Wednesday, 22 January 2025

പ്രീ പേയ്‌മെന്റ് മീറ്ററുകൾ നിർബന്ധപൂർവ്വം ഇൻസ്റ്റാൾ ചെയ്യുന്നത് അവസാനിപ്പിക്കാൻ ഓഫ്‌ജെം ആവശ്യപ്പെട്ടു

പ്രീ പേയ്‌മെന്റ് മീറ്ററുകൾ നിർബന്ധപൂർവ്വം ഇൻസ്റ്റാൾ ചെയ്യുന്നത് താൽക്കാലികമായി നിർത്തിവെയ്ക്കാൻ ഇൻഡസ്ട്രി റെഗുലേറ്റർ ഓഫ്‌ജെം എനർജി കമ്പനികളോട് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് ഗ്യാസിന്റെ കളക്ഷൻ ഏജന്റുമാർ സ്പെഷ്യൽ കൺസേണിന് അർഹരായ ആളുകളുടെ വീടുകളിൽ മീറ്ററുകൾ ഇൻസ്റ്റാൾ ചെയ്യുന്നതായി ടൈംസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ വീടുകളിൽ കോർട്ട് വാറന്റുകൾ  ഉപയോഗിച്ച് പ്രവേശിക്കുന്നതിനെ കുറിച്ച് പുനർവിചിന്തനം ചെയ്യാൻ  ഓഫ്ജെം എല്ലാ വിതരണക്കാരോടും ആവശ്യപ്പെട്ടു. പ്രീ-പേയ്‌മെന്റ് മീറ്ററുകളുടെ ഇൻസ്റ്റലേഷൻ സംബന്ധിച്ച് പുനരവലോകനം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ഓഫ്ജെം സിഇഒ ജോനാഥൻ ബ്രെയർലി പറഞ്ഞു. സമ്പൂർണ നിരോധനം നടപ്പാക്കാൻ റെഗുലേറ്ററിന് അധികാരമില്ലെങ്കിലും, ആവശ്യമെങ്കിൽ അധികാര പരിധിയിലുള്ള ഏറ്റവും ശക്തമായ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിലെ നാല് ദശലക്ഷത്തിലധികം വീടുകളിലാണ് നിലവിൽ പ്രീ-പേയ്‌മെന്റ് മീറ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്. 

ബ്രിട്ടീഷ് ഗ്യാസിന് വേണ്ടി അർവാറ്റോ ഫിനാൻഷ്യൽ സൊല്യൂഷൻസിൽ പ്രവർത്തിക്കുന്ന ഏജന്റുമാർ സിംഗിൾ  പേരെൻ്റായ മൂന്ന് കുട്ടികളുടെ പിതാവിനെ പ്രീപേയ്‌മെന്റ് മീറ്റർ വീട്ടിൽ സ്ഥാപിക്കാൻ നിർബന്ധിച്ചവിധത്തെ കുറിച്ച് ടൈംസ് നടത്തിയ രഹസ്യാന്വേഷണതിൻ്റെ വിശദാംശങ്ങൾ പുറത്തു വിട്ടിരുന്നു. ഇത് പൂർണ്ണമായും അംഗീകരിക്കാനാവില്ലെന്നും, അർവാറ്റോ തങ്ങളെ നിരാശപ്പെടുത്തിയെന്നും, ഇതിൻ്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും ബ്രിട്ടീഷ് ഗ്യാസിന്റെ ഉടമസ്ഥതയിലുള്ള സെൻട്രിക്കയുടെ മേധാവി ക്രിസ് ഓഷെ ബിബിസിയുമായുള്ള അഭിമുഖത്തിൽ അറിയിച്ചു. സമൂഹത്തിലെ സ്പെഷ്യൽ കൺസേൺസ് ഏറ്റവും ആവശ്യമുള്ള ആളുകളോടുള്ള കോൺട്രാക്ടർമാരുടെ പെരുമാറ്റത്തെക്കുറിച്ച് വിതരണക്കാർ അറിയാത്തത് വളരെ ആശ്ചര്യകരമാണെന്ന് ബ്രെയർലി ആരോപിച്ചു. എന്നാൽ, ചില ഉപഭോക്താക്കളെ പ്രീപേയ്‌മെന്റ് മീറ്റർ ഉപയോഗിക്കുന്നതിന്  നിർബന്ധിക്കുന്നതിനെ അനുകൂലിക്കുന്നതായി ഓഫ്‌ജെം സിഇഒ 

ഈ ആഴ്ച ആദ്യം അഭിപ്രായം ഉന്നയിച്ചിരുന്നു. ബില്ലുകൾ അടയ്ക്കാൻ കഴിയുന്ന ഒരു കൂട്ടം ഉപഭോക്താക്കൾ ഉണ്ട്, അത്തരം കുടുംബങ്ങളെ പ്രീ-പേയ്‌മെന്റ് മീറ്റർ ഉപയോഗിക്കാൻ നിർബന്ധിക്കുന്നത് ന്വായമാണെന്നാണ് ചൊവ്വാഴ്ച അദ്ദേഹം എംപിമാരോട് പറഞ്ഞത്. വിൻ്റർ സീസൺ കഴിയുന്നതുവരെ പ്രീ-പേയ്‌മെന്റ് മീറ്ററുകൾ നിർബന്ധിതമായി സ്ഥാപിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ബ്രിട്ടീഷ് ഗ്യാസ് അറിയിച്ചു. പ്രീ-പേയ്‌മെന്റ് മീറ്ററുകൾ ഇൻസ്റ്റാൾ ചെയ്ത ഏകദേശം 1.5 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നും കഴിഞ്ഞ വർഷം വാറന്റോടെ ഏകദേശം 20,000 പ്രീ-പേയ്‌മെന്റ് ഇൻസ്റ്റാളുകൾ നടത്തിയിട്ടുണ്ടെന്നും ബ്രിട്ടീഷ് ഗ്യാസിന്റെ വക്താവ് പറഞ്ഞു. 7.26 ദശലക്ഷം ഉപഭോക്താക്കളുള്ള രാജ്യത്തെ ഏറ്റവും വലിയ എനർജി വിതരണക്കാരാണ് ബ്രിട്ടീഷ് ഗ്യാസ്. നിർബന്ധിതമായി പ്രീ-പേയ്‌മെന്റ് മീറ്ററുകൾ സ്ഥാപിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായും നടപ്പിലാക്കുന്ന രീതിയെ കുറിച്ച് അവലോകനം ചെയ്യുമെന്നും ബ്രിട്ടനിലെ രണ്ടാമത്തെ വലിയ എനർജി വിതരണക്കാരായ ഇഡിഎഫ് സ്ഥിരീകരിച്ചു. ഓവോ എനർജി നവംബറിൽ തങ്ങളുടെ വാറന്റ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. പ്രീ-പേയ്മെൻ്റ് മീറ്ററുകൾ ഇൻസ്റ്റാൾ ചെയ്യുന്നില്ലെന്നും അപൂർവ്വമായി മാത്രമേ ചെയ്തിട്ടുള്ളൂ എന്നും ഒക്ടോപസ് എനർജി അറിയിച്ചു. 

നിർബന്ധിതമായി പ്രീ-പേയ്മെൻ്റ് മീറ്ററുകൾ സ്ഥാപിക്കണോ വേണ്ടയോ എന്ന്  വിശദമായി പരിശോധന നടത്തുന്നത് നല്ലതായിരിക്കുമെന്ന് എനർജി പോവെർട്ടിയുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ അധ്യക്ഷയായ മുൻ ഷാഡോ എനർജി സെക്രട്ടറി കരോലിൻ ഫ്ലിൻ പറഞ്ഞു.

Other News