ദൈവത്തെ വിശേഷിപ്പിക്കാൻ ലിംഗഭേദമില്ലാത്ത പദങ്ങൾ പരിഗണിക്കാൻ ചർച്ച് ഓഫ് ഇംഗ്ലണ്ട്
ദൈവത്തെ വിശേഷിപ്പിക്കാൻ ലിംഗഭേദമില്ലാത്ത പദങ്ങൾ പരിഗണിക്കാൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് പദ്ധതിയിടുന്നു. സഭയുടെ രണ്ട് സ്ഥാപനങ്ങൾ നടത്തുന്ന പുതിയ പദ്ധതി വരുന്ന സ്പ്രിംഗ് സീസണിലാവും ആരംഭിക്കുക. ആരാധനാ ക്രമത്തിൽ കൊണ്ടു വരുന്ന മാറ്റങ്ങളെല്ലാം പരമ്പരാഗത യഹൂദ, ക്രിസ്ത്യൻ പഠിപ്പിക്കലുകളിൽ നിന്നു വ്യത്യസ്തമാകുമെന്ന് ഇതിനകം തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഏത് മാറ്റവും സഭയുടെ ഇതുവരെയുള്ള പഠിപ്പിക്കലുകളെ തള്ളി പറയുന്നതിന് തുല്യമാണെന്ന് റവ. ഡോ. ഇയാൻ പോൾ പറഞ്ഞു. വേദഗ്രന്ഥങ്ങളിൽ അധിഷ്ഠിതമായ സഭയുടെ സിദ്ധാന്തത്തെ ആകമാനം പൊളിച്ചെഴുതുക എന്നാണ് ഇതിനർത്ഥമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, പതിറ്റാണ്ടുകളായി തന്നെ ദൈവത്തെ "അവൻ", "അവന്", "ഞങ്ങളുടെ പിതാവ്" എന്ന പുല്ലിംഗ വിശേഷണങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുന്നത് നിർത്താൻ ആഹ്വാനങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ 20 വർഷങ്ങളായി പുതിയ ഭാഷകൾ പര്യവേക്ഷണം ചെയ്യുന്നതിൽ താൽപ്പര്യം ഉയർന്നിട്ടുണ്ടെന്നും, എന്നാൽ നിലവിലെ അംഗീകൃത ആരാധനാക്രമങ്ങൾ നിർത്തലാക്കാനോ പൂർണ്ണമായി പരിഷ്കരിക്കാനോ പദ്ധതിയില്ലെന്നും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ വക്താവ് അറിയിച്ചു.
ലിംഗ-ഭേദമില്ലാത്ത പദങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പുരോഹിതന്മാർ ഉന്നയിച്ച ദൈവത്തെ "അവൻ" എന്ന് സംബോധന ചെയ്യുന്നത് നിർത്തണോ എന്ന് ചോദ്യത്തെ കുറിച്ച് ചർച്ച് ഓഫ് ഇംഗ്ലണ്ട് തീരുമാനത്തിൽ എത്തിയിട്ടില്ല. വർഷങ്ങളായി ക്രിസ്ത്യൻ വിശ്വാസം പിന്തുടരുന്നവർ ചർച്ച ചെയ്യുന്ന ഈ വിഷയം രണ്ട് കമ്മീഷനുകൾ സംയുക്തമായി ചേർന്ന് ഗവേഷണം ചെയ്യാനാണ് തീരുമാനം. ദൈവം പുരുഷനോ സ്ത്രീയോ അല്ലെന്ന് പുരാതന കാലം മുതൽ ക്രിസ്ത്യാനികൾ തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നിട്ടും ദൈവത്തെ അഭിസംബോധന ചെയ്യുന്നതിനും വിവരിക്കുന്നതിനുമുള്ള വിവിധ രീതികൾ ആരാധനയിൽ പ്രതിഫലിച്ചിട്ടില്ല. ഈ ചോദ്യങ്ങളുടെ സാധ്യതകൾ തിരയുന്നതിന് ഫെയ്ത്ത് ആൻഡ് ഓർഡർ കമ്മീഷനോട് അടുത്ത അഞ്ച് വർഷത്തേക്കുള്ള പതിവ് പ്രവർത്തന പരിപാടിയുടെ ഭാഗമായി ചേർന്ന് പ്രവർത്തിക്കാൻ ലിറ്റർജിക്കൽ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ പദ്ധതിക്ക് സഭയുടെ തീരുമാനങ്ങൾ എടുക്കുന്ന സമിതിയായ സിനഡിന്റെ അംഗീകാരം നേടേണ്ടതുണ്ട്. പദ്ധതി ഈ സ്പ്രിംഗ് സീസണിൽ ആരംഭിക്കുമെന്ന് ലിച്ച്‌ഫീൽഡ് ബിഷപ്പും സേവന രൂപങ്ങൾ തയ്യാറാക്കുന്ന ആരാധനാലയ കമ്മീഷൻ വൈസ് ചെയർമാനുമായ റവ. ഡോ. മൈക്കൽ ഇപ്‌ഗ്രേവ് പറഞ്ഞു. ഒരു മനുഷ്യൻ ആയിരിക്കുന്ന അതേ രീതിയിൽ ദൈവം ഒരു പിതാവല്ലെന്ന്, 2018-ൽ, കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി, ദൈവത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിവരണങ്ങളിൽ പരാമർശിക്കുകയുണ്ടായി. ദൈവം പുരുഷനോ സ്ത്രീയോ അല്ലായെന്നും, ദൈവത്തെ നിർവചിക്കാനാവില്ലെന്നും, പകരം, ദൈവം പരിപൂർണ്ണനും, നിരുപാധികം സ്നേഹിക്കുന്നവനും ആണെന്ന് ലണ്ടനിലെ സെന്റ് മാർട്ടിൻ-ഇൻ-ഫീൽഡ്സിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.