Monday, 16 September 2024

എൻഎച്ച്എസ് നേരിടുന്ന സമ്മർദ്ദത്തെ കുറയ്ക്കാൻ ഡിജിറ്റൽ മിമിക്സ് ഉൾപ്പെടെ 16 പ്രോജക്ടുകൾ

വിൻ്റർ സീസണിൽ എൻഎച്ച്എസ് നേരിടുന്ന സമ്മർദ്ദത്തെ കുറയ്ക്കാൻ ഡിജിറ്റൽ മിമിക്സ് ഉൾപ്പെടെ 16 പ്രോജക്ടുകൾ ഹെൽത്ത് ഡാറ്റ റിസർച്ച് യുകെ (എച്ച്ഡിആർ) ആരംഭിച്ചിരിക്കുന്നു. ഡാറ്റാ അനാലിസിസ് മുതൽ മെഷീൻ ലേണിംഗ് വരെ ഒരു ഡസനിലധികം പ്രോജക്ടുകളാണ് മാർച്ച് അവസാനത്തോടെ പഠന റിപ്പോർട്ട് നൽകാൻ തയ്യാറെടുക്കുന്നത്. ഗവൺമെന്റുമായുള്ള ശമ്പള തർക്കത്തിന്റെ പശ്ചാത്തലത്തിൽ അസാധാരണമായ പ്രതിസന്ധിയിലൂടെയാണ്  എൻ‌എച്ച്‌എസ് നിലവിൽ കടന്നു പോകുന്നത്. ഈ പ്രതികൂലാവസ്ഥയെ നേരിടാൻ സഹായിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ രൂപകല്പന ചെയ്യുന്നതിന് വളരെ ചുരുങ്ങിയ സമയപരിധിയാണ് നൽകിയിരിക്കുന്നത്.

ജീവിതച്ചെലവ് കുത്തനെ ഉയർന്നതിനെ തുടർന്ന്  ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്താൻ ഗവേഷകർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗപ്പെടുത്തുകയാണ്. ധാരാളം ഫ്ലൂ, കോവിഡ് കേസുകൾ, പാൻഡെമിക് രൂക്ഷമാക്കിയ വലിയ ബാക്ക്ലോഗ്, ആംബുലൻസ് സർവീസ്, എമർജൻസി കെയർ, റൂട്ടീൻ ചെക്കപ്പ് എന്നിവയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് തുടങ്ങി ഹെൽത്ത് സർവീസ് നേരിടുന്ന പ്രധാന പ്രശ്നങ്ങളെ പരിഹരിക്കുന്നതിനാണ് ഈ പ്രോജക്ടുകൾ ലക്ഷ്യം വെച്ചിരിക്കുന്നത്. ഗവൺമെൻ്റ് 800,000 പൗണ്ട്  ധനസഹായം പ്രോജക്ടുകൾക്ക് വാഗ്ദാനം ചെയ്തു.

പല പ്രോജക്ടുകളും ടെക്നോളജി ഉപയോഗിച്ച് ഹോസ്പിറ്റൽ സ്റ്റാഫുകളുടെ സമ്മർദ്ദം ഒഴിവാക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ, മറ്റുള്ളവ എൻഎച്ച്എസ് നേരിടുന്ന പ്രശ്‌നങ്ങളുടെ മൂലകാരണങ്ങൾ പരിഹരിക്കാനും ശ്രമിക്കുന്നു. അത്തരത്തിലുള്ള ഒരു സംരംഭം, നിലവിലുള്ള ഡാറ്റായും എഐയും ഉപയോഗിച്ച് ആളുകളുടെ, പ്രത്യേകിച്ച് കുട്ടികളുടെ, ആരോഗ്യ നിലവാരം വീടുകളിൽ തന്നെ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളെ തേടുന്നു. തണുപ്പും ഈർപ്പവും മൂലം പൂപ്പൽ നിറഞ്ഞ വീടുകളിൽ താമസിക്കുന്നത് കുട്ടികളിൽ ചെസ്റ്റ് ഇൻഫെക്ഷൻ ഉണ്ടാകാനും കൗമാരക്കാരെ മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക്  നയിക്കാനും കാരണമാകുന്നു. വർദ്ധിച്ചുവരുന്ന എനർജി പ്രൈസ് ആളുകളെ ഹീറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും സ്ഥിഗതികൾ കൂടുതൽ വഷളാക്കുകയും ചെയ്യും എന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്നുള്ള ഡോ. മാർട്ടിൻ ചാപ്‌മാൻ പറഞ്ഞു.

ആരോഗ്യ പ്രവർത്തകർ, ഹോസ്പിറ്റൽ ലീഡേഴ്സ്, സൊസൈറ്റി ഓഫ് അക്യൂട്ട് മെഡിസിൻ എന്നിവരടങ്ങുന്ന മറ്റൊരു ടീമും മെഷീൻ ലേണിംഗ് ഉപയോഗിച്ച് ഒരേ ദിവസം എമർജൻസി കെയർ  ആവശ്യമുള്ള രോഗികളെ തിരിച്ചറിയുന്ന ഒരു മോഡൽ നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ്. ഇത് വഴി ബ്ലഡ് പ്രഷർ, മെഡിസിൻസ്, ബെഡ്‌സൈഡ് ടെസ്റ്റുകൾ തുടങ്ങിയ ഡാറ്റയെ അടിസ്ഥാനമാക്കി രോഗികളെ ഗ്രേഡ് ചെയ്യാൻ കഴിയും. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് നാല് മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കാൻ ഇത് ജീവനക്കാരെ സഹായിക്കും. പേഷ്യൻസ് കെയറിലുള്ള അസമത്വങ്ങൾ കുറയ്ക്കുന്നതിനും എമർജൻസി കെയറിലെ സമ്മർദ്ദം ഒഴിവാക്കുന്നതിനും ഇത് സഹായകരമാകുമെന്ന് പ്രോജക്ട് ലീഡ് പ്രൊഫസർ എലിസബത്ത് സപെ പറഞ്ഞു.

നിലവിലുള്ള ഡാറ്റ, റിസർച്ച് ടീമുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച്, ഈ പ്രോജക്റ്റുകൾക്ക് എൻഎച്ച്എസ് നേരിടുന്ന സമ്മർദ്ദങ്ങളെ മറികടക്കാൻ ഫലപ്രദമായ ഒരു മാർഗ്ഗം കണ്ടെത്താൻ കഴിയുമെന്നാണ് കരുതുന്നത്. മാർച്ചിൽ ഈ പഠനങ്ങളുടെ കണ്ടെത്തലുകൾ ലഭിച്ചുകഴിഞ്ഞാൽ, അവ വർഷാവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ.

Other News