Monday, 23 December 2024

യുകെയിൽ ഗ്രോസറി ഇൻഫ്ലേഷൻ 17.1% വർദ്ധിച്ച് പുതിയ റെക്കോർഡിലെത്തിയതായി കണക്കുകൾ 

ഏറ്റവും പുതിയ ഇൻഡസ്ട്രി ഡാറ്റയനുസരിച്ച് യുകെയിൽ ഗ്രോസറി ഇൻഫ്ലേഷൻ 17.1% വർദ്ധിച്ച് പുതിയ റെക്കോർഡ് സൃഷ്ടിച്ചു. സാലഡ് ക്ഷാമത്തിന്റെ ആഘാതം ഇതുവരെ ഡാറ്റയിൽ  ഉൾപ്പെടുത്തിയിട്ടില്ല. യുകെയിലെ പലചരക്ക് സാധനങ്ങളുടെ പണപ്പെരുപ്പം ഫെബ്രുവരിയിലാണ് വർധിച്ച് 17.1% എന്ന പുതിയ റെക്കോർഡിലെത്തിയത്. കഴിഞ്ഞ 12 മാസത്തിൽ ഗ്രോസറി സാധനങ്ങളുടെ വിലയിലുണ്ടായ വർദ്ധനവ് മൂലം, കുടുംബങ്ങൾക്ക് അവരുടെ സാധാരണ ഷോപ്പിംഗ് ബില്ലിൽ 811 പൗണ്ട് അധിക വാർഷിക വർദ്ധനവ് നേരിടേണ്ടി വന്നതായി കാന്തർ വേൾഡ് പാനൽ റിപ്പോർട്ട് ചെയ്തു.

കാന്താറിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മോറിസൺസ് ഒഴികെയുള്ള എല്ലാ പ്രധാന സ്റ്റോറുകളും ഫെബ്രുവരി 19 വരെയുള്ള 12 ആഴ്ചകളിൽ വിൽപ്പന വർധിപ്പിച്ചപ്പോൾ, ആൽഡി, ലിഡൽ, ഐസ്‌ലാൻഡ് എന്നിവ അവരുടെ ചെലവിൽ വിപണി വിഹിതം വളർത്തിയെടുത്തു. വിലകുറവിൽ സ്വന്തം-ലേബൽ പലചരക്ക് സാധനങ്ങളുമായി ആൽഡി ഈ കാലയളവിൽ 9.4% എന്ന റെക്കോർഡ് മാർക്കറ്റ് ഷെയർ നേടിയതായി കാന്തർ പറഞ്ഞു. ടെസ്‌കോ, സെയിൻസ്‌ബറിസ്, അസ്‌ഡ, മോറിസൺസ് തുടങ്ങിയ കമ്പനികൾ ജീവിതച്ചെലവിന്റെ വ്യാപകമായ പ്രതിസന്ധി ഉപഭോക്തൃ സ്വഭാവത്തിൽ ഉണ്ടാക്കാവുന്ന മാറ്റം കണക്കിലെടുത്ത് അവരുടെ മൂല്യം വാഗ്ദാനം ചെയ്തു. ഉക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനു ശേഷം കണ്ട എനർജി ബില്ലിലെ കുതിച്ചുചാട്ടം കാരണം ഭക്ഷണവും മറ്റ് ദൈനംദിന ഉൽപന്നങ്ങളുടെ വിലയും കൂടുതൽ ചെലവേറിയതായി മാറി. യുദ്ധത്തെ തുടർന്ന്, ഗോതമ്പ് പോലെയുള്ള പലചരക്ക് സാധനങ്ങളുടെ വിലകളും ഗണ്യമായി ഉയർന്നു.

പ്രധാന പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ കണ്ട 11.1% ഉയർന്ന നിരക്കിൽ നിന്ന് കുറഞ്ഞെങ്കിലും, ഭക്ഷണവും മറ്റ് പലചരക്ക് ചെലവുകളുടെയും വില വർദ്ധന കാരണമാണ് ഇപ്പോഴും 10% ന് മുകളിൽ തുടരുന്നത്. മാർമൈറ്റ്, മാഗ്നം ഐസ്ക്രീമുകൾ എന്നിവയുൾപ്പെടെ നിരവധി ദൈനംദിന ഉൽപ്പന്നങ്ങളുടെ പിന്നിലുള്ള ഉത്പാദകരായ യൂണിലിവർ, വിലവർദ്ധനവ് ഇനിയും അവസാനിച്ചിട്ടില്ലെന്ന്  മുന്നറിയിപ്പ് നൽകി. പൊതുമേഖലാ പണിമുടക്കുകൾക്കും കാലാവസ്ഥാ വ്യതിയാനത്തിനുമപ്പുറം ഭക്ഷണപാനീയങ്ങളുടെ വിലയിൽ മൂന്നിൽ രണ്ട് ആളുകളും ആശങ്കാകുലരാണെന്നാണ് ഏറ്റവും പുതിയ ഗവേഷണം സൂചിപ്പിക്കുന്നത്. എനർജി ബില്ല് ഉയർത്തിയതും, പലചരക്ക് വിലക്കയറ്റവുമാണ് പൊതുജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ രണ്ട് സാമ്പത്തിക പ്രശ്നങ്ങൾ.

 

Other News