Tuesday, 09 July 2024

ഇന്ത്യയിൽ നിന്ന് വിദേശത്തേയ്ക്ക് അയയ്ക്കുന്ന പണത്തിന് 20% നികുതി... പ്രവാസികളുടെ അടഞ്ഞു കിടക്കുന്ന വീടുകൾക്ക് ടാക്സ്... കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികൾക്ക് ദോഷകരമായ ടാക്സ് നയം തിരുത്തണമെന്ന്  യുകെ പ്രവാസി കേരള കോൺഗ്രസ്‌ എം

പ്രവാസികൾക്ക് അധിക സാമ്പത്തിക ഭാരം വരുത്തുന്നതും വിദേശങ്ങളിലേയ്ക്ക് കുടിയേറുന്നവർക്ക് ആശങ്കയുളവാക്കുന്നതുമായ നയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ  തിരുത്തൽ വരുത്തണമെന്ന്  യുകെ പ്രവാസി കേരള കോൺഗ്രസ്‌ എം ആവശ്യപ്പെട്ടു.  ഇന്ത്യയിൽ നിന്ന് വിദേശത്തേയ്ക്ക് അയയ്ക്കുന്ന പണത്തിന് 20% നികുതി ഏർപ്പെടുത്തുന്ന  കേന്ദ്ര സർക്കാരിന്റെ  ജനവിരുദ്ധ നടപടിയും   പ്രവാസികളുടെ കേരളത്തിലെ അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധിക നികുതി ഈടാക്കാനുമുള്ള സംസ്ഥാന  സർക്കാരിന്റെ തീരുമാനങ്ങളും  ആയിരക്കണക്കിന് പ്രവാസികൾക്ക് ദോഷകരമാകുമെന്ന് യുകെ പ്രവാസി കേരള കോൺഗ്രസ്‌ എം നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിദേശ വരുമാനത്തിൽ നിർണായകമായ പങ്കുവഹിയ്ക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാകുന്ന നിർദ്ദേശങ്ങൾ പിൻവലിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. രാഷ്ട്രീയ തലത്തിലും  ജനപ്രതിധികളുടെ ഇടപെടൽ വഴി പാർലമെൻ്റിലും സംസ്ഥാന നിയമസഭയിലും ഇക്കാര്യം ഉന്നയിക്കുന്നതിനും അടിയന്തിര ഇടപെടൽ സർക്കാർ തലത്തിൽ സാധ്യമാക്കുകയും ചെയ്യുന്നതിനായി നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്‌ എം നേതൃത്വത്തോട് പാർട്ടിയുടെ യുകെ പ്രവാസി നാഷണൽ കമ്മിറ്റി അഭ്യർത്ഥിച്ചു.

ബ്രിട്ടണിൽ ജീവിതച്ചിലവ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് നൽകുന്ന സാമ്പത്തിക പിന്തുണയോടെയാണ് മിക്ക വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കുന്നത്. യുകെയിൽ വീടുകൾ വാങ്ങിയ്ക്കുന്നതിനുള്ള ഡിപ്പോസിറ്റ് തുകയ്ക്കായി നിരവധി പ്രവാസി കുടുംബങ്ങൾ ഇന്ത്യയിൽ നിന്നും പണമെത്തിക്കാറുണ്ട്. മെച്ചപ്പെട്ട ജോലിയ്ക്കായി പ്രവാസ ജീവിതത്തിന് തയ്യാറാകുന്ന മലയാളി കുടുംബങ്ങൾക്ക് ദോഷകരമായി ഭവിക്കാവുന്ന നിർദ്ദേശമാണ് അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധിക നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.

പുതിയ നയങ്ങളിൽ പ്രവാസികൾക്കുള്ള ആശങ്ക മനസിലാക്കി അനുകൂലമായ സമീപനം സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുകെ പ്രവാസി കേരള കോൺഗ്രസ്  എം  പ്രസിഡന്റ്  ഷൈമോൻ  തോട്ടുങ്കൽ,  ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ, നാഷണൽ  സെക്രട്ടറിമാരായ  സി.എ ജോസഫ്, ജിജോ അരയത്ത്, മാനുവൽ മാത്യു,  നാഷണൽ കമ്മിറ്റി  അംഗങ്ങളായ ബിനോയി  ജോസഫ്, റോബിൻ ചിറത്തലയ്ക്കൽ, ഫിലിപ്പ് പുത്തൻപുരയ്ക്കൽ, റോബർട്ട്  നോട്ടിങ്ഹാം, ഡാന്റോ പോൾ, ഷിന്റോജ്  ജോസഫ്, ജോർജ്  ജോസഫ്  മറ്റു   നാഷണൽ കമ്മിറ്റി  അംഗങ്ങൾ എന്നിവർ അഭിപ്രായപ്പെട്ടു.  പ്രവാസി കേരള കോൺഗ്രസ് യു കെ  ഘടകത്തിന്റെ  നേതൃത്വത്തിൽ ആഗോള  തലത്തിൽ  പ്രവാസി  കേരളാ കോൺഗ്രസ്  ഘടകങ്ങളെ  സംയോജിപ്പിച്ചുകൊണ്ട് കേരള കോൺഗ്രസിന്റെ  പാർട്ടി  ചെയർമാനും  രാജ്യസഭാംഗവുമായ  ജോസ്  കെ  മാണി , കോട്ടയം  പാർലമെന്റ്  അംഗം തോമസ് ചാഴികാടൻ,  ജലസേചന  വകുപ്പ്   മന്ത്രി  റോഷി  അഗസ്റ്റിൻ, മറ്റു  എം  എൽ  എ  മാർ, പാർട്ടി  ഭാരവാഹികൾ എന്നിവരെ വിഷയത്തിന്റെ  ഗൗരവം ബോധ്യപ്പെടുത്തി സർക്കാരുകളുടെ  ശ്രദ്ധയിൽ  ഈ വിഷയം  അടിയന്തിരമായി  ഉന്നയിച്ചു  പരിഹാരം  കാണുന്നതിനുള്ള  നടപടികൾ ഉണ്ടാകണമെന്ന്  നിവേദനം വഴിയും  നേരിട്ടും അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ  വിഷയത്തിന്റെ പ്രാധാന്യം   മനസ്സിലാക്കി അതിന്റെ  ഗൗരവം  ഉൾക്കൊണ്ടുകൊണ്ട്  തന്നെ പാർലമെന്റിൽ ഈ  വിഷയം ഉന്നയിക്കുമെന്ന്  എം  പിമാർ പ്രവാസി  കേരളാ  കോൺഗ്രസ് ഭാരവാഹികൾക്ക്   ഉറപ്പു നൽകി.

ഇന്ത്യയിൽ നിന്ന് വിദേശത്തേയ്ക്ക് അയയ്ക്കുന്ന പണത്തിന് 20% നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര ഗവൺമെൻ്റ് ബഡ്ജറ്റിലെ ഈ നിർദ്ദേശം ജൂലൈ 1, 2023 മുതൽ പ്രാബല്യത്തിൽ വരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിൻ്റെ ഭാഗമായിട്ടുള്ള ഈ പോളിസിയിൽ തുകകൾക്ക്  ത്രെഷോൾഡ് ലിമിറ്റ് ഉണ്ടാവില്ല. വിദേശത്ത് വീട് വാങ്ങിക്കുന്നത്, സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്മെൻ്റ്, വിദേശത്തുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പണമയയ്ക്കുന്നത്, ടൂർ പാക്കേജ് എന്നിവയടക്കമുള്ളവ ഇതിൻ്റെ പരിധിയിൽ വരും. ഏതു കുറഞ്ഞ തുകയ്ക്കും പുതിയ നികുതി ബാധകമാകും. പുതിയ കേന്ദ്ര ബഡ്ജറ്റ് പാർലമെൻ്റ് പാസാക്കുന്നതോടെ വിദേശത്തേയ്ക്ക് പണമയയ്ക്കുന്നതിനുള്ള പുതിയ നിരക്കുകൾക്ക് നിയമ പ്രാബല്യം ലഭ്യമാകും. ഇതനുസരിച്ച് വിദേശത്തേയ്ക്ക് അയയ്ക്കുന്ന വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്ക് ഒഴികെയുള്ള തുകകൾക്ക് 20% നികുതി നൽകണം. പാൻ കാർഡ് ഹാജരാക്കിയുള്ള പണമിടപാടുകൾക്ക് 20 ശതമാനവും പാൻ കാർഡില്ലാതെയുള്ളവയ്ക്ക് 40 ശതമാനവും തുക ടാക്സായി പിടിച്ചു വയ്ക്കും. ബാങ്കിൽ നിന്നുള്ള വിദ്യാഭ്യാസ ലോൺ വിദേശത്തേയ്ക്ക് അയയ്ക്കുന്നതിന് തുടർന്നും 0.5 % ടാക്സ് നൽകണം.

പ്രവാസികൾക്ക് അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന നയങ്ങളിൽ തിരുത്തലുകൾ ഉണ്ടാവണമെന്ന ആവശ്യം പ്രവാസി ഇന്ത്യാക്കാരുടെ ഇടയിൽ ശക്തമായിട്ടുണ്ട്.  പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും ശക്തമായ പ്രതികരണമുണ്ടായാൽ  സർക്കാരുകൾക്ക് ഈ ജനവിരുദ്ധ തീരുമാനത്തിൽ നിന്ന് പിന്തിരിയേണ്ട സാഹചര്യമുണ്ടാവുമെന്നും  പ്രവാസി കേരളാ കോൺഗ്രസ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു . 
 

Other News