Thursday, 21 November 2024

എൻഎച്ച്എസ് സ്വകാര്യ മേഖലയിൽ നല്കിയത് 15 ബില്യൺ പൗണ്ടിന്റെ കോൺട്രാക്ടുകൾ.

Premier News Desk UK

ഡിസംബർ 12 നടക്കുന്ന ബ്രിട്ടീഷ് പാർലമെന്റ് ഇലക്ഷനിൽ നിർണായക വിഷയമായി എൻഎച്ച്എസ് മാറുന്നു. ലേബർ പാർട്ടിയും കൺസർവേറ്റീവ് പാർട്ടി ഹെൽത്ത് കെയർ സെക്ടറിലെ നിലവിലെ അവസ്ഥ മെച്ചപ്പെടുത്തുമെന്ന് മാനിഫെസ്റ്റോയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എൻഎച്ച്എസ് സ്വകാര്യ മേഖലയിൽ നല്കിയ15 ബില്യൺ പൗണ്ടിന്റെ കോൺട്രാക്ടുകളുടെ പേരിൽ ബോറിസ് ജോൺസണെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്. 2015 മുതൽ ഇത്രയും തുക സ്വകാര്യ മേഖലയിൽ നല്കിയത് തികച്ചും അനുചിതമാണെന്ന് ലേബർ പാർട്ടി പറയുന്നു.

ജിഎംബി ട്രേഡ് യൂണിയനു വേണ്ടി ടസൽ നടത്തിയ സർവേയിലാണ് സ്വകാര്യ മേഖലയിലേയ്ക്ക് നല്കപ്പെട്ട കോൺട്രാക്ടുകളുടെ വിവരം പുറത്തുവന്നത്. 2015 മുതൽ ഔട്ട്സോഴ്സ് ചെയ്ത 24 ബില്യൺ പൗണ്ടിന്റെ കോൺട്രാക്ടിൽ 14.7 ബില്യണും സ്വകാര്യ കമ്പനികളാണ് കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം 3.6 ബില്യൺ പൗണ്ടിന്റെ കോൺട്രാക്ടുകൾ സ്വകാര്യമേഖലയ്ക്ക് നല്കി എന്നും സർവേ വെളിപ്പെടുത്തുന്നു. 2019 ഇതുവരെ 3.3 ബില്യൺ പൗണ്ടിന്റെ കോൺട്രാക്ടുകൾ പ്രൈവറ്റ് സെക്ടറിൽ നല്കിക്കഴിഞ്ഞു.

നല്കിയതിൽ 17 കോൺട്രാക്ടുകൾ കെയർ യുകെ ക്ലിനിക്കൽ സർവീസസിനും 13 എണ്ണം വിർജിൻ കെയറിനുമാണ് ലഭിച്ചത്. ഏറ്റവും കൂടിയ തുകയുടെ സിംഗിൾ കോൺട്രാക്ട് ലഭിച്ചത് സിറോണ കെയർ ആൻഡ് ഹെൽത്തിനാണ്. എൻഎച്ച്എസിലെ മറ്റു ബോഡികളെയും ചാരിറ്റികളെയും ലോക്കൽ അതോറിറ്റികളെയും ഒഴിവാക്കിക്കൊണ്ട് സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്ന നയം ശരിയല്ലെന്ന കനത്ത വിമർശനമാണ് ഉയരുന്നത്.

Other News