Wednesday, 22 January 2025

ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹപ്രായം ഉയർത്തി; 16 ഉം 17 ഉം വയസ്സുള്ള യുവാക്കളുടെ വിവാഹത്തിന് നിയമപരമായ നിരോധനം

ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹപ്രായം ഉയർത്തി. പുതിയ നിയമം ചൈൽഡ് മാര്യേജ് ഐഡന്റിഫിക്കേഷനും റിപ്പോർട്ടിംഗും വർദ്ധിപ്പിക്കാനും ചൈൽഡ് മാര്യേജിന് നിർബന്ധിതരാക്കപ്പെടുന്ന  കുട്ടികൾക്ക് കൂടുതൽ സംരക്ഷണം നൽകാനും സഹായിക്കുമെന്ന് ഒരു ക്യാമ്പയിനർ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള 16 ഉം 17 ഉം വയസ്സുള്ള യുവാക്കളുടെ വിവാഹമാണ് നിയമപരമായി നിരോധിച്ചിരിക്കുന്നത്. മാര്യേജ് ആൻഡ് സിവിൽ പാർട്ണർഷിപ്പ് (മിനിമം ഏജ്) ആക്ട് പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികളെ ഏത് സാഹചര്യത്തിലും വിവാഹം കഴിക്കാനോ സിവിൽ പങ്കാളിത്തത്തിൽ ഏർപ്പെടാനോ  നിർബന്ധിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നത് ഇപ്പോൾ കുറ്റകരമാണ്. ബലപ്രയോഗം നടത്തിയാലും ഇല്ലെങ്കിലും അത് നിയമ ലംഘനം ആയി കണക്കാക്കും.

നിയമപരമായി ബന്ധമില്ലാത്തതും എന്നാൽ കക്ഷികളും അവരുടെ കുടുംബങ്ങളും ഇപ്പോഴും വിവാഹങ്ങളായി കരുതുന്ന പരമ്പരാഗത ചടങ്ങുകളും നിയമത്തിൻ്റെ പരിധിയിൽ പെടും. ശൈശവവിവാഹങ്ങൾ നടത്തിക്കൊടുത്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ആർക്കും ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ശൈശവ വിവാഹ കേസുകളിലെ കുറ്റവാളികൾ "നിയമത്തിന്റെ മുഴുവൻ ശക്തിയും" നേരിടുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

2021-ൽ, 18 വയസ്സിന് താഴെയുള്ള ഇരകൾ ഉൾപ്പെട്ട 118 കേസുകളിലാണ് ഗവൺമെൻ്റിൻ്റെ ഫോഴ്സ്ഡ് മാര്യേജ് യൂണിറ്റ് ഉപദേശമോ പിന്തുണയോ നൽകിയത്. നിർബന്ധിത വിവാഹം ആൺകുട്ടികളേക്കാൾ പെൺകുട്ടികളെ ബാധിക്കുമെന്ന് മിനിസ്ട്രി ഓഫ് ജസ്റ്റിസ് അറിയിച്ചു. 2018 ലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കണക്കുകൾ കാണിക്കുന്നത് 119 പെൺകുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ 18 വയസ്സിന് താഴെ വിവാഹിതരായ ആൺകുട്ടികളുടെ എണ്ണം 28 ആണ്. കഴിഞ്ഞ വർഷം, ദേശീയ ഹോണർ ബേസ്ഡ് അബ്യൂസ് ഹെൽപ്പ് ലൈൻ 64 ശൈശവ വിവാഹ കേസുകളെ പിന്തുണച്ചിരുന്നു, ഇത് വളരെ വലിയ പ്രശ്നത്തിന്റെ ഒരു ചെറിയ ചിത്രം മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്ന് ഗേൾസ് നോട്ട് ബ്രൈഡ്സ് കോയലിഷൻ അംഗമായ കർമ്മ നിർവാണ ചാരിറ്റി ഡയറക്ടർ നടാഷ റാട്ടു പറഞ്ഞു. 

രാജ്യത്ത് ശൈശവ വിവാഹം നിരോധിക്കുന്നതിന് അഞ്ച് വർഷത്തിലേറെയായി അക്ഷീണം പ്രയത്നിച്ച പ്രചാരകർക്ക് തിങ്കളാഴ്ച ഒരു സുപ്രധാന ദിനമാണെന്ന് 2021 ൽ പാർലമെന്റിൽ ബിൽ അവതരിപ്പിച്ച കൺസർവേറ്റീവ് എംപി പോളിൻ ലാതം പറഞ്ഞു. ശൈശവവിവാഹം ജീവിതങ്ങളെ നശിപ്പിക്കുന്നുവെന്നും, ഈ നിയമനിർമ്മാണത്തിലൂടെ വരും വർഷങ്ങളിൽ ദശലക്ഷക്കണക്കിന് ആൺകുട്ടികളെയും പെൺകുട്ടികളെയും ഈ വിപത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ചൈൽഡ് മാര്യേജ് ഇരകളെ പിന്തുണയ്ക്കുന്നതിനും സംരക്ഷിക്കുന്നതിനും പോലീസ്, സാമൂഹിക പ്രവർത്തകർ, മറ്റ് പ്രൊഫഷണലുകൾ എന്നിവർക്ക് സഹായകാരനായ പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗവൺമെൻ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് സുരക്ഷാ മന്ത്രി സാറാ ഡൈൻസ് പറഞ്ഞു.

Other News