Monday, 23 December 2024

നിർബന്ധിത പ്രീപേയ്‌മെന്റ് മീറ്റർ ഇൻസ്റ്റലേഷൻ നിർത്തലാക്കി ലണ്ടൻ കൗൺസിൽ

വിൻ്റർ സീസണിൽ പവർ സപ്ലൈ വിച്ഛേദിക്കപ്പെടുമെന്ന് ആശങ്കപ്പെട്ട ഇസ്ലിംഗ്ടണിലെ ഹാതർസേജ് കോർട്ടിലെ റെസിഡൻ്റ്സ് രോഷാകുലരായതിനെ തുടർന്ന് ലണ്ടനിലെ ഒരു കൗൺസിൽ നിർബന്ധിത പ്രീപേയ്‌മെന്റ് മീറ്ററുകൾ സ്ഥാപിക്കുന്നത് നിർത്തിവച്ചു. കമ്യൂണൽ ഹീറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ആളുകൾ, അവരുടെ വ്യക്തിപരമായ എനർജി ഉപയോഗത്തിനുള്ള തുക നൽകുന്നതിന് വേണ്ടി രാജ്യവ്യാപകമായ ഡ്രൈവിന്റെ ഭാഗമായാണ് പ്രീപേയ്‌മെന്റ് താരിഫുകളിലേക്ക് എനർജി ഉപഭോക്താക്കളെ മാറ്റുന്നത്. ജനുവരി 23 ന് പ്രീപേയ്‌മെന്റ് മീറ്ററുകളുടെ സ്വിച്ചിംഗ് നടക്കുന്നതിനാൽ എനർജി എക്സ്പെൻസസ് കുത്തനെ ഉയരുമെന്ന് 69 ഓളം ഫ്ലാറ്റുകളുള്ള ബ്ലോക്കിലെ താമസക്കാർ പരാതിപ്പെട്ടിരുന്നു. പ്രീപേയ്‌മെന്റ് മീറ്ററുകളുള്ള കുടുംബങ്ങൾ എനർജി ബില്ലിനായി കൂടുതൽ തുക ചിലവഴിക്കേണ്ടി വരാറുണ്ട്. കൂടാതെ ഹോൾസെയിൽ ഗ്യാസ് വില വർദ്ധിച്ചത് ആശങ്കയ്ക്ക് കാരണമായി. മീറ്ററുകൾ വഴി പ്രതിമാസം ബിൽ നൽകിയാൽ മതിയെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ഫണ്ട് കുറവാണെങ്കിൽ കണക്ഷൻ വിച്ഛേദിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഗ്യാസിനും ഇലക്ട്രിസിറ്റിയ്ക്കും മുൻകൂറായി പണം അടയ്ക്കേണ്ട അവസ്ഥയാണുള്ളത്.

നിലവിൽ പകുതിയോളം മീറ്ററുകളും സ്ഥാപിച്ചു കഴിഞ്ഞു. പരാതികൾ ഉയർന്നതിനെ തുടർന്ന്, ഇസ്ലിംഗ്ടൺ കൗൺസിൽ ക്ഷമാപണം നടത്തുകയും പദ്ധതി താൽക്കാലികമായി നിർത്തുകയും ചെയ്തു. താൽക്കാലികമായി നിർത്തുന്നത് വിവിധ ബില്ലിംഗ് ഓപ്ഷനുകളെ കുറിച്ച് റെസിഡൻസിന് ചർച്ച ചെയ്യാനുള്ള അവസരം നൽകുന്നതിനു വേണ്ടിയാണെന്ന് കൗൺസിൽ പറഞ്ഞു. പ്രീപേയ്‌മെന്റ് മീറ്ററുകളുടെ ഉപയോഗം വർദ്ധിച്ചതോടെ ഇലക്ട്രിസിറ്റി കണക്ഷൻ സ്ഥിരമായി കട്ടാകുന്നതും ടോപ്പ് അപ്പ് ചെയ്യാൻ കഴിയാത്തതുമായ കുടുംബങ്ങളെ കുറിച്ചുള്ള ആശങ്ക ഉന്നയിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നീക്കം.

Other News