Thursday, 07 November 2024

ബ്രിട്ടണിലെ ആയിരക്കണക്കിന് സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിൽ

ബ്രിട്ടണിലെ ആയിരക്കണക്കിന് സ്ഥാപനങ്ങൾ തകർച്ചയുടെ വക്കിലെന്ന് ഇൻസോൾവൻസി സ്ഥാപനമായ ബെഗ്ബിസ് ട്രെയ്‌നർ പറഞ്ഞു. കഴിഞ്ഞ വർഷം അവസാനത്തോടെ തകർച്ചയിലെത്തി നിൽക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം മൂന്നിലൊന്നിലും അധികമായാണ് കുതിച്ചുയർന്നത്. ദൈനംദിന ജീവിതച്ചെലവ് കുതിച്ചുയരുന്നതു മൂലമുള്ള പ്രതിസന്ധി കൂടുതൽ കമ്പനികളെ 2023- ൽ തകർത്തേക്കാം എന്ന ഭയം നിലവിലുണ്ട്. ചിലവുകൾ വർദ്ധിക്കുന്നതും, സ്ഥാപനങ്ങൾ കോവിഡ് വായ്പ തിരിച്ചടയ്ക്കൽ നേരിടേണ്ടി വരുന്നതും, അതോടൊപ്പം ഉപഭോക്താക്കളുടെ എണ്ണം കുറയുന്നതുമെല്ലാം ഈ ഭയത്തിന് ആക്കം കൂട്ടുന്നുണ്ട്. 

നിലവിലെ ഈ പ്രതിസന്ധി "ഒരിക്കലും അവസാനിക്കാത്ത ഒരു പേടിസ്വപ്നം" പോലെയാണ് അനുഭവപ്പെടുന്നതെന്നാണ് ബ്രൂവറി ക്ലൗഡ് വാട്ടർ ബ്രൂവിന്റെ സഹസ്ഥാപകൻ പോൾ ജോൺസ് അഭിപ്രായപ്പെട്ടത്. തങ്ങളുടെ സ്ഥാപനം തുടർന്നു കൊണ്ട് പോകാൻ സാധിക്കുമോയെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര പ്രശ്നങ്ങളും ബിസിനസിനെ മോശമായി ബാധിച്ചുവെന്നും ജോൺസ് പറഞ്ഞു. 2022 ലെ അവസാന മൂന്ന് മാസങ്ങളിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനികളുടെ എണ്ണം 36% വർദ്ധിച്ചതായി ബെഗ്ബിസ് ട്രെയ്‌നർ പറഞ്ഞു. കൗണ്ടി കോർട്ട് വിധികളിലോ അതിനെതിരായ ഹർജിയിലോ 5,000 പൗണ്ടിൽ കൂടുതൽ ഉണ്ടെങ്കിൽ ആ സ്ഥാപനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. 2021 നെ അപേക്ഷിച്ച് ഇതേ കാലയളവിൽ കമ്പനികൾക്കെതിരെയുള്ള കൗണ്ടി കോർട്ട് വിധികളുടെ എണ്ണം 52% വർദ്ധിച്ചു. കോവിഡ് കാരണം കോർട്ടിലുണ്ടായ ബാക്ക്ലോഗും ചില കമ്പനികൾ അടച്ചു പൂട്ടുന്നതിൽ കാല താമസം വരുത്തിയിരുന്നു. എന്നാൽ, പാൻഡെമിക്കിൽ നടപടി ആവാതിരുന്ന കേസുകൾ ഇപ്പോൾ തീർപ്പ് കൽപിക്കുന്നതു മൂലം പല സ്ഥാപനങ്ങളും തകർച്ചയുടെ വക്കിലാണ്.

ഇതുവരെയുണ്ടായിരുന്ന കുറഞ്ഞ പലിശനിരക്കും വായ്പകളും കമ്പനികളെ സഹായിച്ചിട്ടുണ്ടെന്ന് ബെഗ്ബിസ് ട്രെയ്‌നറിന്റെ പങ്കാളിയായ ജൂലി പാമർ പറഞ്ഞു. പാൻഡെമിക്കിൽ, കോവിഡ് വായ്പകളും ടാക്സ് അടയ്ക്കാൻ കൂടുതൽ സമയവും അനുവദിച്ച് ബിസിനസുകൾക്ക് വലിയ സപ്പോർട്ട് നൽകിയിരുന്നു. ഈ സപ്പോർട്ട് എല്ലാം ഏതാണ്ട് ഒന്നിച്ച് അവസാനിക്കുന്നത് ബിസിനസ്സ് രംഗം നേരിടാൻ പോകുന്ന വലിയ തിരിച്ചടി ആയിരിക്കും. ഇത്രയും വിഷമകരമായ ഒരു കാലഘട്ടത്തിൽ ബിസിനസ്സ് നടത്തുന്നത് പലർക്കും വലിയ വൈകാരിക പ്രശ്നങ്ങൾ ഉണ്ടാക്കിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. 

ബിസിനസിലുള്ള ആത്മവിശ്വാസം കുറഞ്ഞത് നിക്ഷേപങ്ങളും കുറച്ചു. ഇത് ആശങ്കാജനകമായ സ്ഥിതി വിശേഷമാണെന്നും ഭാവിയിലെ വളർച്ചയെ ബാധിക്കുമെന്നും നാറ്റ്‌വെസ്റ്റ് മേധാവി അലിസൺ റോസ് പറഞ്ഞു. എന്നിരുന്നാലും, ആഗോള പാൻഡെമിക്, പലിശനിരക്ക് വർദ്ധന, യൂറോപ്പിലെ ഒരു യുദ്ധം, വൻ വിലക്കയറ്റം എന്നീ കടുത്ത സമ്മർദ്ദങ്ങളിലും അവിശ്വസനീയമായ പ്രതിരോധമാണ് യുകെ ബിസിനസ് രംഗത്ത് കണ്ടെതെന്നും, അത് ശുഭാപ്തി വിശ്വാസം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. നിരവധി സ്റ്റാർട്ടപ്പുകളും ബാങ്കുകളും കസ്റ്റമേഴ്‌സിന് ശക്തമായ പിന്തുണയുമായി വരുന്നുണ്ട്.

Other News