യുകെയിലെ വീടുകളുടെ വാർഷിക വില 2012 ന് ശേഷമുള്ള ഏറ്റവും വേഗതയേറിയ നിരക്കിൽ കുറയുന്നതായി എൻടിസി ഡാറ്റ
യുകെയിലെ വീടുകളുടെ വാർഷിക വില 2012 ന് ശേഷമുള്ള ഏറ്റവും വേഗതയേറിയ നിരക്കിൽ കുറയുന്നതായി നേഷൻവൈഡ് ഡാറ്റ കളക്ഷൻ (എൻടിസി) റിപ്പോർട്ടുകൾ. പ്രതിവർഷം 1.1% വിലയിടിവ് എന്നത് പ്രതിനിധീകരിക്കുന്നത്, ആദ്യ കോവിഡ് ലോക്ക്ഡൗൺ കഴിഞ്ഞ് ഹൗസിംഗ് മാർക്കറ്റ് വീണ്ടും തുറന്ന 2020 ജൂണിന് ശേഷം വീടിന്റെ വിലയിലുണ്ടായ ആദ്യത്തെ വാർഷിക ഇടിവാണ്. വസ്തുവിന്റെ ശരാശരി വില £257,406 ആയി കുറഞ്ഞതായി എൻടിസി ഡാറ്റ റിപ്പോർട്ടിൽ പറയുന്നു; ഒരു മാസം മുമ്പുള്ളതിനേക്കാൾ ഏകദേശം £900 കുറവ്. ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ വീടുകളുടെ വില 0.5% ആണ് കുറഞ്ഞത്. യുകെയിലെ വീടുകളുടെ വില 2022 ഓഗസ്റ്റിൽ എത്തിയതിനേക്കാൾ 3.7% കുറവാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ ലിസ് ട്രസിന്റെ മിനി-ബഡ്ജറ്റ് കാരണമുണ്ടായ സാമ്പത്തിക വിപണിയിലെ പ്രക്ഷുബ്ധതയാണ് വീടുകളുടെ വിലക്കുറവിന് കാരണമായതെന്നാണ് നിഗമനം. പലിശനിരക്കും പണപ്പെരുപ്പവും ഉയർന്ന് കുടുംബ ബഡ്ജറ്റിനെ കാര്യമായി ബാധിച്ച സമയത്താണ് വീടിന്റെ വില ഇടിവും ഉണ്ടായിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി താരതമ്യേന ശക്തമായി തുടരാനാണ് സാധ്യതയെന്ന് നേഷൻവൈഡിന്റെ ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ പറഞ്ഞു.
സമീപ മാസങ്ങളിൽ മോർട്ട്ഗേജ് നിരക്കുകൾ സ്ഥിരത കൈവരിച്ചിട്ടുണ്ടെങ്കിലും, അവ 2021ൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കിനേക്കാൾ വളരെ മുകളിലാണ്, കൂടാതെ വരും മാസങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ഭാവിയിൽ വീട് വാങ്ങുന്നവർക്ക് കൂടുതൽ അനിശ്ചിതത്വം സൃഷ്ടിക്കും. നിലവിലെ സാഹചര്യത്തിൽ വീട് വിൽക്കാൻ ആഗ്രഹിക്കുന്നവർ യഥാർത്ഥ വിലയിൽ നിന്ന് ശരാശരി 14,000 പൗണ്ട് കുറയ്ക്കേണ്ടിവരുമെന്ന് അടുത്തിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തി. വീട് വാങ്ങാൻ ശ്രമിക്കുന്നവരുടെ എണ്ണം കുറവാണെന്നും വിൽപ്പനയ്‌ക്കായി ലിസ്‌റ്റ് ചെയ്‌ത വീടുകൾക്ക് ആവശ്യപ്പെടുന്ന വിലയിൽ 40%-ത്തിലധികം കുറവുണ്ടായതായും പ്രോപ്പർട്ടി വെബ്‌സൈറ്റ് സൂപ്ല കണ്ടെത്തി. എന്നാൽ, സമീപകാല ഭവന വില ഇടിഞ്ഞിട്ടും, ശരാശരി വരുമാനമുള്ള ഒരു സാധാരണ വീട് വാങ്ങാൻ നോക്കുന്നവർ ശരാശരിയേക്കാൾ ഉയർന്ന മോർട്ട്ഗേജ് തിരിച്ചടവ് നേരിടേണ്ടിവരുമെന്ന് നാഷണൽ വൈഡ് പറഞ്ഞു. യുകെയിലെ ഏറ്റവും വലിയ ഹോം ഡെവലപ്പർമാരായ പെർസിമോൺ, വരും വർഷത്തിൽ വിൽപ്പനയിൽ ഇടിവുണ്ടാകുമെന്ന് പ്രവചിക്കുകയും, ലാഭവിഹിതം 75% വെട്ടിക്കുറക്കുകയും ചെയ്തു. അതിനെ തുടർന്ന് ബുധനാഴ്ച രാവിലത്തെ ട്രേഡിൽ ഓഹരികൾ 9% ഇടിഞ്ഞു.