Wednesday, 22 January 2025

നഴ്‌സുമാരും ആംബുലൻസ് ജീവനക്കാരും സമരം തുടരും. പ്രധാനമന്ത്രി ഇടപെടണമെന്ന് റോയൽ കോളജ് ഓഫ് നഴ്സിംഗ്

ഇംഗ്ലണ്ടിലെ നഴ്‌സുമാരും ആംബുലൻസ് ജീവനക്കാരും സമരം തുടരുമെന്ന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ പണിമുടക്ക് ഒഴിവാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ആർ‌സി‌എൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളനും യൂണിസണും  അഭ്യർത്ഥിച്ചു. ആയിരക്കണക്കിന് ആംബുലൻസ് ജീവനക്കാരാണ് പണിമുടക്ക് പിന്തുണച്ച് വോട്ട് ചെയ്തത്. പുതിയ സ്ട്രൈക്ക് 120 ഹോസ്പിറ്റലുകളെ സ്തംഭിപ്പിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ പറയുന്നത്. ഇത് ഇംഗ്ലണ്ടിലെ എൻഎച്ച്എസ് സർവീസുകളെ കാര്യമായി ബാധിക്കും. കുതിച്ചുയരുന്ന ഇൻഫ്ലേഷൻ നിലവിലെ സാലറിയുടെ മൂല്യത്തെ വെട്ടിക്കുറയ്ക്കുന്നത് തുടരുന്നതിനാൽ 120 ഹോസ്പിറ്റലുകളിൽ നിന്നായി പതിനായിരക്കണക്കിന് നഴ്‌സുമാരാണ് അടുത്ത മാസം 48 മണിക്കൂർ വാക്കൗട്ട് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതാദ്യമായി, ക്യാൻസർ വാർഡുകളിലും ഇൻ്റെൻസീവ് കെയർ, എമർജൻസി കെയർ വിഭാഗങ്ങളിലും ജോലി ചെയ്യുന്നവരും സമരത്തിൽ പങ്കെടുക്കും. കൂടാതെ, ആയിരക്കണക്കിന് ആംബുലൻസ് ജീവനക്കാർ ശമ്പളവും സ്റ്റാഫ് ഷോർട്ടേജും സംബന്ധിച്ച ദീർഘകാല തർക്കത്തെ തുടർന്ന് പണിമുടക്ക് ആവശ്യപ്പെട്ട് വോട്ട് ചെയ്തതായി ട്രേഡ് യൂണിയൻ യൂണിസൺ അറിയിച്ചു. പന്ത് ഇപ്പോൾ പ്രധാനമന്ത്രിയുടെ കോർട്ടിലാണെന്ന് യൂണിസണും റോയൽ കോളേജ് ഓഫ് നഴ്‌സിംഗും (ആർസിഎൻ) അഭിപ്രായപ്പെട്ടു.

എൻഎച്ച്എസിൽ വർധിച്ചുവരുന്ന പണിമുടക്കുകൾ കൈകാര്യം ചെയ്യുന്നതിന് നിസ്സംഗത പാലിക്കുന്ന പ്രധാനമന്ത്രിയുടെ തന്ത്രം ഉപേക്ഷിക്കണമെന്ന് യൂണിസണിന്റെ ജനറൽ സെക്രട്ടറി ക്രിസ്റ്റീന മക്കാനിയ പറഞ്ഞു. സ്കോട്ട്ലൻഡിലെയും വെയിൽസിലെയും അധികാരികൾ വെസ്റ്റ്മിൻസ്റ്ററിനേക്കാൾ കൂടുതൽ ചർച്ചകൾക്ക് സന്നദ്ധത കാണിക്കുന്നുണ്ടെന്നും അവർ തുറന്നടിച്ചു. ഡൗണിങ് സ്ട്രീറ്റിന് ഇംഗ്ലണ്ടിലുടനീളമുള്ള ആരോഗ്യ പ്രവർത്തകരോട് തണുത്ത സമീപനമാണുള്ളതെന്നും അവർ വിമർശിച്ചു. 12 ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് തങ്ങൾ അഭ്യർത്ഥിക്കുന്നതായി പാറ്റ് കുള്ളൻ പറഞ്ഞു. വർഷങ്ങളായി നിയമനം നടത്താത്ത നഴ്‌സിംഗ് ജോലികൾ ഒഴിവാക്കണമെന്നും ഇൻഫ്ലേഷനേക്കാൾ 5% ശമ്പള വർദ്ധന നൽകി നഴ്‌സുമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണമെന്നും പാറ്റ് കുള്ളൻ ആവശ്യപ്പെട്ടു. ഹെൽത്ത് കെയർ പ്രതിസന്ധിയിലാണെന്നും, അപകടസാധ്യതയും വെല്ലുവിളികളും കൂടുതലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

12,000 ജീവനക്കാരുടെ  പുനർ ബാലറ്റ് അർത്ഥമാക്കുന്നത് അവർ സഹപ്രവർത്തകരോടൊപ്പം പണിമുടക്കിന് തയ്യാറാണ് എന്നാണെന്ന് യൂണിസൺ പറഞ്ഞു. ആംബുലൻസ് സ്ട്രൈക്കുകൾ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും വ്യാപിച്ചു. വെയിറ്റിംഗ് ലിസ്റ്റുകൾ കുറയ്ക്കുന്നതിന് സമരം ഒത്തുതീർപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻഎച്ച്എസ് കോൺഫെഡറേഷന്റെ ചീഫ് എക്സിക്യൂട്ടീവും റിഷി സുനക്കിനോട് ആവശ്യപ്പെട്ടു.

Other News