Thursday, 07 November 2024

വൻ സാമ്പത്തിക ശക്തികളിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സമ്പദ്‌വ്യവസ്ഥ യുകെയുടേത് മാത്രമായിരിക്കുമെന്ന് ഐഎംഎഫ്

2023-ൽ യുകെ സമ്പദ്‌വ്യവസ്ഥ മോശം പ്രകടനമായിരിക്കും കാഴ്ച വെയ്ക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മുന്നറിയിപ്പ് നൽകി. യുകെയിലെ ജീവിതച്ചെലവ് പ്രതിസന്ധി തുടരുന്നതാണ് ഇതിന് പ്രധാന കാരണമെന്നും, റഷ്യ ഉൾപ്പെടെയുള്ള മറ്റ് വികസിത സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് മോശമായി യുകെ സമ്പദ്‌വ്യവസ്ഥ മാറുമെന്നും ഐഎംഎഫ് പറഞ്ഞു. ചെറിയ തോതിലുള്ള വളർച്ച രേഖപ്പെടുത്തുമെന്ന മുൻ പ്രവചനങ്ങൾക്കു പകരം സമ്പദ്‌വ്യവസ്ഥ 0.6% ചുരുങ്ങുമെന്ന് ഐഎംഎഫ് സൂചിപ്പിച്ചു. ഉയർന്ന എനർജി പ്രൈസ്, വർദ്ധിച്ചുവരുന്ന മോർട്ട്ഗേജ് ചെലവുകൾ, വർദ്ധിച്ച ടാക്സുകൾ, തുടർച്ചയായ തൊഴിലാളി ക്ഷാമം എന്നിവ മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളാണ് യുകെയുടെ സമ്പദ്‌വ്യവസ്ഥയെ മോശമാക്കുന്നതെന്നും ഐഎംഎഫ് വ്യക്തമാക്കി. മറ്റു വികസിത, വികസ്വര സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് മോശം പ്രകടനം കാഴ്ച വെയ്ക്കുന്ന ഏക രാജ്യം യുകെ ആയിരിക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. ഉപരോധം നേരിടുന്ന റഷ്യ പോലും ഈ വർഷം വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രവചനം.

കഴിഞ്ഞ വർഷം യുകെ ഇത്തരത്തിലുള്ള പല പ്രവചനങ്ങളെയും മറികടന്നതായി ചാൻസലർ ജെറമി ഹണ്ട് പ്രതികരിച്ചു. 4.1% വർദ്ധനവ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ യുകെ, യൂറോപ്പിലെ ഏറ്റവും ശക്തമായ വളർച്ച കാണിച്ച സമ്പദ് വ്യവസ്ഥ ആയിരുന്നെന്ന് ഐ‌എം‌എഫ് ചീഫ് ഇക്കണോമിസ്റ്റ് പിയറി-ഒലിവിയർ ഗൗറിഞ്ചാസ് പറഞ്ഞു.
2024-ൽ യുകെ സമ്പദ് വ്യവസ്ഥ 0.9% വളർച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ഐ‌എം‌എഫ് പറഞ്ഞു. സെപ്റ്റംബറിലെ മിനി ബജറ്റിന് ശേഷമാണ് യുകെയിലെ സാമ്പത്തിക അന്തരീക്ഷം കൂടുതൽ വഷളായതെന്നാണ് നിഗമനം. മാർച്ചിലെ സ്പ്രിംഗ് ബജറ്റിൽ നികുതിയിളവുകൾക്ക്  തീരെ സാധ്യതയില്ലെന്നും ഇൻഫ്ലേഷൻ നിരക്ക് കുറയ്ക്കുന്നതാണ് നിലവിലെ ഏറ്റവും മികച്ച നികുതി കുറയ്ക്കലെന്നും ജെറമി ഹണ്ട് പറഞ്ഞു. വർഷാവസാനത്തോടെ ഇൻഫ്ലേഷൻ പകുതിയായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രതിജ്ഞയെടുത്തു. ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി (ഒബിആർ) പ്രവചനം അനുസരിച്ച് ഇൻഫ്ലേഷൻ നിരക്ക്  ഈ വർഷാവസാനത്തോടെ 3.75% ആയി കുറയാനാണ് സാധ്യത. എനർജി പ്രൈസ് വർദ്ധനവിലെ മാന്ദ്യവും പാൻഡെമിക്കിന്  ശേഷമുള്ള വിതരണ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതുമാണ് പ്രതീക്ഷയ്ക്ക് വകയൊരുക്കുന്നത്.

യുകെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്ന പ്രവചനത്തോടൊപ്പം, യുഎസിൽ 1.4%, ജർമ്മനിയിൽ 0.1%, ഫ്രാൻസിൽ 0.7% എന്നിങ്ങനെ സാമ്പത്തിക വളർച്ചയും ഐഎംഎഫ് പ്രവചിച്ചു. ഇൻഫ്ലേഷൻ തടയാൻ സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് ഉയർത്തുന്ന പ്രവണതയും ഉക്രെയ്നിലെ യുദ്ധവും ലോകമെമ്പാടുമുള്ള സാമ്പത്തിക മേഖലയെ ഭാരപ്പെടുത്തുന്നത് തുടരുകയാണെന്നും ഐഎംഎഫ് സൂചിപ്പിച്ചു. എന്നാൽ കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് ചൈനയുടെ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നത് ആഗോളതലത്തിൽ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള ഉണർവിന് വഴിയൊരുക്കിയെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു.
 

Other News