കും.  യുകെയിൽ ഭാവിയിൽ പി ആറിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള സുവർണാവസരം ഇതിൽ പാർലമെൻ്റ് പെറ്റീഷൻസ് കമ്മിറ്റി നൽകിയിട്ടുണ്ട്. ജനുവരി 13 ന് പബ്ളിഷ് ചെയ്തിരിക്കുന്ന സർവേ ലിങ്കിലുള്ള  ചോദ്യങ്ങൾക്ക് നല്കുന്ന പ്രതികരണം  എം.പിമാരുടെ കമ്മിറ്റി പരിഗണിക്കും. ജനുവരി 18 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സർവേ അവസാനിക്കും. ഇക്കാര്യങ്ങൾ ക്രോഡീകരിച്ചുള്ള ഒരു ചർച്ചയാകും പാർലമെൻറിൽ നടക്കുന്നത്.

പുതിയതായി യുകെയിലേയ്ക്ക് കുടിയേറിയ മലയാളികൾ അടക്കമുള്ളവർക്ക് ഭാവിയിൽ പ്രയോജനം ചെയ്യുന്ന ഒരു പ്രധാന കാര്യമാണ് ബ്രിട്ടീഷ് പാർലമെൻ്റ് ചർച്ചയ്ക്ക് എടുക്കുന്നത്. പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് പൊതുജനങ്ങൾക്ക് കാര്യകാരണ സഹിതം വാദങ്ങൾ ഉന്നയിക്കാനുള്ള സുവർണാവസരം നൽകുകയെന്ന മഹത്തായ പാരമ്പര്യമാണ് ബ്രിട്ടൻ പിന്തുടരുന്നത്. 30,000 ലേറെപ്പേർ പങ്കെടുത്ത കൺസൾട്ടേഷനിലൂടെ ഐ ഇ എൽ ടി എസ് സ്കോർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ എൻഎംസി തീരുമാനിച്ചത് ഇതിനൊരു ഉദാഹരണമാണ്.

ബ്രിട്ടീഷ് പാർലമെൻ്റിൻ്റെ ഈ സർവേയിൽ പങ്കെടുക്കുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യുക. കൂടാതെ മറ്റുള്ളവർക്കും ഇതിൻ്റെ ലിങ്ക് ദയവായി ഷെയർ ചെയ്യുക.

British Parliament Petitions Committee Survey on Permanent Residency Application fee


സർവേയിൽ പേരോ ഈ മെയിൽ അഡ്രസോ നൽകേണ്ടതില്ല. സർവേയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ ചുരുക്കം പാർലമെൻറിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും എം.പിമാരുമായി ഷെയർ ചെയ്യുകയും ചെയ്യും. മൂന്നും അഞ്ചും ചോദ്യങ്ങളിൽ പി ആർ ഫീസ് എന്തുകൊണ്ട് കുറയ്ക്കണമെന്ന വാദമുഖങ്ങൾ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് നൽകാവുന്നതാണ്. യുകെയിലേയ്ക്ക് കുടിയേറിയിരിക്കുന്നവരിൽ ഭൂരിഭാഗവും പി ആറിന് അപേക്ഷിക്കുമ്പോൾ, ഡിപ്പൻഡൻ്റായിട്ടുള്ളവർക്കും ഇത്രയും ഉയർന്ന ഫീസ് നൽകേണ്ടി വരുന്നത് വൻ സാമ്പത്തിക ഭാരം ഉണ്ടാക്കുമെന്നതും ഇതുകൂടാതെ വിസാ അപ്പോയിൻ്റ്മെൻറ് ഫീസ്, ഫാസ്റ്റ് ട്രാക്കിംഗ് ഫീസ്, ലൈഫ് ഇൻ ദി യുകെ ടെസ്റ്റ് ഫീസ്, ഇംഗ്ലീഷ് ടെസ്റ്റ് ഫീസ് എന്നിവയും യുകെയിലെ ഉയർന്ന ജീവിതച്ചെലവ്, ഇൻഫ്ളേഷൻ എന്നിവയടക്കമുള്ള വാദങ്ങളും നിരത്താൻ കഴിയും. ഇപ്പോഴത്തെ പി ആർ അപേക്ഷ നിരക്ക് 2404 പൗണ്ടാണ്. ഇതനുസരിച്ച് നാലുപേരുള്ള ഒരു കുടുംബത്തിന് പി ആർ ലഭിക്കാൻ 9616 പൗണ്ട് ഫീസായി നൽകണം. ഇതു പോലെയുള്ള ഉദാഹരണങ്ങളും സർവേയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഇ- പെറ്റീഷൻ തയ്യാറാക്കിയ സമയത്തെ ഡാറ്റാ പ്രകാരം പി ആർ ആപ്ളിക്കേഷൻ പ്രോസസ് ചെയ്യാൻ ഹോം ഓഫീസിന് വരുന്ന ചെലവ് 243 പൗണ്ടായിരുന്നു. നവംബർ 2022 ലെ നിരക്കനുസരിച്ച് ഇതിപ്പോൾ 491 പൗണ്ടാണ്. അതായത് അഡ്മിനിസ്ട്രേറ്റീവ് ചെലവിൻ്റെ അഞ്ചിരട്ടിയോളമാണ് നിലവിൽ ഫീസായി ഈടാക്കുന്നത്. ഇക്കാര്യം അഞ്ചാമത്തെ ചോദ്യത്തിന് മറുപടിയായി നൽകാൻ കഴിയും.

ബ്രിട്ടണിൽ ജോലി ചെയ്യുന്ന എല്ലാവരെയും പോലെ തന്നെ ടാക്സും നാഷണൽ ഇൻഷുറൻസും നൽകുന്ന ഹെൽത്ത് സെക്ടറിലുള്ളവരുടെ പി ആർ അപേക്ഷയ്ക്ക് ഇത്രയും ഉയർന്ന ഫീസ് ഈടാക്കുന്നത് നീതീകരിക്കാവുന്നതല്ലെന്ന് സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞാൽ തീർച്ചയായും ഇക്കാര്യത്തിൽ മാറ്റമുണ്ടാവും. കൂടാതെ പി ആർ ലഭിക്കുന്നതു വരെ പബ്ളിക് ഫണ്ടുകൾ പ്രയോജനപ്പെടുത്താൻ സാധിക്കുകയില്ലെന്ന നിബന്ധനയും വിസയിൽ പറഞ്ഞിട്ടുണ്ടെന്നതും എടുത്തു പറയാവുന്നതാണ്. അഞ്ചു വർഷം ഫുൾ ടൈം ജോലി ചെയ്തതിനു ശേഷം ആർജിച്ചെടുക്കുന്ന പി ആർ എന്ന അവകാശം ഔദ്യോഗിക രേഖയാക്കുമ്പോൾ അപേക്ഷകരെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്ന നയം ഗവൺമെൻ്റ് തിരുത്തണമെന്ന വാദവും ഉന്നയിക്കാവുന്നതാണ്.

പെർമനൻ്റ് റെസിഡൻസിയ്ക്കുള്ള അപേക്ഷാ ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മലയാളി നഴ്സ് തുടങ്ങിയ ഇ - പെറ്റീഷൻ 34,392 പേർ ഒപ്പുവച്ചിട്ടുണ്ട്. 10,000 ഒപ്പുകൾ എന്ന ടാർജറ്റ് കഴിഞ്ഞപ്പോൾ ഹോം ഓഫീസ് ഇതിൽ പ്രതികരിച്ചിരുന്നു. ലൂട്ടണിൽ താമസിക്കുന്ന മലയാളി നഴ്സായ മിക്ടിൻ ജനാർദ്ദനൻ പൊൻമലയാണ് ബ്രിട്ടണിലെ ഏറ്റവും ജനാധിപത്യപരമായ പബ്ളിക് റെസ്പോൺസ് സിസ്റ്റമായ ഇ - പെറ്റീഷനിലൂടെ എൻഎച്ച്എസിലെ ഹെൽത്ത് കെയർ വർക്കേഴ്സിനായി സുഹൃത്തുകളുടെ പിന്തുണയോടെ പോരാട്ടത്തിനിറങ്ങിയത്. പൊതുജന താത്പര്യമുള്ള വിഷയങ്ങളാണ് ഇ - പെറ്റീഷനിലൂടെ ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുന്നത്. വിഷയത്തിൻ്റെ ഹ്രസ്വമായ വിവരണം ഇ - പെറ്റീഷൻ കമ്മിറ്റിയ്ക്ക് സമർപ്പിക്കുകയാണ് ആദ്യമായി ചെയ്യുന്നത്. ബ്രിട്ടണിൽ താമസക്കാരായ ആർക്കും ഇ - പെറ്റീഷൻ തുടങ്ങാം. ഇ - പെറ്റീഷൻ കമ്മിറ്റി അപ്രൂവ് ചെയ്ത് കഴിഞ്ഞാൽ സോഷ്യൽ മീഡിയയിലൂടെ ക്യാമ്പയിൻ നടത്താം. ഇത് തികച്ചും നിയമപരമായ കാര്യമാണ്. ഇതിൽ ഒപ്പുവയ്ക്കുന്നത് ഒരിക്കലും ഗവൺമെൻ്റിനെതിരായ നടപടിയല്ല.

പൊതുജനാവശ്യങ്ങൾ ഗവൺമെൻ്റിൻ്റെ സത്വര ശ്രദ്ധയിൽ കൊണ്ടുവരാൻ ഗവൺമെൻ്റ് തന്നെ നല്കിയിരിക്കുന്ന മാർഗമാണ് ഇ - പെറ്റീഷനുകൾ. ഇതിൽ ഒപ്പുവയ്ക്കുന്നത് ജോലിയ്ക്കോ ഭാവിയിലെ വിസാ ആപ്ളിക്കേഷനുകൾക്കോ ഒരു തടസവും ഉണ്ടാക്കുകയില്ല. ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ന് അപേക്ഷിക്കുമ്പോൾ ഒരാൾക്ക് 2396 പൗണ്ടാണ് ഹോം ഓഫീസ് ഈടാക്കുന്നത്. നാല് പേരടങ്ങുന്ന ഒരു കുടുംബം അപേക്ഷിക്കുമ്പോൾ ആകെ തുക 10,000 പൗണ്ട് കടക്കും. വിസാ ഫീസിന് പുറമേ വിസാ അപ്പോയിൻ്റ്മെൻറ് ഫീസ്, ആപ്ളിക്കേഷൻ ഫാസ്റ്റ് ട്രാക്കിംഗ് ഫീസ് തുടങ്ങിയവ വേറെയും. യുകെയിൽ പുതുതായി എത്തുന്ന ഒരു നഴ്സിന് ഏകദേശം 25,000 പൗണ്ടോളമേ ശമ്പളം കിട്ടുന്നുള്ളൂ. ഇവിടെ അഞ്ച് വർഷം പൂർത്തിയാക്കിക്കഴിയുമ്പോൾ ശമ്പളം അല്പം കൂടി കൂടിയേക്കാം. എന്നാൽ ടാക്സും നാഷണൽ ഇൻഷുറൻസും റെൻ്റും മറ്റു ജീവിതച്ചിലവുകളും കഴിയുമ്പോൾ മിച്ചം വയ്ക്കാൻ കാര്യമായൊന്നും ഉണ്ടാവില്ല. അതിനൊപ്പം ഭീമമായ വിസാ ഫീസ് ഈടാക്കുന്നത് കുറയ്ക്കണമെന്നാണ് മിക്ടിൻ ഇ - പെറ്റീഷനിൽ ആവശ്യപ്പെട്ടിരുന്നത്. പെർമനൻ്റ് റെസിഡൻസി ആപ്ളിക്കേഷൻ പ്രോസസ് ചെയ്യുന്നതിന് 243 പൗണ്ട് മാത്രമേ ഹോം ഓഫീസിന് ചിലവുള്ളൂ.

ബ്രിട്ടീഷ് ആംഡ് ഫോഴ്സസിൽ ജോലി ചെയ്യുന്ന ഓവർസീസ് സിറ്റിസൺസിൻ്റെ വിസാ ആപ്ളിക്കേഷൻ ഫീയിൽ ഹോം ഓഫീസ് ഇളവ് നല്കിയിരുന്നു. വളരെ നാളുകൾ നീണ്ടു നിന്ന ആ ക്യാമ്പയിനിൻ്റെ വിജയം എൻഎച്ച്എസിലെ ഹെൽത്ത് കെയർ വർക്കേഴ്സിനായുള്ള ഈ നീക്കത്തിനും ഊർജം പകരുന്നതാണെന്ന് മിക്ടിൻ മലയാളം ടൈംസിനോട് പറഞ്ഞു. എൻഎച്ച്എസിലെ ഹെൽത്ത് കെയർ വർക്കേഴ്സും അവരുടെ കുടുംബാംഗങ്ങളും യുകെയിൽ നിലവിൽ പെർമനൻ്റ് റസിഡൻസി ലഭിച്ചിട്ടുള്ളവരും സിറ്റിസൺഷിപ്പ് നേടിയവരും വിവിധ മലയാളി സംഘടനകളും കൂട്ടായി പരിശ്രമിച്ചാൽ പി ആർ ഫീസ് കുറയ്ക്കാനുള്ള പോരാട്ടം ഫലപ്രാപ്തിയിലെത്തും.

Crystal Media UK Youtube channel 

Other News