അതിരു കടക്കുന്ന പ്രതിഷേധങ്ങൾക്ക് തടയിടാൻ പോലീസിൻ്റെ അധികാരം വിപുലീകരിക്കുന്നു
അതിരു കടക്കുന്ന പ്രതിഷേധാഹ്വാനങ്ങൾക്ക് തടയിടാൻ പോലീസിൻ്റെ അധികാരം വിപുലീകരിക്കാൻ പുതിയ പദ്ധതികളുമായി ബ്രിട്ടീഷ് ഗവൺമെൻ്റ. ഇതു പ്രകാരം, ഗുരുതരമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിന് മുമ്പ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ പോലീസിന് അധികാരം ഉണ്ടാകും. റോഡുകൾ ബ്ലോക്ക് ചെയ്യുക, സ്ലോ മാർച്ചിംഗ് തുടങ്ങിയ തന്ത്രങ്ങൾ ഉപയോഗിക്കുന്ന പ്രതിഷേധക്കാരെ തടയാൻ പുതിയ മാറ്റം ഉദ്യോഗസ്ഥരെ സഹായിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. കൂടുതൽ ഫ്ലെക്‌സിബിലിറ്റിയും വ്യക്തതയും പോലീസ് ഫോഴ്സിന് ലഭിക്കാൻ മാറ്റങ്ങൾ സഹായിക്കുമെന്നും അതിൽ പറയുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ പ്രതിഷേധിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നാക്രമണമാണെന്ന് ഹ്യൂമൻ റൈറ്റ്സ് സംഘടനയായ ലിബർട്ടി പറഞ്ഞു. തിങ്കളാഴ്ച അവതരിപ്പിക്കാനിരിക്കുന്ന പബ്ലിക് ഓർഡർ ബില്ലിന്റെ ഭേദഗതിയിൽ ഈ പുതിയ പദ്ധതികൾ ഉൾപ്പെടുത്തും.
പരിസ്ഥിതി പ്രവർത്തകരായ ജസ്റ്റ് സ്റ്റോപ്പ് ഓയിൽ, ഇൻസുലേറ്റ് ബ്രിട്ടൻ, എക്‌സ്‌റ്റിൻക്ഷൻ റിബലിയൻ തുടങ്ങിയ ഗ്രൂപ്പുകളുടെ അതിരുകടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇംഗ്ലണ്ടിനെയും വെയിൽസിനെയും ഉൾക്കൊള്ളുന്ന ബിൽ നിലവിൽ ഹൗസ് ഓഫ് ലോർഡ്‌സിന്റെ സൂക്ഷ്മപരിശോധനയിലാണ്. ഈ ഘട്ടത്തിൽ പുതിയ മാറ്റങ്ങൾ നിയമമാകുന്നതിന് മുമ്പ് പിയർ ഗ്രൂപ്പിന് തടയാനാകും. പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ പോലീസിന്റെ അധികാരം വർദ്ധിപ്പിക്കാനുള്ള മുൻ ശ്രമങ്ങൾ വിമർശനങ്ങൾ ഉയർത്തിയ സാഹചര്യത്തിൽ, പുതിയ ബിൽ ശക്തമായ എതിർപ്പിന് കാരണമാകാനാണ് സാധ്യത.
ഒരു മൈനോറിറ്റി ഗ്രൂപ്പ് നടത്തുന്ന പ്രതിഷേധങ്ങൾ സാധാരണ ജനങ്ങളുടെ ജീവിതം തടസ്സപ്പെടുത്തുന്ന വിധത്തിലാകരുതെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പറഞ്ഞു. വ്യക്തികളുടെ അവകാശങ്ങളും ഭൂരിപക്ഷത്തിന് അവരുടെ ദൈനംദിന ജോലികൾ ചെയ്യാനുള്ള അവകാശവും ബാലൻസ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ബിൽ ആത്മവിശ്വാസത്തോടെയും വേഗത്തിലും നടപടിയെടുക്കുന്നതിനും ഉചിതമായ സന്ദർഭങ്ങളിൽ അറസ്റ്റ് ചെയ്യുന്നതിനും ഉദ്യോഗസ്ഥരെ സഹായിക്കും എന്ന് പബ്ലിക് ഓർഡർ ആൻഡ് പബ്ലിക് സേഫ്റ്റിക്കു വേണ്ടിയുള്ള നാഷണൽ പോലീസ് ചീഫുകളുടെ കൗൺസിൽ ഹെഡ് കോൺസ്റ്റബിളായ ബിജെ ഹാരിംഗ്ടൺ പറഞ്ഞു. എന്നാൽ ഈ നിർദ്ദേശങ്ങൾ സാധാരണക്കാരുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണെന്ന് മനുഷ്യാവകാശ ഗ്രൂപ്പായ ലിബർട്ടിയുടെ ഡയറക്ടർ മാർത്ത സ്‌പുരിയർ പറഞ്ഞു. ഗുരുതരമായ തടസ്സം സൃഷ്ടിക്കുന്നതിനു മുൻപ് പ്രതിഷേധം തടയാൻ പോലീസിനെ അനുവദിക്കുന്നത് അപകടകരമായ തീരുമാനമാണെന്നും അവർ പറഞ്ഞു.
നിലവിലുള്ള നിയമപ്രകാരം, ഒരു പ്രതിഷേധം പോലീസിന് നിയന്ത്രിക്കണമെങ്കിൽ ഗുരുതരമായ പബ്ലിക് ഡിസോർഡർ ഉണ്ടാകാനോ, പ്രോപ്പർട്ടികൾ നശിപ്പിക്കാനോ, സാമൂഹ്യ ജീവിതത്തിന് ഗുരുതരമായ വിഘാതം സൃഷ്ടിക്കാനോ പ്രതിഷേധക്കാർ കാരണമായേക്കാം എന്ന് കാണിക്കേണ്ടതുണ്ട്.