Wednesday, 22 January 2025

ഡിജിറ്റൽ പൗണ്ടിന് പിന്തുണയുമായി  ട്രഷറിയും ബാങ്ക് ഓഫ് ഇംഗ്ലണ്ടും

ഗവൺമെൻ്റ് പിന്തുണയുള്ള ഡിജിറ്റൽ പൗണ്ട് ഈ ദശകത്തിൻ്റെ അവസാനത്തോടെ ബ്രിട്ടൺ പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് ട്രഷറിയും ബാങ്ക് ഓഫ് ഇംഗ്ലണ്ടും അഭിപ്രായപ്പെട്ടു.  ഡിജിറ്റൽ യുഗത്തിൽ പൊതുജനങ്ങൾക്ക്  സുരക്ഷിതമായി പണമിടപാടുകൾ നടത്താനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്താൻ രണ്ട് സ്ഥാപനങ്ങളും ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തി. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിടിസി) പണമടയ്ക്കാനുള്ള പുതിയതും വിശ്വസനീയവും ആക്സസ് ചെയ്യാവുന്നതുമായ ഒരു മാർഗമാണെന്ന് ചാൻസലർ ജെറമി ഹണ്ട് പറഞ്ഞു. എന്നാൽ 2025 ന് ശേഷം മാത്രമേ ഡിജിറ്റൽ കറൻസി കൊണ്ടു വരാനുള്ള സാധ്യതയുള്ളൂ. സാധ്യമായത് എന്താണെന്ന് മനസ്സിലാക്കാനും സാമ്പത്തിക സ്ഥിരത സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും സമയം ആവശ്യമാണെന്ന് ജെറമി ഹണ്ട് സൂചിപ്പിച്ചു.

ട്രഷറിയും ബാങ്ക് ഓഫ് ഇംഗ്ലണ്ടും ചൊവ്വാഴ്ച ഡിജിറ്റൽ കറൻസിക്കായി ഒരു കൺസൾട്ടേഷൻ ഔദ്യോഗികമായി ആരംഭിക്കും. ക്രിപ്‌റ്റോകറൻസികൾക്ക് സെൻട്രൽ ബാങ്ക് ഒരു പിന്തുണയും നൽകുന്നില്ല. അതിനു പ്രാധാന കാരണം  ക്രിപ്‌റ്റോകറൻസികളുടെ മൂല്യം അതിവേഗം ഉയരുകയും താഴുകയും ചെയ്യുന്നതാണ്. ബിറ്റ്‌കോയിൻ, എതെറിയം തുടങ്ങിയ ക്രിപ്‌റ്റോകറൻസികൾക്ക് സമാനമായ ടെക്നോളജി ഉപയോഗിക്കാമെങ്കിലും, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തിറക്കുന്ന ഡിജിറ്റൽ പൗണ്ടിന് അസ്ഥിരത കുറവായിരിക്കണം. പത്ത് ഡിജിറ്റൽ പൗണ്ടുകൾക്ക് എല്ലായ്പ്പോഴും £10 മൂല്യം ഉണ്ടായിരിക്കണമെന്ന് ട്രഷറി പറയുന്നു.

ആളുകൾ അവരുടെ ഡെബിറ്റ് കാർഡുകളോ ഫോണുകളോ വാച്ചുകളോ പോലും ഒരേ ഫംഗ്‌ഷൻ നിറവേറ്റാൻ ഉപയോഗിക്കുന്നതിനാൽ, ഡിജിറ്റൽ പൗണ്ടിന്റെ ആവശ്യം നിലവിൽ കുറവാണ്. എന്നാൽ ഇതുവരെ നിലവിലില്ലാത്ത ഒരു പ്രശ്നത്തിനുള്ള പരിഹാരമായാണ് ഡിജിറ്റൽ പൗണ്ട് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. ഇത് സമീപ ഭാവിയിലേക്കാണ് നോക്കുന്നത്. ഫിനാൻസിലോ ടെക്നോളജിയിലോ അന്താരാഷ്ട്ര സ്വകാര്യമേഖലാ ബ്രാൻഡുകളെ ആളുകൾ കൂടുതൽ വിശ്വാസത്തിലെടുക്കുന്ന ഒരു സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. മറ്റുള്ളവർ സമയവും പണവും എപ്പോൾ, എവിടെ ചെലവഴിക്കുന്നു എന്നതിൻ്റെ ഡാറ്റ കൈവശമുള്ള കമ്പനികളുടെ ആസ്തി വളരെ കൂടുതലായിരിക്കും.

അനിയന്ത്രിതമായി ഡിജിറ്റൽ കറൻസികൾക്ക് പ്രോത്സാഹനം നൽകിയാൽ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നത് വളരെ പ്രയാസകരമായിരിക്കും. കാരണം ഒരു പൗണ്ടിന് എല്ലായിടത്തും £1 ൻ്റെ മൂല്യമായിരിക്കണം എന്ന് നിർബന്ധമില്ല. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോ ഗവൺമെൻ്റിനോ ഡിജിറ്റൽ പൗണ്ട് ഉപയോഗിച്ചുള്ള ഇടപാടുകളുടെ ഡാറ്റ ലഭ്യമാകില്ല. ഉപഭോക്താക്കൾക്ക് തങ്ങളുടെ പണം ഡിജിറ്റൽ വാലറ്റുകളിൽ സൂക്ഷിക്കാൻ ബാങ്കുകളെയോ, ദാതാക്കളെയോ തിരഞ്ഞെടുക്കാം.

ട്രഷറി ഈ നവീകരണ ആശയത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.   യു‌എസ്‌എയും യൂറോസോണും പോലുള്ള മറ്റ് വലിയ കൂട്ടായ്മകളും അവരുടെ ഡിജിറ്റൽ ഡോളറുകളും ഡിജിറ്റൽ യൂറോകളും അന്താരാഷ്ട്ര വിനിമയ മാർഗങ്ങളാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, ബിഗ് ടെക് കമ്പനികൾ ഉണ്ടാകാവുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് മേൽ  സാമ്പത്തിക പരമാധികാരം നിലനിർത്തുന്നതിനാണ് യുകെ ലക്ഷ്യം വെയ്ക്കുന്നത്.
 

Other News