Monday, 23 December 2024

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം 16.7% ഉയർന്ന് റെക്കോർഡ് നിലയിൽ. വാർഷിക ഷോപ്പിംഗ് ബില്ലുകൾ ഈ വർഷം 788 പൗണ്ട് ഉയരുമെന്ന് പ്രവചനം

യുകെയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം 16.7% ഉയർന്ന് റെക്കോർഡ് രേഖപ്പെടുത്തി. സാമ്പത്തിക ഭദ്രത കുറഞ്ഞ കുടുംബങ്ങൾക്ക് വാർഷിക ഫുഡ് ഷോപ്പിംഗ് ബില്ലിൽ 788 പൗണ്ട് അധികമായി ചെലവഴിക്കേണ്ടി വരും. 2008-ൽ ഡാറ്റ അനലിറ്റിക്സ് കമ്പനിയായ കാന്താർ ഫുഡ് ഇൻഫ്ലേഷൻ  നിരീക്ഷിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. ജനുവരി 22 വരെയുള്ള നാലാഴ്‌ചയിൽ 2.3 ശതമാനം പോയിന്റ് കുതിച്ചുചാട്ടം ഉണ്ടായത് അമ്പരപ്പിച്ചെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു. ഡിസംബറിൽ കണ്ട 14.4 ശതമാനത്തേക്കാൾ കുത്തനെയുള്ള വർദ്ധനവാണ് രേഖപ്പെടുത്തിയത്.  ക്രിസ്മസിന് മുമ്പുള്ള ഉത്സവകാല ഡിസ്കൗണ്ടുകൾ വിലകയറ്റം പരിമിതപ്പെടുത്താൻ സഹായിച്ചു. ഉപഭോക്താക്കൾ ഷോപ്പിംഗ് ശീലങ്ങളിൽ മാറ്റം വരുത്തുകയും ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ വാർഷിക ഷോപ്പിംഗ് ബില്ലുകളിൽ 788 പൗണ്ട് അധികമായി നൽകേണ്ടിവരും.

ഉപഭോക്താക്കൾക്ക് പരമാവധി വില കുറച്ചു കൊടുക്കുന്നതിന് സപ്ലേയേഴ്സിൻ്റെ അടുത്ത് കർശനമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് റീട്ടെയിൽ മേധാവികൾ വെളിപ്പെടുത്തി. അന്യായമായ വിലവർദ്ധനവിലൂടെ ജീവിതച്ചെലവ് പ്രതിസന്ധിക്ക് സൂപ്പർമാർക്കറ്റുകൾ ആക്കം കൂട്ടുകയാണെന്ന് വ്യവസായ പ്രമുഖർ ആരോപിച്ചു. നിത്യോപയോഗ സാധനങ്ങൾക്ക് ചില സപ്ലേയേഴ്സ് അന്യായമായ വിലവർദ്ധനവ് നടത്തിയെന്ന് ടെസ്‌കോയുടെ ചെയർമാൻ ജോൺ അലനും മുൻപ് ആരോപണം ഉന്നയിച്ചിരുന്നു.

വിലക്കയറ്റത്തിനിടയിലും, ഉപഭോക്താക്കൾ പുതുവത്സര പ്രമേയങ്ങളും ഡ്രൈ ജനുവരിയോടുള്ള പ്രതിബദ്ധതയും കാത്തുസൂക്ഷിച്ചതായി വിലയിരുത്തി. ആൽക്കഹോൾ ഇല്ലാത്തതോ അൽക്കഹോളിൻ്റെ അളവ് കുറഞ്ഞതുമായ ബിയറിന്റെ വിൽപ്പന അളവ് മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം ഉയർന്നതായും റീട്ടെയിൽ അനലിസ്റ്റായ മിസ്റ്റർ ഫട്ടർ പറഞ്ഞു.

മൊത്തത്തിലുള്ള ടേക്ക് ഹോം ഗ്രോസറി വിൽപ്പന നാലാഴ്ച കാലയളവിൽ 5.7% ഉം ക്വാർട്ടറിൽ 7.6% ഉം ഉയർന്നു. ആൽഡി തുടർച്ചയായി നാലാം മാസവും അതിവേഗം വളരുന്ന ഗ്രോസറി വ്യാപാരിയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടായ വിൽപ്പനയിലും  26.9% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ വിപണിയുടെ 9.2% വും ആണ് ആൽഡി കൈവശം വയ്ക്കുന്നത് ലിഡലിന്റെ വിൽപ്പന 24.1% ഉയർന്ന് 7.1% വിപണി വിഹിതം നേടി. മൂന്ന് വലിയ പലചരക്ക് വ്യാപാരികളിൽ, സെയിൻസ്‌ബറിയുടെ വിൽപ്പന 6.1% ശതമാനം വർദ്ധിച്ചു, അസ്‌ഡയെയും ടെസ്‌കോയെയും അപേക്ഷിച്ച് 0.1% പോയിന്റ് കൂടുതലാണ്, ഇത് വിപണിയുടെ 15.4% നൽകി. 27.5% വിപണി വിഹിതവുമായി ടെസ്‌കോ ഏറ്റവും വലിയ ബ്രിട്ടീഷ് റീട്ടെയ്‌ലറായി തുടരുമ്പോൾ, അസ്‌ഡ കൈവശം വെച്ചിരിക്കുന്നത് 14.2% ആണ്.
 

Other News