മെഡിസിനുകളുടെ എണ്ണം കൂടുന്നത് പ്രായമായവരിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം
കൂടുതൽ മെഡിസിനുകൾ എടുക്കുന്ന പ്രായമായ രോഗികളിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് ഗവേഷകർ. പ്രായമായ രോഗികൾക്ക്, ജിപിമാർ പത്തോ അതിലധികമോ മെഡിസിനുകൾ നിർദ്ദേശിക്കുന്നത് വഴി അപകടസാധ്യത മൂന്നിരട്ടി വരെ വർദ്ധിക്കുന്നതായി ഗവേഷകർ വിലയിരുത്തി. ഫാമിലി ഡോക്ടറുടെ നിർദ്ദേശപ്രകാരം മെഡിസിൻസ് എടുക്കുന്ന പ്രായമായ സ്ത്രീകൾക്ക്, പുരുഷന്മാരെ അപേക്ഷിച്ച് അപകട സാധ്യത കൂടുതലാണ്. ജിപി നിർദ്ദേശിക്കുന്ന മെഡിസിൻസ് എടുക്കുന്ന പ്രായമായവരിൽ നാലിൽ ഒരാൾക്ക് എഡിആർ അഥവാ മെഡിസിൻസ് പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ അനുഭവപ്പെടുന്നുവെന്ന് ബ്രിട്ടീഷ് ജേണൽ ഓഫ് ജനറൽ പ്രാക്ടീസിൽ പ്രസിദ്ധീകരിച്ച ഗവേഷണം സൂചിപ്പിക്കുന്നു.
സാധാരണയായി എഡിആറുകളുമായിബന്ധപ്പെട്ടിരിക്കുന്ന മരുന്നുകളിൽ, ഉയർന്ന ബ്ലഡ് പ്രഷറും മറ്റ് ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മെഡിസിനുകളും ട്രമാഡോൾ പോലുള്ള ശക്തമായ വേദനസംഹാരികളും അമോക്സിസില്ലിൻ പോലുള്ള ആൻറിബയോട്ടിക്കുകളും ഉൾപ്പെടുന്നുവെന്ന് പഠനം പറയുന്നു. വരണ്ട വായ, കണങ്കാൽ വീക്കം, തലവേദന, ഓക്കാനം എന്നിവയാണ് പൊതുവായി കണ്ടു വരുന്ന ബുദ്ധിമുട്ടുകൾ.
സ്ത്രീകളിലും പുരുഷന്മാരിലും മെഡിസിനുകളുടെ പ്രതിഫലനം വ്യത്യസ്തമായിരിക്കും എന്നും പഠനത്തിൽ കണ്ടെത്തി. ഇത് ഗുണകരമായും ദോഷകരമായും ഭവിക്കാനുള്ള സാധ്യതയും തള്ളി കളയാനാവില്ല. കൂടാതെ നമ്മുടെ ശരീരം മരുന്നുകൾ പ്രോസസ്സ് ചെയ്യുന്ന രീതിയും വിഘടിപ്പിക്കുന്ന രീതിയും ലൈംഗികതയനുസരിച്ച് വ്യത്യാസപ്പെടാം. പുരുഷന്മാർക്കും സ്ത്രീകൾക്കും നിർദ്ദേശിക്കപ്പെടുന്ന മരുന്നുകളുടെ തരത്തിലും വ്യത്യാസമുണ്ടാകാം. അയർലണ്ടിലെ ഹെൽത്ത് റിസർച്ച് ബോർഡാണ് ഗവേഷണത്തിന് ധനസഹായം നൽകിയത്. പ്രായമായ രോഗികൾക്കുള്ള ഇത്തരം പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആദ്യത്തെ പഠനമാണിതെന്ന് കരുതുന്നതായി യൂണിവേഴ്‌സിറ്റി കോളേജ് കോർക്കിലെ ഗവേഷണത്തിൻ്റെ കോ-ഓഥറായ പ്രൊഫ. എമ്മ വാലസ് പറഞ്ഞു.