വിപ്ലവകരമായ 'ക്വാണ്ടം' കമ്പ്യൂട്ടറുകളുടെ നിർമ്മാണത്തിലേക്ക് ശാസ്ത്രം ഒരു പടി കൂടി അടുത്തു
വിപ്ലവകരമായ 'ക്വാണ്ടം' കമ്പ്യൂട്ടറുകളുടെ നിർമ്മാണത്തിലേക്ക് ശാസ്ത്രജ്ഞർ ഒരു പടി കൂടി അടുത്തതായാണ് ശാസ്ത്ര ലോകത്തിൻ്റെ പുതിയ വെളിപ്പെടുത്തൽ. ഇന്നത്തെ ഏറ്റവും നൂതനമായ സൂപ്പർ കമ്പ്യൂട്ടറുകളേക്കാൾ വളരെ ഫലപ്രദമായി മൾട്ടി-ടാസ്‌കിംഗ് നടത്താൻ 'ക്വാണ്ടം' കമ്പ്യൂട്ടറുകൾക്ക് കഴിയും. റെക്കോർഡ് വേഗതയിലും കൃത്യതയിലും കമ്പ്യൂട്ടർ ചിപ്പുകൾക്കിടയിൽ ക്വാണ്ടം വിവരങ്ങൾ കൈമാറുന്നതിൽ സസെക്സ് യൂണിവേഴ്സിറ്റി ടീം വിജയിച്ചു കഴിഞ്ഞു. ക്വാണ്ടം കമ്പ്യൂട്ടറുകൾ സബ്-ആറ്റോമിക് കണങ്ങളുടെ വിചിത്രമായ ഗുണങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. ക്വാണ്ടം കണങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഇവ ഒരേ സമയം രണ്ട് സ്ഥലങ്ങളിൽ ആയിരിക്കാം, ദശലക്ഷക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും വിചിത്രമായി അവ ബന്ധപ്പെട്ടിരിക്കുന്നു.
ഒരേ സമയം ഒന്നിലധികം കണക്കുകൂട്ടലുകൾ നടത്താൻ കഴിയുന്ന കമ്പ്യൂട്ടറുകൾ വികസിപ്പിക്കുന്നതിന് ഈ വിചിത്ര ഗുണം പ്രയോജനപ്പെടുത്താനാണ് ഗവേഷകർ ഒരുങ്ങുന്നത്.
കഴിഞ്ഞ 20 വർഷത്തിലേറെയായി ഫലപ്രദമായ ക്വാണ്ടം കമ്പ്യൂട്ടർ നിർമ്മിക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പ്യൂട്ടർ ശാസ്ത്രജ്ഞർ. ഗൂഗിൾ, ഐബിഎം, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ ലളിതമായ മെഷീനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ, സസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ വിൻഫ്രഡ് ഹെൻസിംഗറുടെ അഭിപ്രായത്തിൽ, ഇന്നത്തെ ഏറ്റവും മികച്ച കമ്പ്യൂട്ടറുകൾക്ക് സാധിക്കാത്ത സങ്കീർണ്ണമായ യഥാർത്ഥ ലോക പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുന്ന സംവിധാനങ്ങൾക്കാണ് പുതിയ വികസനം വഴിയൊരുക്കുന്നത്. വളരെ ലളിതമായ മൈക്രോചിപ്പുകളുള്ള ക്വാണ്ടം കമ്പ്യൂട്ടറുകളാണ് ഇപ്പോൾ നമുക്കുള്ളത്. വ്യവസായ മേഖലയ്ക്കും സമൂഹത്തിനും പ്രധാനപ്പെട്ടതും സങ്കീർണമായതുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള വളരെ നിർണായകമായ 'ക്വാണ്ടം കമ്പ്യൂട്ടറുകൾ' നിർമ്മിക്കാനുള്ള വാതിലാണ് തുറന്ന് കിട്ടിയിരിക്കുന്നതെന്നും പ്രൊഫ വിൻഫ്രഡ് പറഞ്ഞു.
റെക്കോർഡ് വേഗതയിൽ 99.999993% വിശ്വാസ്യതയോടെ ഒരു ചിപ്പിൽ നിന്ന് മറ്റൊന്നിലേക്ക് വിവരങ്ങൾ എത്തിക്കാൻ കഴിയുന്ന ഒരു സിസ്റ്റം വികസിപ്പിച്ചെടുക്കാൻ പ്രൊഫ ഹെൻസിംഗറുടെ ടീമിന് സാധിച്ചു. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന ജേർണലാണ് കമ്പ്യൂട്ടിങ് രംഗത്തെ വഴിത്തിരിവായ ഈ പരീക്ഷണഫലത്തെ കുറിച്ച് പ്രസിദ്ധീകരിച്ചത്. ടെക്നോളജിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള വെല്ലുവിളിക്ക് ടീം തയ്യാറാണെന്ന് സസെക്‌സ് പരീക്ഷണം നടത്തിയ പിഎച്ച്ഡി വിദ്യാർത്ഥിനി സഹ്‌റ കുൽമിയ അഭിപ്രായപ്പെട്ടു. ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ സാക്ഷാത്കാരത്തോട് എത്രത്തോളം അടുത്തിരിക്കുന്നുവെന്ന് പറയാൻ ശരിക്കും ബുദ്ധിമുട്ടാണ്, പക്ഷേ ഇത് ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രസക്തമാകുമെന്നതിനെ കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.
റോൾസ് റോയ്‌സിനായി ക്വാണ്ടം കമ്പ്യൂട്ടിംഗ് വികസിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന പ്രൊഫ. ലീ ലാപ്‌വർത്തിന്റെ അഭിപ്രായത്തിൽ, ഒരു ക്വാണ്ടം കമ്പ്യൂട്ടറിന് തത്ത്വത്തിൽ കൂടുതൽ കൃത്യതയോടെ വായുപ്രവാഹം ട്രാക്കുചെയ്യാനാകും, മാത്രമല്ല അത് വളരെ വേഗത്തിൽ ചെയ്യാനും കഴിയും.
എയർക്രാഫ്റ്റ് എഞ്ചിനുകളുടെ പുതിയ ഡിസൈനുകൾ രൂപകല്പന ചെയ്യുന്നതിന് ഇത് വളരെ സഹായകരമാകും. മാത്രവുമല്ല, ഇപ്പോൾ ചെയ്യാൻ കഴിയാത്തതും മാസങ്ങളോ വർഷങ്ങളോ എടുക്കുന്ന കണക്കുകൂട്ടലുകൾ ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് ചെയ്യാൻ കഴിയും. ദിവസങ്ങൾക്കുള്ളിൽ അത് ചെയ്യാനുള്ള സാധ്യത ഡിസൈൻ സിസ്റ്റങ്ങളെ രൂപാന്തരപ്പെടുത്താൻ സഹായിക്കും. മരുന്നുകളുടെ രാസപ്രവർത്തനങ്ങളെ കൃത്യമായി നിരീക്ഷിച്ച് കൂടുതൽ വേഗത്തിൽ രൂപകൽപന ചെയ്യുന്നതിനും ഈ ടെക്നോളജി ഉപയോഗപ്പെടുത്താം. കാലാവസ്ഥ പ്രവചിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പ്രവചിക്കുന്നതിനും കൂടുതൽ കൃത്യമായ സംവിധാനങ്ങൾ നൽകാനും ഇതുവഴി സാധിക്കും.