Wednesday, 22 January 2025

ഇന്ത്യയിൽ നിന്ന് വിദേശത്തേയ്ക്ക് അയയ്ക്കുന്ന പണത്തിന് 20% നികുതി. നിർദ്ദേശം ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ഇന്ത്യയിൽ നിന്ന് വിദേശത്തേയ്ക്ക് അയയ്ക്കുന്ന പണത്തിന് 20% നികുതി ഏർപ്പെടുത്തും. കേന്ദ്ര ഗവൺമെൻ്റ് ബഡ്ജറ്റിലെ ഈ നിർദ്ദേശം ജൂലൈ 1, 2023 മുതൽ പ്രാബല്യത്തിൽ വരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിൻ്റെ ഭാഗമായിട്ടുള്ള ഈ പോളിസിയിൽ തുകകൾക്ക്  ത്രെഷോൾഡ് ലിമിറ്റ് ഉണ്ടാവില്ല. വിദേശത്ത് വീട് വാങ്ങിക്കുന്നത്, സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്മെൻ്റ്, വിദേശത്തുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പണമയയ്ക്കുന്നത്, ടൂർ പാക്കേജ് എന്നിവയടക്കമുള്ളവ ഇതിൻ്റെ പരിധിയിൽ വരും. ഏതു കുറഞ്ഞ തുകയ്ക്കും പുതിയ നികുതി ബാധകമാകും. വിദേശത്ത് വിദ്യാഭ്യാസം നടത്തുന്നതിനും മെഡിക്കൽ ട്രീറ്റ്മെൻ്റിനുമായി അയയ്ക്കുന്ന തുകയ്ക്ക് പുതിയ നികുതി നിർദ്ദേശം ബാധകമല്ല. ഇതിന് നിലവിലുള്ള നികുതിയിളവുകൾ തുടരും.

വിദേശത്തേയ്ക്ക് അയയ്ക്കുന്ന പണത്തിന് ടാക്സ് കളക്ടഡ് അറ്റ് സോഴ്സ് എന്ന നിർദ്ദേശം ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിൻ്റെ ഭാഗമായി 2020 ലാണ് ആദ്യമായി നടപ്പാക്കിയത്. ഇതനുസരിച്ച് 7 ലക്ഷം രൂപ വരെയും ടാക്സ് ഇളവോടെ  ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വർഷം വിദേശത്തേയ്ക്ക് അയയ്ക്കാൻ അനുമതി ഉണ്ടായിരുന്നു. ഇതിനു മുകളിലുള്ള തുകയ്ക്ക് അഞ്ച് ശതമാനം ടാക്സ് നല്കണമെന്നായിരുന്നു ഇതുവരെയുള്ള നിയമം.

പുതിയ കേന്ദ്ര ബഡ്ജറ്റ് പാർലമെൻ്റ് പാസാക്കുന്നതോടെ വിദേശത്തേയ്ക്ക് പണമയയ്ക്കുന്നതിനുള്ള പുതിയ നിരക്കുകൾക്ക് നിയമ പ്രാബല്യം ലഭ്യമാകും. ഇതനുസരിച്ച് വിദേശത്തേയ്ക്ക് അയയ്ക്കുന്ന വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾ ഒഴികെയുള്ള തുകകൾക്ക് 20% നികുതി നൽകണം. ഇങ്ങനെ നൽകുന്ന ടാക്സിൻ്റെ ഒരു ഭാഗം അർഹതയുള്ളവർക്ക് വാർഷിക ടാക്സ് റിട്ടേൺ നൽകുമ്പോൾ തിരിച്ചു കിട്ടാം. പാൻ കാർഡ് ഹാജരാക്കിയുള്ള പണമിടപാടുകൾക്ക് 20 ശതമാനവും പാൻ കാർഡില്ലാതെയുള്ളവയ്ക്ക് 40 ശതമാനവും തുക ടാക്സായി പിടിച്ചു വയ്ക്കും. വിദേശത്തേയ്ക്ക് പണമയയ്ക്കുന്ന സ്ഥാപനം ടാക്സ് തുക ഈടാക്കി സർക്കാരിന് കൈമാറണം. ബാങ്കിൽ നിന്നുള്ള വിദ്യാഭ്യാസ ലോൺ വിദേശത്തേയ്ക്ക് അയയ്ക്കുന്നതിന് തുടർന്നും 0.5 % ടാക്സ് നൽകണം.

ബ്രിട്ടൺ, ഓസ്ട്രേലിയ, ക്യാനഡ അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായും ജോലി തേടിയും എത്തുന്ന സാഹചര്യത്തിൽ പുതിയ നികുതി നിർദ്ദേശം അധിക സാമ്പത്തികഭാരത്തിന് ഇടയാക്കും. ഇവരുടെ ജീവിത ചിലവുകൾക്കും താമസത്തിനുമായി ഇന്ത്യയിൽ നിന്നയയ്ക്കുന്ന തുകകൾക്ക് അധിക നികുതി നിർദ്ദേശം ബാധകമാണ്. ബ്രിട്ടൺ അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറിയവർ ഇന്ത്യയിലെ സ്വത്തുക്കൾ വിറ്റ് വിദേശത്തേയ്ക്ക് പണമെത്തിച്ച് വീടുകൾ വാങ്ങാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ പുതിയ ടാക്സ് നിർദ്ദേശം തിരിച്ചടിയാകും.

വിദേശത്തേയ്ക്ക് പണമയയ്ക്കുമ്പോൾ ഈടാക്കുന്ന തുക ടാക്സ് ക്രെഡിറ്റായാണ് കണക്കാക്കുന്നത്. മുൻകൂർ ടാക്സ് അടച്ചതായി സർക്കാർ ഈ തുകയെ വകയിരുത്തുകയും സാമ്പത്തിക വർഷത്തിൻ്റെ അവസാനം ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോൾ അടയ്ക്കാനുള്ള നികുതി കണക്കാക്കി ബാക്കി വരുന്ന തുക തിരിച്ചു നൽകുകയും ചെയ്യും.
 

Other News