Monday, 23 December 2024

സെക്കൻഡറി സ്കൂളിലേയ്ക്ക് പ്രവേശനം തേടുന്ന 250,000 ത്തോളം കുട്ടികൾക്ക് ഇംഗ്ലീഷിലും മാത്സിലും അടിസ്ഥാന നിലവാരം ഇല്ലെന്ന് ഗവേഷണ റിപ്പോർട്ട്

സെക്കൻഡറി സ്കൂളിലേയ്ക്ക് പ്രവേശനം തേടുന്ന 250,000 ത്തോളം കുട്ടികൾക്ക് ഇംഗ്ലീഷിലും മാത്സിലും അടിസ്ഥാന നിലവാരം ഇല്ലെന്ന് സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് (സിഎസ്ജെ) തിങ്ക്ടാങ്കിലെ ഗവേഷകർ റിപ്പോർട്ട് ചെയ്തു. ഇംഗ്ലീഷിലും മാത്സിലും അടിസ്ഥാനമില്ലാതെയാണ് കാൽ ദശലക്ഷം കുട്ടികൾ സെക്കൻഡറി സ്കൂളിൽ പ്രവേശനം തേടിയത്. 11 വയസ്സിൽ ലഭ്യമാകേണ്ട നിർദ്ദിഷ്ട വിദ്യാഭ്യാസ നിലവാരത്തിൽ വിദ്യാർഥികളെ എത്തിക്കുക എന്ന ഗവൺമെൻ്റിൻ്റെ ലക്ഷ്യം, ഇംഗ്ലണ്ടിലെ 90% വിദ്യാർത്ഥികളിലും പരാജയപ്പെടുമെന്നാണ്  ഗവേഷണത്തിൽ കണ്ടെത്തിയത്. പ്രതിവർഷം 275,000 വിദ്യാർത്ഥികളാണ് പ്രൈമറി വിദ്യാഭ്യാസം ഉപേക്ഷിക്കുന്നത്. സെക്കൻഡറി സ്‌കൂളിൽ പ്രവേശിക്കുന്ന കുട്ടികളെ റീഡിംഗ്, റൈറ്റിങ്, മാത്സ് എന്നിവയിൽ പ്രതീക്ഷിച്ച നിലവാരത്തിലേയ്ക്ക് എത്തിക്കുക എന്നത് യാഥാർത്ഥ്യത്തിൽ നിന്ന് വളരെ ദൂരെയാണെന്ന് ഋഷി സുനക്ക് അഭിപ്രായപ്പെട്ടു. എന്നാൽ, 2030-ഓടെ സെക്കൻഡറി വിദ്യാഭ്യാസത്തിലേയ്ക്ക് കടക്കുന്ന 90% കുട്ടികളെയും ദേശീയ പാഠ്യപദ്ധതി നിലവാരത്തിൽ എത്തിക്കാനാണ് മിനിസ്റ്റേഴ്സ് ലക്ഷ്യം വെയ്ക്കുന്നത്.

2022-ൽ ഇംഗ്ലണ്ടിലെ ആറാം സ്റ്റാൻഡേർഡിലെ 41% വിദ്യാർത്ഥികളും ലാംഗ്വേജിലും മാത്സിലും പ്രതീക്ഷിച്ച നിലവാരം പുലർത്താതെ പ്രൈമറി സ്കൂൾ കടന്നുവെന്ന് ഗവേഷകർ പറഞ്ഞു; 2019 നെ അപേക്ഷിച്ച് 50,000 വിദ്യാർഥികൾ കൂടെ അധികം. പാൻഡെമിക്കിന്റെ ആഘാതവും ദീർഘകാലം ക്ലാസ് മുറികളിലെ പഠനം നഷ്ടമായതും, പാവപ്പെട്ട വീടുകളിൽ നിന്നുള്ള കുട്ടികളെ കൂടുതലായി ബാധിക്കുന്നു എന്ന ആശങ്കകൾക്കിടയിലാണ് ഈ പുതിയ റിപ്പോർട്ട്. വിദ്യാഭ്യാസ നേട്ടങ്ങളിൽ സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള അന്തരം കഴിഞ്ഞ ഒരു ദശാബ്ദമായി വളരെ രൂക്ഷമാണ്. പാൻഡെമിക്കിനെ തുടർന്ന് സ്പോക്കൺ സ്കിൽസും ലാംഗ്വേജ് സ്കിൽസും വികസിപ്പിക്കാത്തതിനാൽ, യുകെയിലുടനീളമുള്ള 1.5 ദശലക്ഷം കുട്ടികളിൽ സംസാരിക്കാനുള്ള കഴിവുകളും കുറഞ്ഞതായി സ്പീച്ച് ആൻഡ് കമ്മ്യൂണിക്കേഷൻ ചാരിറ്റി ഐ ക്യാൻ നടത്തിയ സമാനമായ സമീപകാല ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു.

എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ഗവൺമെൻ്റ് താൽപ്പര്യപ്പെടുന്നുണ്ടെങ്കിൽ വിദ്യാഭ്യാസ പരിഷ്കരണത്തിന് ഉചിതമായ പദ്ധതി രൂപപ്പെടുത്താനും തയ്യാറാവണമെന്ന് റിപ്പോർട്ട് റൈറ്റർ ആലീസ് വിൽകോക്ക് പറഞ്ഞു. വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും വലിയ അപവാദമാണ്, എല്ലാ വിദ്യാർത്ഥികളിലും അടിസ്ഥാനപരമായ കഴിവുകൾ വളർത്തി എടുക്കുന്നതിലുള്ള പരാജയം എന്ന് എക്സെറ്റർ യൂണിവേഴ്സിറ്റിയിലെ സോഷ്യൽ മൊബിലിറ്റി പ്രൊഫസർ ലീ എലിയറ്റ് മേജറും അഭിപ്രായപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തവും വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

പാൻഡെമിക് വിദ്യാർത്ഥികളുടെ പഠനത്തിൽ വലിയ സ്വാധീനം ചെലുത്തിയതിനാൽ 5 ബില്യൺ പൗണ്ടിന്റെ എജ്യുക്കേഷൻ റിക്കവറി പ്രോഗ്രാം വഴി ഏകദേശം മൂന്ന് ദശലക്ഷം ട്യൂട്ടറിംഗ് കോഴ്‌സുകൾ ലഭ്യമാക്കിയെന്ന് ഡിപ്പാർട്ട്മെൻ്റ് ഫോർ എജ്യുക്കേഷൻ വക്താവ് അറിയിച്ചു. 2030-ഓടെ പ്രൈമറി സ്‌കൂൾ വിടുന്ന 90% കുട്ടികളെയും റീഡിംഗ്, റൈറ്റിങ്, മാത്സ് എന്നിവയിൽ പ്രതീക്ഷിച്ച നിലവാരത്തിലേയ്ക്ക് എത്തിക്കുന്നതിന് ലിറ്ററസി- ന്യൂമെറസി പ്രോഗാമുകൾക്കായി കൂടുതൽ തുകയുടെ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Other News