Monday, 23 December 2024

2040-ഓടെ യുകെയിൽ വർഷം തോറും 500,000-ത്തിലധികം ആളുകൾക്ക് ക്യാൻസർ വരുമെന്ന് ക്യാൻസർ റിസർച്ച് യുകെ

2040-ഓടെ യുകെയിൽ വർഷം തോറും 500,000-ത്തിലധികം ആളുകൾക്ക് ക്യാൻസർ വരുമെന്ന് ക്യാൻസർ റിസർച്ച് യുകെയുടെ പുതിയ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ, പ്രതിവർഷം രോഗനിർണയം നടത്തുന്ന 384,000 കേസുകളിൽ നിന്ന് 2040- ഓടെ പുതിയ കേസുകളുടെ എണ്ണം ഓരോ വർഷവും  അര ദശലക്ഷത്തിലധികമാകും. അതായത്, യുകെയിൽ ക്യാൻസർ രോഗനിർണയം നടത്തുന്നവരുടെ എണ്ണം മൂന്നിലൊന്നായി ഉയരും. 2040 ഓടെ യുകെയിൽ ഓരോ വർഷവും 208,000 ക്യാൻസർ മരണങ്ങൾ ഉണ്ടാകുമെന്നും അതിൽ 76% മരണങ്ങളും 70 വയസും അതിൽ കൂടുതലുമുള്ളവരുമായിരിക്കുമെന്നും ക്യാൻസർ റിസർച്ച് യുകെയുടെ പഠനം  പറയുന്നു. അതായത്, നിലവിലുള്ള  167,000 ക്യാൻസർ മരണങ്ങളിൽ നിന്ന് ഏകദേശം നാലിലൊന്ന് വർദ്ധന.

ഗവൺമെൻ്റ് നടപടിയെടുക്കുന്നില്ലെങ്കിൽ വൻതോതിൽ ക്യാൻസർ രോഗനിർണ്ണയങ്ങൾ നടത്തേണ്ടി വരുന്നത്, വരും വർഷങ്ങളിൽ എൻഎച്ച്എസ് അഭിമുഖീകരിക്കാൻ പോകുന്ന വലിയ വെല്ലുവിളി ആയിരിക്കുമെന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നതെന്ന് ക്യാൻസർ റിസർച്ച് യുകെയുടെ ചീഫ് എക്‌സിക്യൂട്ടീവ് മിഷേൽ മിച്ചൽ അഭിപ്രായപ്പെട്ടു. ക്യാൻസർ രോഗികൾ ഇതിനകം തന്നെ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി നീണ്ട വെയ്റ്റിംഗ് ടൈം നേരിടുകയാണ്. ക്യാൻസർ രോഗികൾക്കുള്ള സേവനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരും വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ലോക ക്യാൻസർ ദിനത്തിൽ, ഇംഗ്ലണ്ടിൽ ക്യാൻസറിന്റെ അതിജീവനം മെച്ചപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ദീർഘകാലടിസ്ഥാനത്തിലുള്ള ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്തണമെന്നും മിച്ചൽ ആവശ്യപ്പെട്ടു. ക്യാൻസർ രോഗികൾക്ക് നല്ല പരിചരണവും ശ്രദ്ധയും കൊടുക്കുന്നതിന് ആവശ്യമായ ഒരു 10 വർഷത്തെ കാൻസർ പ്ലാൻ എൻഎച്ച്എസിന് അത്യന്താപേക്ഷിതമാണെന്നും അവർ പറഞ്ഞു. 

ജനസംഖ്യയുടെ ഭൂരിഭാഗവും വാർദ്ധക്യത്തിലേയ്ക്ക് കടക്കുന്ന ആളുകളാണ്. പ്രായമായ ആളുകൾക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെങ്കിലും അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങളും ക്യാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമാകുന്നതായി ചാരിറ്റി പറഞ്ഞു. നിലവിലെ 10 ക്യാൻസർ കേസുകളിൽ നാലെണ്ണവും പുകവലിയും അമിതഭാരവും പൊണ്ണത്തടിയും കാരണമാണ് ഉണ്ടാകുന്നത്, ഇവ തടയാവുന്നവയാണ്. 2023 നും 2040 നും ഇടയിൽ യുകെയിൽ 8.4 ദശലക്ഷം പുതിയ ക്യാൻസർ കേസുകളും 3.5 ദശലക്ഷം ക്യാൻസർ മരണങ്ങളും ഉണ്ടായേക്കാം. 60% കേസുകളും, കൂടാതെ 76% മരണങ്ങളും 70 വയസും അതിൽ കൂടുതലുമുള്ളവരിലായിരിക്കും എന്നും ക്യാൻസർ റിസർച്ച് യുകെ കൂട്ടിച്ചേർത്തു. ക്യാൻസർ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിന്, രോഗനിർണ്ണയം വേഗത്തിലാക്കുന്നതിനും ഫലപ്രദമായ ചികിത്സകളുടെ ഗവേഷണത്തിനും നവീകരണത്തിനും നിക്ഷേപം വേണമെന്നും, എൻഎച്ച്എസിലെ ക്രോണിക് സ്റ്റാഫുകളുടെയും ആവശ്യ ഉപകരണങ്ങളുടെയും ദൗർലഭ്യം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ചാരിറ്റി ആവശ്യപ്പെട്ടു. 2030-ഓടെ സ്‌മോക്ക്‌ഫ്രീ ഇംഗ്ലണ്ട് സൃഷ്ടിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള നടപടികളിൽ ബ്രിട്ടൺ പിന്നോക്കം പോയി. അതോടൊപ്പം തന്നെ ജങ്ക് ഫുഡ് വിപണന നിയന്ത്രണങ്ങളിലും  ഗവൺമെന്റ് പിന്നോട്ട് പോയിരിക്കുകയാണെന്നും ക്യാൻസർ റിസർച്ച് യുകെ വിമർശിച്ചു.

Other News