Thursday, 21 November 2024

വാട്ടർ ബില്ലുകളിൽ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവ് ഏപ്രിൽ മുതൽ

ഏപ്രിൽ മുതൽ വാട്ടർ ബില്ലുകളിൽ 20 വർഷത്തിനിടയിലെ ഏറ്റവും വലിയ വർദ്ധന ഏപ്രിലിൽ നിലവിൽ വരും. 7.5% വർദ്ധനവാണ് ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ശരാശരി 31 പൗണ്ട് കൂടുതലായി ഉപഭോക്താക്കൾ നൽകേണ്ടി വരും. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഒരു ശരാശരി കുടുംബത്തിന്റെ വാർഷിക ബിൽ ഇതോടെ 448 പൗണ്ടിൽ എത്തുമെന്ന് ഇൻഡസ്ട്രി ബോഡിയായ വാട്ടർ യുകെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ അഞ്ചിൽ ഒരാൾ ബില്ല് അടയ്ക്കാൻ ബുദ്ധിമുട്ട് നേരിടുമ്പോൾ ഈ വർദ്ധനവ് ഇത്തരത്തിലുള്ള കുടുംബങ്ങളെ ഞെരുക്കുമെന്ന് കൺസ്യൂമർ ഗ്രൂപ്പുകൾ അഭിപ്രായപ്പെട്ടു. എന്നാൽ ഈ വർദ്ധനവ് ഇൻഫ്ലേഷൻ നിരക്കിലും താഴെയാണെന്ന് വാട്ടർ യുകെ പറഞ്ഞു. യുകെയിലെ ഇലക്ട്രിസിറ്റിയുടെ ഏകദേശം 2% വാട്ടർ കമ്പനികൾ ഉപയോഗിക്കുന്നതിനാൽ, എനർജി ബില്ലുകൾ കൂടിയ സാഹചര്യത്തിൽ സ്വാഭാവികമായി വാട്ടർ ബില്ലുകളും വർദ്ധിപ്പിക്കേണ്ടതായി വന്നുവെന്നും, ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാൾ ബില്ലുകൾ കുറവാണെന്നും വാട്ടർ യുകെ വാദിച്ചു. ഈ ഡിസംബറിൽ യുകെയിലെ വിലവർദ്ധന നിരക്ക് 10.5% ആയിരുന്നു.

വാട്ടർ കമ്പനികൾ ഇൻഫ്രാസ്ട്രക്ചറിൽ  ഇതിനകം തന്നെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും, മഴ മൂലം മലിനജലം ഒഴുകി ജലാശയങ്ങളിൽ എത്തുന്നത് തടയാനും ജലസംഭരണികളും നാഷണൽ വാട്ടർ ട്രാൻസ്ഫർ പദ്ധതികളും നിർമ്മിച്ച് ജലവിതരണം വർദ്ധിപ്പിക്കാനും 70 ബില്യൺ പൗണ്ട് കൂടി നിക്ഷേപിക്കുമെന്ന് വാട്ടർ യുകെ വ്യാഴാഴ്ച പറഞ്ഞു. വാട്ടർ ഇൻഡസ്ട്രി സ്വകാര്യവൽക്കരിക്കപ്പെട്ടതിനുശേഷം, സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 190 ബില്യൺ പൗണ്ടിലധികം നിലവിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ട്രേഡ് അസോസിയേഷൻ വ്യക്തമാക്കി. യുകെയിൽ വിലക്കയറ്റം ഉണ്ടാക്കിയ ആഘാതത്തെ തുടർന്ന് വാട്ടർ കമ്പനികൾ വാഗ്ദാനം ചെയ്തിരുന്ന സപ്പോർട്ട് 200 മില്യണിലധികം വർദ്ധിപ്പിച്ചു. ഇത് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് സഹായകമാകും. ഒരു ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിനകം തന്നെ വാട്ടർ ബില്ലുകൾക്കുള്ള സഹായം ലഭിക്കുന്നുണ്ട്, അത് 1.2 ദശലക്ഷമായി വർദ്ധിക്കും. ബില്ലുകളിലെ ശരാശരി വർദ്ധനവ് ആഴ്ചയിൽ ഏകദേശം 60 പെൻസാണെന്ന് വാട്ടർ യുകെയുടെ പോളിസി ഡയറക്ടർ സ്റ്റുവർട്ട് കോൾവില്ലെ പറഞ്ഞു. ബുദ്ധിമുട്ട് നേരിടുന്ന ആളുകൾക്ക് അവരുടെ വാട്ടർ കമ്പനിയുമായി ബന്ധപ്പെടുകയോ മറ്റു നിർദ്ദേശങ്ങൾക്കായി supportontap.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. വാട്ടർ കമ്പനികൾ ഒരിക്കലും കണക്ഷൻസ് കട്ടാക്കുകയോ പ്രീപേയ്‌മെന്റ് മീറ്റർ ഉപയോഗിക്കുകയോ ചെയ്യില്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സോഷ്യൽ താരിഫുകൾ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്ന് നാഷണൽ എനർജി ആക്ഷനിലെ (എൻഇഎ) വാട്ടർ പോവേർട്ടി കാമ്പെയ്‌നറായ ജെസ് കുക്ക് പറഞ്ഞു. നൽകുന്ന പണത്തെയും ലഭിക്കുന്ന സപ്പോർട്ടിനെയും നിലവിലെ പോസ്‌റ്റ് കോഡ് ലോട്ടറി പ്രകാരം താമസിക്കുന്ന പ്രദേശം ബാധിക്കും. താമസ സ്ഥലം പരിഗണിക്കാതെ തന്നെ, ആവശ്യമുള്ള എല്ലാവർക്കും കൂടുതൽ സുസ്ഥിരവും ആക്സസ് ചെയ്യാവുന്നതുമായ ഒരു സോഷ്യൽ താരിഫ് ഉൾപ്പെടുത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനേക്കാൾ കൂടുതൽ ലാഭം ഉണ്ടാക്കുന്നതിനാണ് വാട്ടർ കമ്പനികൾ മുൻഗണന നൽകുന്നതെന്ന് ലിബറൽ ഡെമോക്രാറ്റുകൾ ആരോപണം ഉന്നയിച്ചു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെയും വെയിൽസിലെയും നദികളിലേക്ക് വാട്ടർ കമ്പനികൾ അനധികൃതമായി മലിനജലം ഒഴുക്കുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. 2020-ൽ 400,000 തവണ നദികളിലേക്ക് മലിനജലം ഒഴുക്കിവിട്ടതായി കണ്ടെത്തിയിരുന്നു.

Other News